പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടം. തന്നെ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ജന്തർ മന്തറിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തിൽ മാറ്റുന്നതിനിടെയാണ് പ്രതികരണം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. നീതിയുണ്ടാകണം. അവർ ഈ രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിന് അവർ വലിയ വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധത്തിൽ ഭയന്നുള്ള പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ രാഹുലിനെ പൊലിസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
Tags : RahulGandhi NarendraModi Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash