പ്രതീകാത്മക ചിത്രം
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി യോഗം റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു. മൂന്നര വർഷത്തിനുശേഷമാണ് ആർബിഐ പലിശനിരക്ക് വർധിപ്പിക്കുന്നത്. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്ക് ഇപ്പോൾ 5.50 ശതമാനമായി. ഏകകണ്ഠമായാണ് പണനയ കമ്മിറ്റി കാൽ ശതമാനം വർധിപ്പിച്ചത്.
സാന്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശനയം സ്വീകരിക്കുന്ന ‘ന്യൂട്രൽ’ നിലപാടിൽ നിന്ന് ‘കാലിബറേറ്റഡ് ടൈറ്റനിംഗ്’ എന്നതിലേക്കും മാറ്റി. അതായത്, സാഹചര്യം വിലയിരുത്തി പലിശ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് ന്യൂട്രൽ നിലപാട്. എന്നാൽ, പലിശ കൂട്ടുകയോ നിലനിർത്തുകയോ ചെയ്യുന്നതാണ് കാലിബറേറ്റഡ് ടൈറ്റനിംഗ്. ഇതിനർഥം വരുന്ന പണനയയോഗങ്ങളിലും നിരക്കു വർധന വർധന പ്രതീക്ഷിക്കാം എന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചു.
2023നുശേഷം വർധന
ആർബിഐ ഇതിനുമുന്‍പ് റിപ്പോ നിരക്ക് വർധിപ്പിച്ചത് 2023 ഫെബ്രുവരിയിലായിരുന്നു. അന്ന് 0.25 ശതമാനം വർധിപ്പിച്ച് നിരക്ക് 6.50 ശതമാനമായി ഉയർത്തി. 2023-24 കാലയളവിൽ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. 2025ൽ കേന്ദ്ര ബാങ്ക് നാലു തവണകളായി 1.25 ശതമാനം (125 ബേസിസ് പോയിന്റ്) കുറച്ചു.
ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പം, ക്രൂഡോയിൽ വില വർധന, രൂപയുടെ മൂല്യത്തകർച്ച, യുഎസ് ഫെഡറൽ റിസർവും മറ്റ് പ്രധാന ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്തുന്നു എന്നിവയാണ് പലിശനിരക്ക് ഉയർത്താൻ പ്രധാനമായും കാരണമായത്.
വായ്പകൾക്കു പലിശ ഉയരും;സ്ഥിര നിക്ഷേപകർക്കു നേട്ടം
പുതിയ വായ്പകൾക്കു പലിശ ചെറിയ തോതിൽ കൂടാൻ ഈ തീരുമാനം വഴിതെളിക്കും. ഭവന വായ്പകളിൽ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും.
പണം ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിക്ഷേപിച്ച് സന്പാദിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതു ലാഭകരമാണ്. ബാങ്കുകൾക്ക് ഫണ്ട് വായ്പയെടുക്കുന്നതിനുള്ള ചെലവ് വർധിക്കുന്നതിനാൽ, നിക്ഷേപകരിൽനിന്ന് കൂടുതൽ പണം ആകർഷിക്കുന്നതിനായി ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നല്കാൻ അവർ തയാറാകുന്നു.
വളർച്ചാ അനുമാനം ഉയർത്തി;പണപ്പെരുപ്പം ഉയരും
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വളർച്ചാ അനുമാനം ഉയർത്തി. നടപ്പ് സാന്പത്തിക വർഷത്തെ അനുമാനം 6.7 ശതമാനത്തിൽനിന്ന് 40 ബേസിസ് പോയിന്റ് വർധിപ്പിച്ച് 7.1 ശതമാനമാക്കി.
നടപ്പു സാന്പത്തിക വർഷത്തിലെ പണപ്പെരുപ്പ അനുമാനത്തിലും ആർബിഐ മാറ്റം വരുത്തി. മുൻ പ്രതീക്ഷയായ 5.0 ശതമാനത്തിൽനിന്ന് 5.2 ശതമാനമാക്കിയാണ് പുതിയ അനുമാനം. പണപ്പെരുപ്പം രണ്ടാം പാദത്തിൽ 4.9 ശതമാനവും നടപ്പുപാദത്തിൽ (ഒക്ടോബർ-ഡിസംബർ) 6 ശതമാനവും നാലാം പാദത്തിൽ 5.7 ശതമാനവുമായാണ് അനുമാനിക്കുന്നത്.

