പ്രതീകാത്മക ചിത്രം
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാക്കളെ ശിക്ഷിച്ച വിധിപ്പകര്‍പ്പില്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിഞ്ഞെന്ന വിചാരണക്കോടതി പരാമര്‍ശത്തെ വിമര്‍ശിച്ചു ഹൈക്കോടതി. ശിക്ഷ വിധിക്കുന്നതിന് കുറ്റം സമഗ്രമായി തെളിയണമെന്നിരിക്കെ, പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞെന്ന വിലയിരുത്തല്‍ എന്തടിസ്ഥാനത്തിലാണു നടത്തിയതെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ആരാഞ്ഞു.
ഇതടക്കം കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ വിധിപ്പകര്‍പ്പ് സൂക്ഷ്മ പരിശോധന നടത്തേതുണ്ടെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിക്കെതിരേ പ്രതികളായ എം. ഗീതാനന്ദന്, ബിനു, രമേശന്, അനില്‍കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കണിക്കവെയാണു വിമര്‍ശനമുണ്ടായത്. 2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു ഗതാഗതം തടസപ്പെടുത്തിയെന്നും മരണകാരണമാകും വിധം അക്രമം നടത്തിയെന്നുമാണ് പ്രോസിക്യൂഷന് കേസ്.
ഒരു പോലീസുകാരന് കൊല്ലപ്പെടാനിടയായ കേസില്‍ കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങളില്‍നിന്ന് ഒഴിവാക്കിയെങ്കിലും തടഞ്ഞുവയ്ക്കല്‍, മര്‍ദനം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അഞ്ചു വര്‍ഷം കഠിനതടവും 36,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അതേസമയം, അപ്പീല്‍ തീര്‍പ്പാകുംവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.
Tags : micro-scrutiny Muthanga verdict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash