പ്രതീകാത്മക ചിത്രം
ലഖ്നോ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാകുന്നു. പത്ത് സീറ്റുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർഥികളുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെ, ബിജെപിയുടെ എട്ട് സ്ഥാനാർത്ഥികളും മുഖ്യ പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ കളമൊരുങ്ങി.
ബുധനാഴ്ച നടന്ന സൂക്ഷ്മപരിശോധനയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായ കാന്തി സയാന, ഓംകാർനാഥ് ചൗരസ്യ എന്നിവരുടെ പത്രികകൾ നിബന്ധനകൾ പാലിക്കാത്തതിനെത്തുടർന്ന് റിട്ടേണിംഗ് ഓഫീസർ അജീത് വർമ തള്ളിക്കളഞ്ഞത്. പത്ത് സീറ്റുകളിലേക്ക് കൃത്യം പത്ത് പേരുടെ പത്രികകൾക്ക് മാത്രമാണ് നിലവിൽ സാധുത. അഞ്ച് മാസത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നാം സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിക്കില്ലെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 16-ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതോടെ ഒഴിവായത്. ബിജെപിക്കായി ധർമപാൽ സിംഗ്, പ്രകാശ് പാൽ, ശ്രുതി ഗംഗ്വാർ, വിദ്യാ സാഗർ സോങ്കർ, പ്രിയങ്ക റാവത്ത്, രാധാകാന്ത് ഓജ, ഗോപി കൃഷ്ണ പാണ്ഡെ, രാം പ്രതാപ് സിംഗ് ചൗഹാൻ എന്നിവരാണ് ജനവിധി തേടുന്നത്. സമാജ്വാദി പാർട്ടിക്കായി രാംഗോപാൽ യാദവ്, റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ധൻരാജ് പരിമൾ നത്വാനി എന്നിവരാണ് മത്സരരംഗത്തുള്ളത്. നവംബർ 25-ന് കാലാവധി അവസാനിക്കുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
മൂന്നാമത് രാജ്യസഭാ സ്ഥാനാർഥിയെ ഒഴിവാക്കിയതിന് പിന്നിൽ
ഉത്തർപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനം വരാനിരിക്കുന്ന 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് വിശകലനങ്ങൾ. പാർട്ടിയിലെ വോട്ട് ചോർച്ചയും ആഭ്യന്തര ഭിന്നതകളും മറനീക്കി പുറത്തുവരുന്നത് തടയാനാണ് എസ്പി ഇത്തരമൊരു തീരുമാനമെടുത്തത്.
2024 ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിതമായി എട്ടാമതൊരു സ്ഥാനാർത്ഥിയെ നിർത്തി മത്സരം കടുപ്പിച്ചപ്പോൾ ഏഴോളം എസ്പി എംഎൽഎമാർ ബിജെപിക്കും എൻഡിഎ സ്ഥാനാർത്ഥിക്കും അനുകൂലമായി ക്രോസ് വോട്ട് ചെയ്തിരുന്നു. ഇത്തവണയും മൂന്നാം സ്ഥാനാർഥിയെ നിർത്തിയാൽ സമാനമായ രീതിയിൽ അച്ചടക്കലംഘനം നടക്കാനും, അത് പാർട്ടിയുടെ പ്രതിച്ഛായയെയും പ്രവർത്തകരുടെ ആത്മവീര്യത്തെയും ബാധിക്കാനും സാധ്യതയുണ്ടായിരുന്നു. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ നടക്കുമ്പോൾ പാർട്ടിയുടെ ബലഹീനത പുറത്തറിയുന്നത് തടയാനും ഇത് കാരണമാകും.
നിലവിൽ പത്ത് സീറ്റുകളിലേക്ക് ബിജെപിയുടെ എട്ട് സ്ഥാനാർത്ഥികളും എസ്പിയുടെ രണ്ട് സ്ഥാനാർഥികളും മാത്രമുള്ളതിനാൽ മത്സരം ഒഴിവാകുകയും ഇരുവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. അനാവശ്യ മത്സരത്തിന് നിൽക്കാതെ 2027-ലെ 403 നിയമസഭാ സീറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്.
Tags : RajyaSabhapolls UttarPradeshelections BJPandSPcandidates Unopposedelection ElectionCommission scrutiny.