ഹോട്ടൽ സാഗർ രത്നയിൽ ഉച്ചഭക്ഷണത്തിനുശേഷം പുറത്തേക്കിറങ്ങുന്ന മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള നേതാക്കൾ.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ വീണ്ടും മിന്നൽ തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ ഇന്ത്യാസഖ്യം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആകാശവാണി ആസ്ഥാനത്തെ അപ്രതീക്ഷിത നീക്കങ്ങളാണു ചൊവ്വാഴ്ച പ്രതിഷേധം ആളിക്കത്തിച്ചതെങ്കിൽ ഡൽഹി ജൻപഥിലുള്ള "സാഗർ രത്ന' എന്ന ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ ഒത്തുകൂടി തന്ത്രങ്ങളൊരുക്കിയാണ് ഇന്നലെ ഇന്ത്യാ സഖ്യം എംപിമാർ ജന്തർ മന്തറിലേക്കുള്ള പ്രതിഷേധം ആരംഭിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം എംപിമാർ ചൊവ്വാഴ്ച പാർലമെന്റ് സമുച്ചയത്തിൽനിന്നു മാർച്ച് നടത്തിയിരുന്നെങ്കിലും എംപിമാരോട് ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടതിൽനിന്നുതന്നെ പ്രതിഷേധം വരുംദിവസങ്ങളിലും തുടരുമെന്നുള്ള സൂചന ലഭിച്ചിരുന്നു.
സഖ്യത്തിലെ എംപിമാർക്കായി ഇന്നലെ തലസ്ഥാനത്തിന്റെ നടുവിലായിത്തന്നെയുള്ള ജൻപഥ് കൊണാട്ട് സർക്കിളിലെ "സാഗർ രത്ന' റസ്റ്ററന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിൽനിന്നുതന്നെ ഒരു സാധാരണ വിരുന്നിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള സത്കാരമാണിതെന്ന് പൊലിസ് മനസിലാക്കിയിരുന്നു.
തുടർന്ന് റസ്റ്ററന്റിനു മുന്നിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയെങ്കിലും പ്രതിപക്ഷത്തിന്റെ "ഉള്ളിലിരുപ്പ് ' എന്താണെന്നു മനസിലാക്കാൻ പൊലിസിനായില്ല.
റസ്റ്ററന്റിനു മുന്നിലേക്ക് പെട്ടെന്ന് മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂടി എത്തിയതോടെ പ്രതിഷേധം വീണ്ടും തെരുവിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി. എന്നാൽ എംപിമാരുമായി ബസ് എങ്ങോട്ടാണു പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കി.
ഒടുവിൽ ബസുകൾ ജന്തർ മന്തർ ലക്ഷ്യമാക്കിയാണു നീങ്ങുന്നതെന്ന് മനസിലായതോടെ, പൊലിസ് പ്രധാന പാതയിൽ വഴി തടസപ്പെടുത്തുകയും ജന്തർ മന്തറിന് ഒരു കിലോമീറ്റർ മുന്പ് ബാരിക്കേഡുകൾ ഉയർത്തി എംപിമാരെ തടയുകയുമായിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും എതിരേ എഫ്ഐആർ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ആകാശവാണി ഭവൻ ആസ്ഥാനത്തു നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമെതിരേ ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തിലാണു കേസ്. രാഹുലും പ്രിയങ്കയും എംപിമാരും ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
Tags : RestaurantDiplomacy INDIAAlliance Streets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RahulGandhi