പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുക്കുന്നു.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. പ്രതിഷേധ മാർച്ച് പൊലിസ് തടഞ്ഞതോടെ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ രാഹുൽ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും കൊണ്ടുപോയ പൊലിസ് വാഹനത്തിന്റെ ടയർ പ്രതിഷേധക്കാർ പഞ്ചറാക്കി. ഇതോടെ വാഹനം റോഡിൽ കുടുങ്ങി. ഏകദേശം അരമണിക്കൂറോളം വാഹനം അവിടെ തന്നെ കിടന്നതോടെ വാഹനത്തിന് ചുറ്റും പ്രവർത്തകർ തടിച്ചുകൂടി.
പ്രവർത്തകർ വളഞ്ഞതോടെ കസ്റ്റഡിയിലെടുത്ത നേതാക്കളെ മാറ്റാൻ പൊലിസിന് സാധിച്ചില്ല. തുടർന്ന് പകരം വാഹനം എത്തിച്ച് രാഹുൽ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും ഉൾപ്പെടെയുള്ളവരെ കിംഗ്സ്വേ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുകയാണ്.
റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രതിഷേധത്തിനിടെ വനിതാ പൊലിസുകാർ തന്നെ തള്ളിയിടുകയും ശരീരത്തിലാകെ പോറലേൽപ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വിൻഡ്സർ സർക്കിളിലെ റോഡിൽ കിടന്ന് ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിയാണ് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും പ്രതിഷേധിച്ചത്.
Tags : DelhiProtest RahulGandhi PriyankaGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash