സ്മിത് മച്ചാർ
ദുബായ്: ദുബായിൽ നിന്നും ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടയിൽ കോക്ക്പിറ്റിൽ വെച്ച് ഒമാനി കോ-പൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖം പ്രാപിച്ചുവരുന്നു. അബുദാബിയിലെ ആശുപത്രിയിൽ നിന്നും ദുബായിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ഇന്നലെ പത്തു ചുവടുകൾ നടന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
സെപ്റ്റംബർ 30-നാണ് സംഭവം നടന്നത്. ഫ്ലൈദുബായ് വിമാനത്തിന്റെ പ്രധാന പൈലറ്റായിരുന്നു ക്യാപ്റ്റൻ സ്മിത് മച്ചാർ. പ്രാർഥിക്കാനായി എഴുന്നേറ്റ ഒമാനി കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്ക്പിറ്റ് ആക്സ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയയിലൂടെ വിദഗ്ധ ചികിത്സ നൽകി. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും മറ്റ് പൈലറ്റുമാരുടെയും സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അസാധാരണമായ ധൈര്യം കാണിച്ച ക്യാപ്റ്റൻ സ്മിത് മച്ചാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രശംസിച്ചിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
Tags : CaptainSmitMachchhar Flydubaicockpitattack Indianpilothero Skullfracturerecovery Dubaihospitalvisit.