പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിന്റെ മുൻവൈരാഗ്യത്തിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ ചങ്ങലയ്ക്കിട്ട് ക്രൂരമായി പീഡിപ്പിച്ച സംഘത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾക്കായാണ് തിരച്ചിൽ.
കിളിമാനൂർ സ്വദേശി അനിൽകുമാർ, മകൻ അച്ചു എന്നിവരാണ് അക്രമത്തിന് ഇരയായത്. പ്രതികളിലൊരാൾക്ക് അനിൽകുമാറിന്റെ മകളെ വിവാഹം കഴിച്ചുനൽകാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സിനിമകളെ വെല്ലുന്ന ആസൂത്രണത്തോടെയാണ് പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തത്. അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയ സംഘം, നിർമാത്തിലിരിക്കുന്ന ഒരു വീടിനുള്ളിലെ ശബ്ദം പുറത്തുപോകാത്ത പ്രത്യേക മുറിയിലാണ് എത്തിച്ചത്. ഇവിടെ ചങ്ങലയിൽ ബന്ധിച്ച ശേഷം ഇരുമ്പ് വടികൊണ്ട് അനിൽകുമാറിന്റെ കൈ തല്ലിയൊടിച്ചു. തുടർന്ന് മകൻ അച്ചുവിനെയും ഇതേ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. പ്ലെയർ ഉപയോഗിച്ച് അച്ചുവിന്റെ കൈവിരലുകൾ അക്രമികൾ പരിക്കേൽപ്പിച്ചു.
അനിൽകുമാറിന്റെ ഭാര്യയെയും തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിട്ടിരുന്നെങ്കിലും, ഇതിനിടെ വിവരം ലഭിച്ച പോലീസ് കൃത്യമായി ഇടപെട്ടതോടെയാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്. മൊബൈൽ ടവർ ലൊക്കേഷനുകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് രക്ഷപെട്ട പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Tags : Abduction Kilimanoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash