പ്രതീകാത്മക ചിത്രം
ചെർപ്പുളശേരി: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയെ കൈകൊണ്ടു മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ആദിഷ്കൃഷ്ണയ്ക്ക് (14) ആണ് അടിയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഈ അധ്യാപകൻ തന്നെ മർദിച്ചിട്ടുണ്ടെന്നും അന്നു രക്ഷിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു.
അടിയേറ്റെന്നും കടുത്ത വേദനയും മുഖത്തു വീക്കവും വന്നെന്നും കുട്ടി പിതാവ് മോഹൻദാസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സ്കൂളിൽ എത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തിൽ ചെർപ്പുളശേരി പോലീസിനും ചൈൽഡ് ലൈനിലും പരാതി നൽകിയതായും അധ്യാപകനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. ചളവറ പഞ്ചായത്തംഗം കൂടിയാണ് അധ്യാപകൻ.
പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസിന്റെ കാര്യം തീരുമാനിക്കുകയുള്ളുവെന്നും ചെർപ്പുളശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നു സ്കൂളിലേക്കു മാർച്ച് നടത്തും. അതേസമയം, വിദ്യാർഥിയെ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയം അന്വേഷിച്ചുവരികയാണെന്നും നിജസ്ഥിതി പരിശോധിക്കുമെന്നും പ്രധാനാധ്യാപിക എം.വി.സുധ പറഞ്ഞു.
Tags : teacher slapped student Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash