സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കി മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കാർ സത്യവാങ്മൂലത്തിൽ ഹർജിക്കാരുടെ മറുപടി തേടി സുപ്രീംകോടതി.
പരീക്ഷാരീതി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നെങ്കിൽ അത് ഉടൻ നടപ്പാക്കണമെന്നും വിദ്യാർഥികൾ പഴയ രീതിയിൽ പരീക്ഷയ്ക്ക് തയാറെടുപ്പുകൾ ആരംഭിച്ചതായും ഹർജിക്കാരായ ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയുടെ ശിപാർശകൾ കൂടി പരിഗണിച്ചശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കൂടാതെ സമഗ്രമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതായും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
പരീക്ഷാത്തട്ടിപ്പുകൾ തടയുന്നതിനായി പബ്ലിക് എക്സാമിനേഷൻസ് അമൻമെന്റ് ആക്ട് 2026 പ്രകാരം നിയമനിർമാണം ശക്തമാക്കിയതായും കേന്ദ്രം വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടന മാറ്റണമെന്ന ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരുടെ ബെഞ്ച് 19ന് കേസ് വീണ്ടും പരിഗണിക്കും.
Tags : NTA SupremeCourt Affidavit response Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash