സവിത
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയായ യുവതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെയാണ് (48) കണ്ണൂർ ടൗൺ പോലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടിയത്.
താഴെ ചൊവ്വ കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകൾ നിലയിൽ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ചാണ് സവിതയും കേസിലെ മറ്റൊരു പ്രതിയായ ഷിനേഷും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്.
വയോധികയ്ക്ക് സഹായത്തിനെന്ന വ്യാജേനയാണ് ഇവര്‍ വീട്ടില്‍ അടുപ്പം സ്ഥാപിച്ചത്. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി, സവിതയുടെ നിർദേശപ്രകാരം കൂടെയുണ്ടായിരുന്ന ഷിനേഷ് (52) മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല കവരുകയായിരുന്നു.
മോഷണത്തിന് ശേഷം ഇരുവരും ചേർന്ന് ഈ മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റ് പണമാക്കി മാറ്റി. തുടക്കത്തിൽ ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് സവിത ഉറച്ചുനിന്നത്. എന്നാൽ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇവർ നാടുവിടുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ടൗൺ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവിതയെ അന്വേഷണ സംഘം വളഞ്ഞ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സവിതയെ റിമാൻഡ് ചെയ്തു.
Tags : gold necklace Theft accused arrest Deepika DeepikaNewspaper NewsUpdate Headlines