പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയെ 2047ഓടെ വികസിതരാജ്യമാക്കാൻ പുതിയ മുദ്രാവാക്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 വർഷത്തിനുശേഷം ഇന്ത്യ വികസിതമാകുമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ‘വീ വിൽ ഡു ഇറ്റ്’ എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി രാജ്യത്തിനുമുന്നിൽ നൽകിയിരിക്കുന്നത്.
പൊതുസേവനരംഗത്തു താൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ദീർഘവീക്ഷണമുള്ള നയങ്ങളിലൂടെയും നിരന്തരമായ കഠിനാധ്വാനത്തിലൂടെയും വികസിതഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിനു സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആത്മനിർഭരതയിൽ (സ്വയംപര്യാപ്തത) ഊന്നി വികസിതരാജ്യമായി മാറുന്നതിനൊപ്പം, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതും സ്വന്തമായി ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ അയയ്ക്കുന്നതും അടക്കമുള്ള നേട്ടങ്ങൾ രാജ്യത്തിന്റെ ലക്ഷ്യങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇസ്രയേലിലേക്കുള്ള വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം സമയോചിതമായി തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിച്ചു.
“ഇന്ന് ലോകം ഒരു ഇന്ത്യൻ പൈലറ്റിന്റെ ധീരതയെക്കുറിച്ചാണു സംസാരിക്കുന്നത്. എന്നാൽ ഭാവിയിൽ ‘മേഡ് ഇൻ ഇന്ത്യ’വിമാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്ന ഒരു കാലം വരും.’’- മോദി കൂട്ടിച്ചേർത്തു.
Tags : PrimeMinister NarendraModi Slogan DevelopedNation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash WeWillDoIt