കനത്ത മഴയെ തുടര്‍ന്ന് മാറാടി കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ വന്‍ മണ്ണിടിച്ചില്‍
മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്.
14-ാം വാര്‍ഡില്‍ കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിന്‍ ചെരിവിലെ കളിമണ്ണും കൂറ്റന്‍ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന 'ജലബോംബുകള്‍' പോലെയാണ് പാറമടകള്‍ നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
പാറമടകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നാല്‍ സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : ExtremeWeather Flooding Mudslide Landslide Muvattupuzha