സാമ്പത്തിക സ്ഥിരതയ്ക്ക് ഊന്നൽ
ആർബിഐയുടെ പുതിയ നയതീരുമാനം പണപ്പെരുപ്പ നിയന്ത്രണത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും കൂടുതൽ ഊന്നൽ നൽകുന്ന സമീപനത്തെയാണു പ്രതിഫലിപ്പിക്കുന്നത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കിയതും നയനിലപാട് കൂടുതൽ കർശനമാക്കിയതും നിരക്കുവർധനയുടെ വ്യക്തമായ സൂചനയാണ്.
അതേസമയം, 2026-27 സാമ്പത്തികവർഷത്തിലെ രാജ്യത്തിന്റെ വളർച്ചാപ്രവചനം 7.1 ശതമാനമായി ഉയർത്തിയത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്തും വളർച്ചയുടെ അടിസ്ഥാനശേഷിയും വ്യക്തമാക്കുന്നു.
എംഎസ്എംഇ മേഖലയിൽ ബിസിനസുകളുടെ വിപുലീകരണവും നിക്ഷേപവും വർധിക്കുന്ന സാഹചര്യമുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന വളർച്ചാഘടകമായി ഈ മേഖല തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ എംഎസ്എംഇ, റീട്ടെയിൽ മേഖലകളിലെ വളർച്ചാസാധ്യതകളിൽ ശക്തമായ വിശ്വാസമുണ്ട്.
വിനോദ് ഫ്രാൻസിസ്
സീനിയർ ജനറൽ മാനേജർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ,
സൗത്ത് ഇന്ത്യൻ ബാങ്ക്

പ്രതീക്ഷിച്ച തീരുമാനം
അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ച റിസർവ് ബാങ്ക് പണനയ സമിതിയുടെ തീരുമാനം വിപണി പ്രതീക്ഷിച്ചതായിരുന്നു. നയപരമായ മാറ്റം ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പലിശനിരക്ക് കർക്കശമാക്കാനുള്ള സൂചനകൾ നൽകിക്കഴിഞ്ഞിരുന്നതിനാൽ പ്രഖ്യാപനം വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. പണലഭ്യതയുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ ആവശ്യാനുസരണം നടപടികൾ കൈക്കൊള്ളാനുള്ള അവസരം റിസർവ് ബാങ്ക് നിലനിർത്തിയിട്ടുമുണ്ട്.
വി. ലക്ഷ്മണൻ
ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് ട്രഷറി ഹെഡ് ഫെഡറൽ ബാങ്ക്

പ്രതീക്ഷ പകരുന്നു
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്താനും സാമ്പത്തികനയത്തില്‍ ജാഗ്രതയോടെയുള്ള നിയന്ത്രണം നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രതിരോധശേഷിയാണു വ്യക്തമാക്കുന്നത്.
സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ മുന്നേറ്റത്തെക്കുറിച്ചുള്ള ആര്‍ബിഐയുടെ പുതുക്കിയ വിലയിരുത്തല്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതു രാജ്യത്തെ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. വളര്‍ച്ചയുടെ വേഗത ചോര്‍ന്നുപോകാതെതന്നെ, പണപ്പെരുപ്പ ഭീഷണികളെ കൃത്യമായി നിയന്ത്രിക്കാനാണ് ആര്‍ബിഐ നയംമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
വി.പി. നന്ദകുമാര്‍
ചെയര്മാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മണപ്പുറം ഫിനാന്‍സ്
ലിമിറ്റഡ്