ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്തു
ലക്നോ: ഉത്തർപ്രദേശിലെ സീതാപൂരിലുള്ള യുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
പച്ചക്കറികളൊന്നുമില്ലാതെ തീർത്തും വെള്ളം പോലെയുള്ള കറിയും കരിഞ്ഞ റൊട്ടികളുമാണ് കുട്ടികൾക്ക് നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരംഭിച്ച അന്വേഷണത്തില്‍ സ്ഥിരമായി ഇതാണ് അവസ്ഥയെന്നാണ് മാതാപിതാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കാലങ്ങളായി സ്കൂളില്‍ ഇതേ രീതിയാണ് തുടരുന്നതെന്ന് അവര്‍ ആരോപിച്ചു.
ഭക്ഷണ വിതരണം ഇത്തരത്തില്‍ തുടര്‍ന്നാല്‍ അത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. അതേസമയം കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം ഭക്ഷണമാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്ഥിരം ലഭിക്കുന്ന പരിപ്പ് കറിയിലും പച്ചക്കറിയിലും വെള്ളം മാത്രമേ ഉണ്ടാകാറുള്ളുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയതോടെയാണ് അധികൃതര്‍ ഉടൻ തന്നെ നടപടി സ്വീകരിച്ചത്.
Tags : Deepika BreakingNews Water Meal