മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു തകർന്ന ഡസ്റ്റർ കാർ.
പേരൂർക്കട: അമിതവേഗവും അശ്രദ്ധയും മൂലം കാറുകൾ പരസ്പരം കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി മുട്ടട-ടി.കെ ദിവാകരൻ റോഡിൽ പട്ടം കിഴക്കേ പട്ടം ദേവീക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം.
കുറവൻകോണം ഭാഗത്തുനിന്ന് ഒരേ ദിശയിൽ വരികയായിരുന്നു ഡസ്റ്റർ കാറും മാരുതി സ്വിഫ്റ്റ് കാറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വിഫ്റ്റ് കാർ വന്ന് ഇടിച്ചതോടുകൂടി ഡസ്റ്റർ കാറിന്‍റെ നിയന്ത്രണം വിടുകയും സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയും ആയിരുന്നു ഡസ്റ്ററിന്‍റെ മുൻഭാഗം ഏതാണ്ട് 70 ശതമാനത്തോളം തകർന്നിട്ടുണ്ട് സ്വിഫ്റ്റ് കാറിന്‍റെ പിറകുവശത്തും തകർച്ച ഉണ്ടായിട്ടുണ്ട്. രണ്ടു വാഹനങ്ങളും വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വിഫ്റ്റ് കാറിൽ ഡ്രൈവറെ കൂടാതെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഡസ്റ്റർ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ എത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.
കാറുകൾ തകർന്നു പോയെങ്കിലും ഉള്ളിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർമാർ തന്നെ കാറുകൾ റോഡിന്‍റെ വശങ്ങളിലേക്ക് മാറ്റിയിട്ടു. വീതി കുറഞ്ഞ റോഡ് ആയതിനാൽ അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതക്കുരുണ്ടായി.
Tags : Cars Collide Accident RoadSafety