ഇന്ത്യ സഖ്യത്തിലെ വിവിധ നേതാക്കൾ ഒന്നിച്ചണിനിരക്കുന്നു.
ന്യൂഡൽഹി: പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാൻ ബിജെപി സജീവശ്രമം തുടരുമ്പോഴും വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരേ ഒറ്റക്കെട്ടായി പൊരുതി ഇന്ത്യാസഖ്യം.
കേന്ദ്രസർക്കാരിനെ ലക്ഷ്യമിട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധ സമരത്തിൽ സഖ്യനേതാക്കളും പ്രവർത്തകരും ഒന്നിച്ചണിനിരന്നു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇന്ത്യാസഖ്യം ഒന്നിക്കുന്ന ഇതു രണ്ടാം തവണയാണ്. ബിഹാറിലെ എസ്ഐആർ നടപ്പാക്കലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 11നായിരുന്നു പ്രതിപക്ഷ നേതാക്കൾ ആദ്യമായി തെരുവിലിറങ്ങിയത്.
അന്നു പാർലമെന്റിൽനിന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തിയവരിൽ പലരും ഇന്ന് മുന്നണിക്കൊപ്പമില്ല. എങ്കിലും പോരാട്ടവീര്യം ഒട്ടും ചോരാതെയാണ് ഇത്തവണയും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗസംഖ്യയിൽ കുറവുണ്ടെങ്കിലും സമരച്ചൂടിൽ തങ്ങൾ ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തുനിന്ന് ഉയർന്നുകേൾക്കുന്നത്.
രാഷ്ട്രീയകാരണങ്ങളാൽ നിലവിൽ സഖ്യത്തിനു പുറത്തുള്ള ഡിഎംകെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ഇടതുപക്ഷവും സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമ്പോൾ, ചില അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും സമരത്തിന് പിന്തുണയുമായുണ്ട്. അതേസമയം, ആം ആദ്മി പാർട്ടി സ്വന്തം നിലയിലാണു കമ്മിഷനെതിരേ പ്രതിഷേധിക്കുന്നത്.
“വോട്ട് കൊള്ള’’ എന്ന ആരോപണം രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും മാത്രം സൃഷ്ടിയാണെന്ന ധാരണയായിരുന്നു ആദ്യഘട്ടത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കുണ്ടായിരുന്നത്.
എന്നാൽ, പരമ്പരാഗതമായി തങ്ങൾക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെയാണു വിഷയം തങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ബോധ്യം സഖ്യകക്ഷികൾക്കുണ്ടായത്. ഇതാണു തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
Tags : Opposition GyaneshKumar Protest IndiaAlliance BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash