ഹൂതികളുടെ സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്ന വൃദ്ധൻ.
സനാ: യെമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം.
സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏദൻ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെന്ന ഹൂതി അവകാശവാദം സ്ഥിരീകരിക്കാൻ സൗദി തയാറായിട്ടില്ല. അതേസമയം, ഹൂതികൾ തൊടുത്ത മിസൈൽ റിയാദിന് വടക്കുവച്ച് വെടിവച്ചിട്ടതായി സൗദി വൃത്തങ്ങൾ അറിയിച്ചു.
ഏദനിൽ ചരക്കുവിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ ശേഷിക്കേ റൺവേയിൽ ബാലിസ്റ്റിക് മിസൈൽ പതിക്കുകയായിരുന്നു. ചരക്കുവിമാനം സൗദിയിലെ ജിദ്ദയിലേക്കു തിരിച്ചുവിട്ടു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിൽ റൺവേയിലുണ്ടായിരുന്ന മറ്റു വിമാനങ്ങൾ മാറ്റി.
ഇതിനിടെ, യെമനി സേനയും ഹൂതികളും തമ്മിലുള്ള പ്രധാനപോരാട്ടം ബാബ് അൽ മൻഡെപിനെ ചുറ്റിപ്പറ്റിയാണ്. സുപ്രധാന സമുദ്രപാതയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് മോചിപ്പിക്കലാണു ലക്ഷ്യം. അതിരൂക്ഷ പോരാട്ടമാണു നടക്കുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യെമനി സേനയെ തുരത്തിയെന്നാണ് ഹൂതികൾ പറഞ്ഞത്.
Tags : Houthi-Saudi Clashes Intensify Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash