എസി മുറിയിൽ മൂട്ടകടി
കാസർഗോഡ്: ഹോട്ടലിലെ എസി മുറിയിൽ താമസിച്ച കുടുംബത്തിനു മൂട്ടകടിയേറ്റ സംഭവത്തിൽ 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കയ്യൂർ സ്വദേശി വാസുദേവ കോണൂരായർ സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരത്തെ രൂപ്മഹൽ ഹോട്ടലിനു പിഴ വിധിച്ചത്.
കേസ് തിരുവനന്തപുരം ഉപഭോക്തൃ കമ്മീഷനിലേക്ക് മാറ്റണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. കമ്മീഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ, അംഗം കെ.ജി. ബീന എന്നിവരടങ്ങിയ ബെഞ്ചാണു വിധി പുറപ്പെടുവിച്ചത്.
പദ്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ കല്യാണം കൂടാനുമായി 2024 ഓഗസ്റ്റ് 26നാണ് വാസുദേവയും കുടുംബവും തിരുവനന്തപുരത്തെത്തി ഹോട്ടലിൽ മുറിയെടുത്തത്. വാസുദേവയുടെ മകൾ ആശയുടെ പേരിലാണു നാലു കിടക്കകളുള്ള എസി മുറി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. ഇതിനായി 3,500 രൂപ ഗൂഗിൾ പേ വഴി അടച്ചിരുന്നു.
ജില്ലയിൽനിന്നു ദീർഘദൂരം യാത്രചെയ്ത് തിരുവനന്തപുരത്തെത്തിയ കുടുംബത്തിനു കിടക്കകളിലെ മൂട്ടകാരണം ഉറങ്ങാൻപോലും കഴിഞ്ഞില്ലെന്ന് പരാതിയിൽ പറഞ്ഞു. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾക്കു ശരീരത്തിൽ കടുത്ത ചൊറിച്ചിലും ചുവന്നു തടിച്ച പാടുകളും ഉണ്ടായി. ഇക്കാര്യം ഹോട്ടലിലെ റിസപ്ഷനിൽ അറിയിച്ചപ്പോൾ കൊതുക് കടിച്ചതാകാമെന്ന നിരുത്തരവാദപരമായ മറുപടിയാണു ലഭിച്ചതെന്നും പരാതിയിൽ പറഞ്ഞു.
തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂട്ടയുടെ കടിയേറ്റതിന്റെ ലക്ഷണങ്ങളാണ് ഇവരിലുള്ളതെന്ന് ഇവരെ പരിശോധിച്ച ഡോ. മഹേഷ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. തിരികെ നാട്ടിലെത്തിയതിനു ശേഷമാണ് ഇവർ കാഞ്ഞങ്ങാട്ടെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേന ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.
പരാതിക്കാരൻ ഹാജരാക്കിയ മെഡിക്കൽ കാർഡ്, ലാബ് പരിശോധനാ റിപ്പോർട്ടുകൾ, മരുന്നുകളുടെ ബില്ലുകൾ എന്നിവ കേസിലെ നിർണായക തെളിവുകളായി കമ്മീഷൻ അംഗീകരിച്ചു. പണം വാങ്ങി താമസസൗകര്യം നൽകുന്ന സ്ഥാപനമെന്ന നിലയിൽ ഉപഭോക്താവിന് വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടത് ഹോട്ടൽ മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ വിലയിരുത്തി.
Tags : Deepika DeepikaNewspaper BreakingNews Bedbug bites in AC room