ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും വോട്ടുകൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഛത്തീസ്ഗഡ് സന്ദർശനം മാറ്റിവച്ചു. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിപാടികളാണു റദ്ദാക്കിയത്.
എന്നാൽ, ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാലാണു സന്ദർശനം മാറ്റിവച്ചതെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വിശദീകരണം.ദന്തേവാഡയിലെ ദന്തേശ്വരി മാതാ ക്ഷേത്രം, ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം, കബീർധാമിലെ ഭോരംദേവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗ്യാനേഷ് കുമാറിന് സംസ്ഥാന അതിഥി പദവി നൽകി സ്വീകരിക്കാൻ ഛത്തീസ്ഗഡ് സർക്കാർ ഒരുക്കം പൂർത്തിയാക്കിയതിനു പിന്നാലെയാണ് സന്ദർശനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്.
എസ്ഐആർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ്, ലഡാക്ക്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പരിപാടികളും മാറ്റിവച്ചിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിലും വാരണാസിയിലും പുതിയ വോട്ടർമാരുമായി നടത്താനിരുന്ന സംവാദ പരിപാടികളാണ് റദ്ദാക്കേണ്ടിവന്നത്.
Tags : GyaneshKumar Postponed Visits FearingProtests ElectionCommissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash