ആര്. രാജേഷ്
കണ്ണൂർ: കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിളയിലെ ആര്. രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോകാനിടയായ സാഹചര്യത്തെക്കുറിച്ച് കണ്ണൂർ എഡിഎം അന്വേഷിക്കും.
ഇതുസംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം പി.എന്‍. പുരുഷോത്തമനെ കണ്ണൂർ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയ മൃതദേഹം വഴിമധ്യേ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂര്‍ ചാവക്കാട് എത്തിയപ്പോൾ ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്കു മാറ്റുകയായിരുന്നു. റവന്യു വകുപ്പിനു ഫണ്ടില്ലാത്തതിനെത്തുടർന്നാണ് മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത വാഹനത്തിൽ കൊണ്ടുപോയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്.
മൃതദേഹം കൊണ്ടുപോകുന്നതിനു ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസുകൾ റവന്യു വകുപ്പ് അന്വേഷിച്ചിരുന്നു. എന്നാൽ, 35,000 രൂപ വരെയാണു വാടക ചോദിച്ചത്. ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും ആരോഗ്യവകുപ്പിന്റെ സഹായം തേടുകയുമായിരുന്നു.
തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ, മെഡിക്കൽ കോളജിൽ ആംബുലൻസിൽ കൊണ്ടുപോകാൻ കഴിയുന്ന ഫ്രീസർ സംവിധാനമില്ല. മാത്രമല്ല, പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നു പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞതിനാൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന വിലയിരുത്തലും സാധാരണ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുന്നതിലേക്ക് എത്തിച്ചു. മൂന്നു ദിവസത്തോളം വെള്ളത്തിൽ കിടന്നതിനാൽ ഫ്രീസറിൽ വയ്ക്കാൻ ബുദ്ധിമുട്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. മൃതദേഹം എംബാം ചെയ്യാനും സാധിച്ചിരുന്നില്ല.
യാത്രയ്ക്കിടെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ഡ്രൈവറും കൂടെയുണ്ടായിരുന്ന ബന്ധുക്കളും റവന്യൂ അധികൃതരെയും മൃതദേഹത്തെ അനുഗമിച്ചിരുന്ന ചെറുപുഴ പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് ചാവക്കാട്ടുനിന്ന് ഫ്രീസർ സംഘടിപ്പിച്ച് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി. 22,500 രൂപയാണ് ആംബുലൻസുകാർ ചോദിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരാണ് ഈ തുക നൽകിയത്. അതിനിടെ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ആംബുലൻസിന് ഇന്ധനം നിറയ്ക്കാനായി ചിലർ പിരിവെടുത്ത് 10,000 രൂപ നൽകിയതായും അറിയുന്നു.
മീന്തുള്ളി നീന്തൽ പരിശീലന കേന്ദ്രത്തിലെ ഇൻസ്ട്രക്ടറായ രാജേഷിനെ മലവെള്ളപ്പാച്ചിലിനിടെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷിക്കുന്നതിനിടെ ശനിയാഴ്ചയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ചൊവ്വാഴ്ച കാര്യങ്കോട് പുഴയിൽ ഇടവരന്പ് കാനാപീടികയ്ക്കു സമീപത്തെ കോച്ചേരി തുരുത്തിലാണ് മൃതദേഹം കണ്ടെത്തിയത്.