അന്നമ്മ ചാക്കോ
അടൂർ: പ്രായം കുറച്ചു കാണിക്കാൻ താത്പര്യപ്പെടുന്നവരാണ് ഏറെപ്പേരുമെങ്കിലും താനറിയാതെ തന്റെ പ്രായം എട്ടു പതിറ്റാണ്ട് പിന്നിലേക്ക് സർക്കാർ തന്നെ കുറച്ചപ്പോൾ ഏഴംകുളം സ്വദേശി അന്നമ്മ ചാക്കോ ഞെട്ടി.
നൂറ്റി ആറുകാരിയായ അന്നമ്മയ്ക്ക് സർക്കാർ രേഖയിൽ 23 വയസ് മാത്രം. ഔദ്യോഗിക രേഖയായ ആധാർ കാർഡിലെ പ്രായം കാട്ടി പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാനേ അന്നമ്മയ്ക്കും ആകുന്നുള്ളൂ.
സർക്കാർ കനിഞ്ഞു നൽകിയ നിത്യയൗവനം അന്നമ്മയ്ക്ക് അർഹതപ്പെട്ട വാർധക്യകാല പെൻഷൻ പോലും ലഭിക്കാത്ത സ്ഥിതിയിലെത്തിച്ചു. 2018-ലാണ് അന്നമ്മ അമ്മച്ചി ആധാർ കാർഡെടുത്തത്.
കാർഡ് വന്നപ്പോൾ അന്നമ്മയുടെ ജനനത്തീയതി 01/01/2003 എന്നു കണ്ടപ്പോൾ കുടുംബാംഗങ്ങൾ ഞെട്ടി. ഇതനുസരിച്ച് ഔദ്യോഗിക രേഖകളിൽ അമ്മച്ചിക്ക് ഇപ്പോൾ 23 വയസ് മാത്രമാണ്.
ആധാറിലെ പിഴവ് ചുറ്റുമുള്ളവർക്ക് വലിയ കൗതുകമാണെങ്കിലും, സർക്കാരിന്റെ വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ ഈ സാങ്കേതിക പിഴവ് കാരണമായി.
ചെങ്ങന്നൂർ സ്വദേശിയായ അന്നമ്മ വിവാഹശേഷം ഭർത്താവ് ചാക്കോ ജേക്കബിനോടൊപ്പം ആന്ധ്രപ്രദേശിലായിരുന്നു. 55 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചു. മകൻ പി.സി. ജോസഫ് ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ആന്ധ്രയിലെ വാസം അവസാനിപ്പിച്ച് ഇവർ നാട്ടിൽ തിരിച്ചെത്തിയിട്ട് ഇപ്പോൾ 17 വർഷമായി.
മൂന്ന് പെൺമക്കളും ഒരു ആൺ കുട്ടിയുമടക്കം നാല് മക്കളാണ് അന്നമ്മ ചാക്കോയ്ക്കുള്ളത്. നിലവിൽ അടൂർ ഏഴംകുളം തേപ്പുപാറയിലെ വീട്ടിൽ മകൻ പി.സി. ജോസഫിനൊപ്പമാണ് താമസം.
മരുമകൾ മേരി ജോസഫാണ് അമ്മച്ചിയെ പരിപാലിക്കുന്നത്. 15 കൊച്ചുമക്കളടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ സ്നേഹനിഴലിലാണ് നൂറ്റിയാറുകാരി..
Tags : Annammayammachi NoPension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash