പ്രതീകാത്മക ചിത്രം
കൊച്ചി: വിയർപ്പൊഴുക്കി വിളയിച്ചവയെല്ലാം തകർന്നടിഞ്ഞതിലെ സങ്കടത്തിനു പിന്നാലെ അവയുടെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാതെയും കർഷകർ ദുരിതത്തിൽ. സംസ്ഥാനത്തെ പതിനായിരക്കണക്കിനു കർഷകർക്കാണ് വിള ഇൻഷ്വറൻസിന്റെയും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെയും ആനുകൂല്യങ്ങൾ കിട്ടാനുള്ളത്.
ഇരു പദ്ധതികളിലുമായി 133 കോടിയിലധികം രൂപ കർഷകർക്കു വിതരണം ചെയ്യാനുണ്ട്. വിള ഇൻഷ്വറൻസിൽ 2025 മേയ് മുതലുള്ള അപേക്ഷകളിലെ ആനുകൂല്യങ്ങൾ കുടിശികയാണ്.
പ്രീമിയം തുകയടച്ച് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന 14,971 കർഷകർക്ക് അർഹതപ്പെട്ട ഇൻഷ്വറൻസ് തുക കിട്ടിയിട്ടില്ല. ഇവർക്കു കിട്ടേണ്ട 43.22 കോടി രൂപ കഴിഞ്ഞ മാസം വരെ കുടിശികയാണെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. 2025 മേയ് നാലു മുതലുള്ള അപേക്ഷകളിലെ തുക ഇനിയും വിതരണം ചെയ്തിട്ടില്ല.
മലപ്പുറം ജില്ലയിലെ കർഷകർക്കാണ് വിള ഇൻഷ്വറൻസ് ആനുകൂല്യത്തിൽ കൂടുതൽ (12.72 കോടി) കുടിശികയുള്ളത്. കോഴിക്കോട് 6.45 കോടിയും വയനാട് 5.42 കോടിയും തിരുവനന്തപുരത്ത് 4.94 കോടി രൂപയും കുടിശികയുണ്ട്.
വിള ഇൻഷ്വറൻസിലും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിലും നൽകാനുള്ള അർഹതപ്പെട്ട ആനുകൂല്യം വർഷങ്ങളായി വിതരണം ചെയ്യാത്തതു കർഷകരെയും സാധാരണക്കാരെയും പ്രതിസന്ധിയിലാക്കുമെന്ന് പൊതുപ്രവർത്തകനായ മുഹമ്മദ് അഷ്റഫ് ചൂണ്ടിക്കാട്ടി.
കൃഷിനാശമുണ്ടാകുന്ന കർഷകരുടെ അപേക്ഷകളിൽ കൃഷി ഓഫിസറുടെ സ്ഥലപരിശോധനയ്ക്കുശേഷം കൃഷിവകുപ്പ് ബാങ്ക് അക്കൗണ്ടിലേക്കാണ് ആനുകൂല്യം ലഭ്യമാക്കേണ്ടത്.
ദുരിതാശ്വാസം 2021 മുതൽ കിട്ടാക്കനി
സംസ്ഥാനത്തു പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് അർഹതയുള്ള 1,52,665 കർഷകർക്ക് 2021 ഒക്ടോബർ മുതൽ ആനുകൂല്യം കിട്ടാക്കനിയാണ്. 90.81 കോടി രൂപയാണ് ദുരിതാശ്വാസ വിതരണത്തിലെ കഴിഞ്ഞ മാസം വരെയുള്ള കുടിശിക.
ഉരുൾദുരന്തമുണ്ടായ വയനാട് ജില്ലക്കാർക്കാണു പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക കൂടുതൽ കിട്ടാനുള്ളത്. 19.27 കോടി രൂപയാണ് ജില്ലയിലെ കുടിശിക. മലപ്പുറം-11.62 കോടി, തിരുവനന്തപുരം-9.09 കോടി, എറണാകുളം-8.22 കോടി, കോഴിക്കോട്-8.14 കോടി എന്നിങ്ങനെ മറ്റു ജില്ലകളിലും കുടിശിക പെരുകി. ഇടുക്കിയിലെ 24,936 കർഷകർക്കായി 5.08 കോടി രൂപ ദുരിതാശ്വാസ തുകയായി കിട്ടാനുണ്ട്.
Tags : Arrears CropInsurance NaturalDisaster ReliefKerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash