ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു തീരുമാനമെടുത്തതോടെ രൂപവും ഭാവവും മാറി പ്രതിപക്ഷ പ്രതിഷേധം. വോട്ടുകൊള്ള നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം അടിവരയിടുന്ന തരത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും രാജ്യ തലസ്ഥാനം സമരത്തീയിൽ ഉരുകിയത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിനു പിന്നാലെയാണ് മിന്നൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെയും പൊലിസിനെയും വട്ടം കറക്കിയത്.
◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം
കൊണാട്ട് പ്ലേസിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിലേക്ക് മൂന്നു ബസുകളിലായി പോകാനുള്ള പ്രതിപക്ഷ എംപിമാരുടെ നീക്കം പാതിവഴിയിൽവച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. പ്രവർത്തകരും പൊലിസും നടുറോഡിൽ ഏറ്റുമുട്ടി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കളെ പൊലിസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതോടെ ഡൽഹിയിലെ തിരക്കേറിയ മേഖലകളിൽ മണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി
രാഹുലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വാനിന്റെ ടയർ പാതിവഴിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതോടെ പൊലിസ് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് രാഹുലിനെ മാത്രമായി ബാരക്കമ്പ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഉൾപ്പടെയുള്ള നേതാക്കളെ പിന്നീട് വിട്ടയച്ചു.
പതിവു തെറ്റിച്ച് സ്വന്തം വസതിയിൽ നൽകേണ്ടിയിരുന്ന വിരുന്ന് തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്കു മാറ്റിയതോടെ സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സമരം ഏതു രീതിയിലായിരിക്കും എന്നതിനെപ്പറ്റി ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല.
◄നാടകീയ രംഗങ്ങൾ
ഉച്ചഭക്ഷണം കൊണാട്ട് പ്ലേസിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതിനു പിന്നാലെ വൻ പൊലിസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. നടക്കാൻ മാത്രം ദൂരമുള്ള സമര സിരാകേന്ദ്രമായ ജന്തർ മന്തറിലേക്ക് കൊണാട്ട് പ്ലേസിൽനിന്നുള്ള റോഡും പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഭക്ഷണത്തിനുശേഷം ജന്തർ മന്തർ ലക്ഷ്യമാക്കി മൂന്നു ബസുകളിലായാണ് എംപിമാർ പുറപ്പെട്ടത്. ആദ്യത്തെ ബസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
ബസുകൾക്കു മുന്നിൽ കേന്ദ്രസർക്കാരിനെതിരേയും തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും അണിചേർന്നു. ജന്തർ മന്തറിന് നൂറ് മീറ്ററോളം അകലെ എംപിമാരുടെ വാഹനം പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി.
പ്രവർത്തകരെ ബലമായി പൊലിസ് നീക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ ഗാന്ധി റോഡിലിറങ്ങി ജന്തർ മന്തറിലേക്കു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് അനുവദിച്ചില്ല. പിന്നാലെ പ്രിയങ്ക ഉൾപ്പടെ വനിതാ എംപിമാരും ബസിനു പുറത്തിറങ്ങി. പൊലിസ് നേതാക്കളെ ബലമായി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
രാഹുലിനെ പൊലിസ് വലിച്ചിഴച്ച് വാനിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെയും പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. എന്നാൽ, സമരപ്രദേശം പ്രവർത്തകരെക്കൊണ്ടു വളഞ്ഞതോടെ നേതാക്കളെ സ്റ്റേഷനിലേക്കു നീക്കാൻ പൊലിസ് ഏറെ പാടുപെട്ടു. ഇതിനിടെയാണ് രാഹുലിനെ കൊണ്ടുപോയ വാനിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയത്.
തൊട്ടടുത്ത് കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും സമരം നടന്ന സ്ഥലത്തേക്കു കാൽനടയായി എത്തി. രാഹുലിനെ കൊണ്ടുപോയ ബാരകമ്പ പൊലിസ് സ്റ്റേഷനിലും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശൻ ഉൾപ്പടെയുള്ളവരെ പൊലിസ് തടഞ്ഞു. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടത്.
◄ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പ്രതിഷേധം: രാഹുൽ
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തങ്ങളെ തടയുന്ന ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, മോഹൻ ഭാഗവത് എന്നിവരെ നിയമത്തി നുമുന്നിൽ കൊണ്ടുവരുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലിരുന്നു പകർത്തിയ വീഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
Tags : INDIAAlliance Protest Delhi SecondDay RahulGandhi PriyankaGandhi GyaneshKumar Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash