ബിജെപി നേതാവ് ഉമാ ഭാരതി
ന്യൂഡൽഹി: മധ്യപ്രദേശിലെ ദതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ആത്മപരിശോധന നടത്തണമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. അതേസമയം, ബിജെപി വിട്ട് കോൺഗ്രസിലെത്തുകയും ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത മുതിർന്ന പ്രാദേശിക നേതാവ് അവധേഷ് നായിക്കിനെ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു.
വോട്ട് വിഹിതം ഉയർന്നതിൽ മാത്രം ആശ്വസിച്ചിട്ട് കാര്യമില്ലെന്നും ദതിയയിലെ തോൽവി തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ഉമാ ഭാരതി സോഷ്യൽ മീഡിയയിൽ കുറിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പാർട്ടി ആഴത്തിലുള്ള അവലോകനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാർട്ടിയോടൊപ്പം ഉറച്ചുനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഘൻശ്യാം സിംഗിന്റെ വിജയത്തിനായി പ്രവർത്തിച്ചതിനാണ് മുൻ ബിജെപി നേതാവായ അവധേഷ് നായിക്കിന് മധ്യപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി പദവി നൽകിയത്.
അയോഗ്യതാ നടപടിയെത്തുടർന്ന് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ച മുൻ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചു എന്ന ആരോപണത്തെത്തുടർന്ന് ഓഗസ്റ്റ് രണ്ടിന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
Tags : UmaBharti BJP LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash