രമേഷും ഹാസിനിയും (ഇടത്). കൊലനടത്തിയശേഷം കാമുകനും കൂട്ടുപ്രതിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഹാസിനി.
ലൈവ് ലൊക്കേഷൻ കാമുകനു കൈമാറി. വഴിയിലുടനീളം പിന്തുടർന്നു. പിഞ്ചുകുഞ്ഞിന്റെ മുന്നിൽവച്ചാണ് ക്രൂരകൃത്യം നടന്നതെന്ന് പോലീസ്.
ഹൈദരാബാദ്: അമാവാസി നാളിൽ ക്ഷേത്രദർശനത്തിനെന്ന വ്യാജേനയെത്തി കാമുകനൊപ്പം ചേർന്നു ഭർത്താവിനെ പിഞ്ചുകുഞ്ഞിനു മുന്നിലിട്ടു വെട്ടിക്കൊന്ന കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ ഹാസിനി (19), യുവതിയുടെ കാമുകനായ യുഗന്ധർ (20), ഒപ്പം കൊലപാതകത്തിൽ പങ്കാളികളായ മറ്റു രണ്ടുപേർ എന്നിവരെയാണ് ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.
ഹോസുരിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ രമേശും ശാന്തിപുരം സ്വദേശിനിയായ ഹാസിനിയും തമ്മിൽ രണ്ടു വർഷം മുൻപാണു വിവാഹിതരായത്. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. വിവാഹിതയായശേഷവും ഹാസിനി, യുഗന്ധറുമായുള്ള ബന്ധം തുടരുകയായിരുന്നു. രമേശ് തങ്ങളുടെ പ്രണയത്തിനു തടസമാകുമെന്നു കണ്ടതോടെയാണ് ഇരുവരും ചേർന്നു രമേശിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
ചൊവ്വാഴ്ച പൂജകൾക്കായി ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് ഹാസിനിയാണ് രമേശിനോട് ആവശ്യപ്പെട്ടത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹാസിനി ഫോണിലൂടെ തങ്ങളുടെ, ലൈവ് ലൊക്കേഷൻ യുഗന്ധറിന് അയച്ചുകൊടുത്തു. ഇതനുസരിച്ച് യുഗന്ധറും കൂട്ടാളികളും ഇവരെ കൃത്യമായി പിന്തുടർന്നു.
ക്ഷേത്രത്തിലേക്കുള്ള ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിനു സമീപമെത്തിയപ്പോൾ, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഹാസിനി തന്റെ ഹാൻഡ്ബാഗ് താഴേക്കിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ തക്കം നോക്കി കാട്ടിൽ ഒളിച്ചിരുന്ന യുഗന്ധറും സംഘവും മാരകായുധങ്ങളുമായി രമേശിനെ ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി രമേശ് അടുത്തുള്ള വനത്തിലേക്ക് ഓടിയെങ്കിലും നൂറു മീറ്ററോളം പിന്തുടർന്ന് സംഘം രമേശിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.
ക്ഷേത്രദർശനത്തിനുപോയ മകളെയും കൊച്ചുമകളെയും കാണാതായതിനെത്തുടർന്ന് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, മടങ്ങിവരുമ്പോൾ രമേശിന്റെ ബൈക്കിൽ മറ്റു രണ്ടു പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ ഹാസിനിയുടെ മൊബൈൽ ഫോണും ലൊക്കേഷനും പോലീസ് വിശദമായി പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹാസിനി കുറ്റം സമ്മതിക്കുകയും വനത്തിനുള്ളിൽനിന്ന് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Tags : Crime Police Investigation AndhraMurder Ramesh Hasini MurderCase