ഹെൻറി ബി. കഗാൻ, കെന്‍സോ സോയി
സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2026ലെ നൊബേല്‍ പുരസ്കാരം ഫ്രഞ്ച് ശാസ്ത്രജ്ഞന് ഹെൻറി ബി. കഗാനും (95) ജാപ്പനീസ് ശാസ്ത്രജ്ഞന് കെന്‍സോ സോയിക്കും (76) ലഭിച്ചു.
അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്ടുകളും ഓട്ടോ കാറ്റാലിസിസും കണ്ടെത്തിയതിനാണു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഇവരെ ആദരിച്ചത്.
‘ഹോമോകൈറൽ’ എന്നാണ് ജീവന്റെ രസതന്ത്രത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത്. ഒരേ, കൈ എന്നീ അർഥങ്ങളുള്ള ഗ്രീക്ക് വാക്കുകളിൽനിന്നാണ് ഹോമോകൈറൽ എന്ന വാക്കിന്റെ ഉത്പത്തി.
എല്ലാ അമിനോ ആസിഡുകളും നമ്മുടെ കൈകൾ പോലെ രണ്ട് പ്രതിബിംബ രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മനുഷ്യകോശങ്ങളിൽ ഇതിൽ ഒരു രൂപം മാത്രമാണ് കാണുന്നത്. മറുരൂപം പ്രകൃതിയിൽ അപൂർവമാണ്.
ഈ പ്രതിബിംബ രൂപങ്ങളിൽ നമുക്കാവശ്യമുള്ളതു മാത്രം വേർതിരിച്ചെടുക്കൽ രസതന്ത്രജ്ഞരെ കുഴക്കിയ പ്രശ്നമായിരുന്നു. ഈ പ്രശ്നത്തിനാണ് കഗാനും സോയിയും ചേർന്ന് പരിഹാരമുണ്ടാക്കിയത്.
ഫ്രാന്‍സിലെ പാരീസ് സുഡ് സര്‍വകലാശാലയിൽ പ്രഫസറാണ് ഹെൻറി കഗാന്‍. ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് സയന്‍സിലെ ഗവേഷകനാണ് കെന്‍സോ സോയി.
ഔഷധരംഗത്തെ വിപ്ലവം
മരുന്നുകളുടെ നിർമാണത്തിൽ ഈ കണ്ടെത്തൽ ഏറെ നിർണായകമാണ്. മരുന്നിലെ തന്മാത്രയുടെ ഒരു വശം (രൂപം) രോഗം ശമിപ്പിക്കുമ്പോൾ, അതിന്റെ കണ്ണാടി പ്രതിബിംബമായ മറുഭാഗം ശരീരത്തിനു ഹാനികരമായേക്കാം. 1960കളിൽ ലോകത്തെ നടുക്കിയ ‘താലിഡോമൈഡ്’ ദുരന്തം ഉദാഹരണമാണ്.
ഗർഭിണികൾക്കു നൽകിയ താലിഡോമൈഡ് മരുന്നിലെ ഒരു തന്മാത്രാരൂപം സുരക്ഷിതമായിരുന്നെങ്കിലും അതിന്റെ പ്രതിബിംബരൂപം കുട്ടികളിൽ ഗുരുതരമായ വൈകല്യങ്ങൾക്കു കാരണമായി. നൊബേൽ പുരസ്കാരം ലഭിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയാണ് 95കാരനായ ഹെൻറി കഗാൻ.
Tags : NobelPrize Chemistry HenriBKagan KensoSoai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash