National
കോഴിക്കോട്: പേരാമ്പ്രയിൽ കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി പോലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും പിരിച്ചുവിട്ടു.
കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തിൽ കുറ്റക്കാരായ ആംബുലൻസ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരിച്ചു. "സ്വർൺ മംഗളം' മാസികയുടെ എഡിറ്ററായ ദീപക് സോണി ആണ് മരിച്ചത്.
റെയ്സണിൽ ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ദീപക്കിന് പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ദീപക് സോണിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരുൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത കാർഷിക പരിപാടിയുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടികൾക്കായി ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ വിന്യസിച്ചിരുന്നുവെന്നും ഇതുകാരണമാണ് തങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു.
എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചുവെന്നും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റെയ്സണിലെ മാധ്യമപ്രവർത്തകർ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.
എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്.
ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
District News
വടക്കാഞ്ചേരി/ചേലക്കര: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അറുപതുകാരനെ രക്ഷിക്കാൻ സ്വകാര്യബസ് ആംബുലൻസായി പാഞ്ഞെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
തിരുവില്വാമല - തൃശൂർ റൂട്ടിലോടുന്ന ഹരേകൃഷ്ണ ബസാണ് ഇന്നലെ രാവിലെ ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയത്. യാത്രയ്ക്കിടയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്ണനെ (പൊന്നു 62) രക്ഷിക്കാനാണ് ബസ് ജീവനക്കാരും യാത്രക്കാരും കൈകോർത്തത്.
ബസിൽ അടുത്തിരുന്നിരുന്ന ചേലക്കര സ്വദേശി ശങ്കറും തോന്നൂർക്കര സ്വദേശി പ്രസാദും ബാലകൃഷ്ണനു സുഖമില്ലെന്നറിഞ്ഞ് ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവർ അരുണും കണ്ടക്ടർ മനോജും ഒട്ടും വൈകാതെ, യാത്രക്കാരുടെ പൂർണസഹകരണത്തോടെ മറ്റുസ്റ്റോപ്പുകൾ ഒഴിവാക്കി വേഗത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം ബാലകൃഷ്ണനെ വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ അധികം വൈകാതെ ബാലകൃഷ്ണൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനാണ് ബാലകൃഷ്ണൻ. സംസ്കാരം ഇന്നു രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: അംബിക. മക്കൾ: അഭിജിത്, അഭിത. മരുമക്കൾ: പ്രകാശ്, ഐശ്വര്യ.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ മുൻവശത്തെ കവാടം ബസിനു കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രയ്ക്കിടയിൽ ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കേടുപാടുകളും സംഭവിച്ചു. എന്നാൽ, വാഹനത്തിനു കേടുപാടുകളുണ്ടായാൽ നന്നാക്കാമെന്നും ഒരു മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനാണ് തങ്ങൾ ഊന്നൽ നൽകിയതെന്നും ബസ് ജീവനക്കാർ പറഞ്ഞു.
District News
ചെറുതോണി: മൃതദേഹവുമായി വന്ന ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്നോവ കാറിലിടിച്ച് റോഡിൽ തലകീഴായി മറിഞ്ഞു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മീൻമുട്ടിക്ക് സമീപമാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ദാരുണസംഭവം. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് മൃതദേഹവുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ കാരിക്കോട് ആശുപത്രിയിൽ എത്തിച്ച മുരിക്കാശേരി സ്വദേശി മഠത്തിൽ നോബി (53) മരണപ്പെട്ടിരുന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് മരിച്ചതിനാൽ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് എതിരേ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ച ശേഷം റോഡിൽ തലകീഴായി മറിയുകയായിരുന്നു.
അപകടത്തത്തുടർന്ന് മറിഞ്ഞ ആംബുലൻസിൽനിന്നു പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറുതോണിയിൽനിന്ന് എത്തിച്ച മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചു.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ മറൈൻ ആംബുലൻസിന്റെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കാൻ ഫിഷറീസ് വകുപ്പ് എംഡിയും ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞത്ത് എത്തി. അറ്റകുറ്റപ്പണിക്ക് ചുമതലപ്പെട്ട ആൽബർട്രോസ് കമ്പനി എംഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർച്ച് പത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി.
ഇതിനിടയിൽ ഓടാതെ കട്ടപ്പുറത്തായ ആംബുലൻസിലെ ജീവനക്കാർക്ക് കഴിഞ്ഞ നവംബർ മുതൽ ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ആംബുലൻസിന്റെ ക്യാപ്റ്റൻ വാൽത്യൂസ് തൊഴിലുപേക്ഷിച്ച് മടങ്ങി. പകരം മറ്റൊരാൾക്ക് ചുമതല നൽകിയിട്ടുണ്ട്.
കടപ്പുറത്തായ ആംബുലൻസിനെ അറ്റകുറ്റപ്പണിക്കായി മൂന്ന് മാസം എറണാകുളത്തെ ഡോക്കിൽ കൊണ്ടുപോയ കമ്പനി അധികൃതർ പണികൾ നടത്താതെ തിരികെ എത്തിച്ച് നടത്തിയ തട്ടിപ്പ് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത സംഘത്തിന്റെ വരവ്.
കടലിൽ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷക്കെന്ന പേരിൽ 2020-ൽ ആറരക്കോടിയോളം മുടക്കി വാങ്ങിയതാണ് മറൈൻ ആംബുലൻസ്. തുടക്കത്തിലെ പേരുദോഷം കേട്ട ആംബുലൻസ് കടലിൽ ഇറക്കി അഞ്ചു വർഷം തികയുന്നതിനിടയിൽ തന്നെ പഞ്ചറായി. വാർഷിക അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർഷംതോറും കൊണ്ടുപോകുമെങ്കിലും ഡോക്കിൽ കയറ്റി അടിത്തട്ടിൽ പറ്റിപ്പിടിച്ചിരുന്ന കക്ക പോലുള്ളവയെ തട്ടിക്കളഞ്ഞതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താതെയാണ് ആംബുലൻസിനെ വിഴിഞ്ഞത്ത് എത്തിക്കുന്നതെന്ന് വിഴിഞ്ഞത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇക്കുറി കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങൾ പുറത്തായത്.
ഏറ്റവും അത്യാവശ്യം വേണ്ടമുന്നറിയിപ്പ് സംവിധാനങ്ങളും റഡാർ സംവിധാനങ്ങളും ലൈറ്റിന്റെ പണികളും എല്ലാം അവതാളത്തിലായി. ഇവയെല്ലാം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമോ എന്നും കണ്ടറിയാം.
Kerala
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്ന ആംബുലൻസിന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് വഴിയൊരുക്കുന്നത്.
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്തത്. വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് ചരിത്രത്തിന്റെ ഭാഗമായി. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
Kerala
ആലുവ: കുടിവെള്ള ടാങ്കർ ലോറിയിൽ ആംബുലൻസ് ഇടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
കാലടി മരോട്ടിച്ചോട് വാളാഞ്ചേരി സ്വദേശിയായ എസ്തപ്പാൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ പുളിഞ്ചോട്ടിലാണ് അപകടം നടന്നത്.
ന്യൂമോണിയയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുൻപ് എസ്തപ്പാനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മാറാതിരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ആംബുലൻസ് ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ നാലു പേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും എസ്തപ്പാൻ വൈകുന്നേരം മൂന്നോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.
ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.
ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.
Leader Page
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോളിയൻ ചക്രവർത്തിയുടെ ആർമിയിലെ പ്രധാന സർജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറാണ് ലാറി. ‘ആധുനിക ആംബുലൻസ് സേവനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്നയാൾ. നെപ്പോളിയന്റെ പടയോട്ടത്തിനിടെ പരിക്കേറ്റ സൈനികരെ യുദ്ധക്കളത്തിൽനിന്ന് വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി ‘ഫ്ലൈയിംഗ് ആംബുലൻസ്’ എന്ന ആശയം കൊണ്ടുവന്നു. ഇത് ആധുനിക ആംബുലൻസ് സംവിധാനങ്ങളുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.
മുറിവേറ്റവരെ ഉടനടി ചികിത്സിക്കുന്നതിനും യുദ്ധക്കളത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനും ട്രയേജ് സമ്പ്രദായം നടപ്പിലാക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. ട്രയേജ് എന്നതു പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയ്ക്കനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ്.
ആധുനിക ചികിത്സയിൽ ആംബുലൻസുകൾക്കു വലിയ പങ്കുണ്ട്. കേരളത്തിൽ നിലവിൽ 9,335 ആംബുലൻസ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരിയേക്കാൾ 27 മടങ്ങ് കൂടുതൽ. ദേശീയ നിലവാരമനുസരിച്ച് ഒരു ലക്ഷം പേർക്ക് ഒരു ആംബുലൻസ് മതി. കേരളത്തിലെ കണക്ക് ഓരോ 3,717 പേർക്കും ഒരു ആംബുലൻസ് എന്നാണ്.
ആംബുലൻസ് സേവനങ്ങളെന്നാൽ ആശുപത്രിക്കു പുറത്തുള്ള സ്ഥിതിഗതികൾ വിലയിരുത്തൽ, വൈദ്യപരിചരണം, ചികിത്സ, ആവശ്യമെങ്കിൽ പരിക്കുകളോ അസുഖങ്ങളോ ഉള്ള രോഗികളുടെ സഞ്ചാരത്തെ സഹായിക്കുക എന്നിവയൊക്കെയാണ്. എമർജൻസി മെഡിക്കൽ സർവീസുകളുടെ (ഇഎംഎസ്) സംഘാടനവും ആംബുലൻസ് ജീവനക്കാരുടെ കഴിവും ഔപചാരികമായ റോളുകളും ആഗോളതലത്തിൽ വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ, അഗ്നിശമന സേനയുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ഭാഗമായാണ് ഇഎംഎസ് പ്രവർത്തിക്കുന്നത്. മറ്റുള്ളവയിൽ, ഹോസ്പിറ്റൽ എമർജൻസി സർവീസുകളുടെ ഭാഗമാണ്. ആംബുലൻസ് ജീവനക്കാരിൽ സന്നദ്ധപ്രവർത്തകർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, നഴ്സുമാർ, അല്ലെങ്കിൽ മെഡിക്കൽ ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ടേക്കാം.
മിക്കപ്പോഴും, പ്രീ-ഹോസ്പിറ്റൽ സമയം കുറയ്ക്കാനാണ് ആംബുലൻസ് ഡ്രൈവർമാർ ശ്രമിക്കുക. ഇതിനായി ഏറ്റവും വേഗമേറിയ റൂട്ട് തെരഞ്ഞെടുക്കേണ്ടിവരുന്നു. അത് ഏറ്റവും ഹ്രസ്വമായ റൂട്ട് ആയിരിക്കണമെന്നില്ല. റോഡിന്റെ അവസ്ഥ, കാലാവസ്ഥ, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കണക്കിലെടുക്കുന്പോഴും റൂട്ട് അനുയോജ്യമായിരിക്കണം. ഇക്കാര്യങ്ങളിൽ ആംബുലൻസ് ഡ്രൈവറെ പിന്തുണയ്ക്കാൻ നാവിഗേഷൻ സംവിധാനങ്ങൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. കൂടാതെ, പ്രീ ഹോസ്പിറ്റൽ സമയം, ദിവസത്തിന്റെ ഏതു സമയത്താണ് രോഗിയുമായി യാത്ര തിരിക്കുന്നത്, ഏറ്റവും തിരക്കുള്ള സമയം എന്നിവ കണക്കാക്കാനും ലൈറ്റുകളും സൈറണുകളും ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാനും ആംബുലൻസ് ഡ്രൈവർക്ക് സാധിക്കണം. ട്രാഫിക്കിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കുന്നതിന് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കാറുണ്ട്. ഗുരുതര രോഗികളെയും നവജാതശിശുക്കളെയും എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവർക്കു ബാധ്യതയുണ്ട്. എന്നിരുന്നാലും, സൈറണുകളുടെയും ലൈറ്റുകളുടെയും ഉപയോഗം അപകടസാധ്യത കൂട്ടിയേക്കാം. അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്കു മാത്രമായി ലൈറ്റുകളുടെയും സൈറണുകളുടെയും ഉപയോഗം സംവരണം ചെയ്യണം.
റോഡിന്റെ ഗുണനിലവാരം പ്രധാനം
ആംബുലൻസ് ഓടിക്കുന്ന രീതിയും പ്രധാനമാണ്. വേഗം കൂട്ടൽ-കുറയ്ക്കൽ, തിരിയൽ, സ്പീഡ് ബമ്പുകളിലേക്കും മറ്റ് റോഡ് ബ്ലോക്കുകളിലേക്കും ക്രമീകരിക്കൽ. റോഡിന്റെ ഗുണനിലവാരം രോഗിയുടെ ആരോഗ്യനിലയെ നേരിട്ട് ബാധിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ ഉള്ളപോലെ പ്രത്യേക ആംബുലൻസ് വഴികൾ നമ്മുടെ നാട്ടിലില്ല. അസാധാരണ ഇളക്കങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിംഗ്, അവിചാരിതമായ വേഗംകൂട്ടൽ എന്നിവ പരിക്കുകൾക്ക് കാരണമാവും. കൂടാതെ, നിലവിലുള്ള രോഗാവസ്ഥയുടെ ആക്കം കൂട്ടും. ആംബുലൻസിന്റെ ഹോൺ ശബ്ദം അധിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ആരോഗ്യപരമായ പരിചരണം
നട്ടെല്ലിനു പ്രശ്നമുള്ള രോഗികൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആംബുലൻസിൽ നല്കുന്ന മെഡിക്കൽ പിന്തുണയെയും ഡ്രൈവിംഗ് ബാധിച്ചേക്കാം. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുന്നതിനെയും അതിന്റെ ഗുണനിലവാരത്തെയും അമിതവേഗം, തിരിയുക, അല്ലെങ്കിൽ റോഡ് ബമ്പുകൾ മുറിച്ചുകടക്കുക തുടങ്ങിയ ഡ്രൈവിംഗ് അവസ്ഥകൾ പ്രതികൂലമായി ബാധിക്കും. യാത്രയ്ക്കിടെ രോഗിയുമായി ഡ്രൈവറും ഇഎംഎസ് ഉദ്യോഗസ്ഥരും വ്യക്തമായി സംസാരിക്കുന്നത് രോഗിയുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നു. അത്യാഹിതഘട്ടങ്ങളിലുള്ള മരുന്നുകളെല്ലാം കൃത്യമായ അളവിലുണ്ടെന്ന് യാത്ര തുടങ്ങുംമുന്പ് ഉറപ്പുവരുത്തേണ്ടതുണ്ട്.
സുരക്ഷ
ആംബുലൻസ് യാത്ര റോഡിലുള്ള മറ്റു വാഹനങ്ങളേയും കാൽനടക്കാരെയുമൊക്കെ ബാധിക്കും. രോഗിയുടെ സ്ഥിതി മോശമാകുന്നതിനനുസരിച്ച് ആംബുലൻസിന്റെ വേഗം കൂട്ടുന്പോൾ അപകടസാധ്യത ഏറുന്നു. രോഗിയെ ആശുപത്രിയിലാക്കി അടുത്ത രോഗിയെ എടുക്കാനുള്ള തത്രപ്പാടുമൂലവും ഡ്രൈവിംഗ് അപകടകരമായെന്നും വരാം.
പെട്ടെന്നുള്ള അസ്വാഭാവിക സാഹചര്യങ്ങൾ ചിലപ്പൊഴെങ്കിലും ഡ്രൈവർമാരെ ബാധിക്കാറുണ്ട്. ആംബുലൻസിൽ കൊണ്ടുപോകുന്ന നവജാതശിശു ആശുപത്രിയിലെത്തുംമുന്‍പെ മരിച്ചുപോയാൽ അത് നേരിൽ കാണുന്പോഴുണ്ടാകുന്ന മാനസികസംഘർഷം പിന്നീടുള്ള ദൈനംദിന ജോലിയെ ബാധിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ ഡ്രൈവർമാർക്ക് ഇടവേളകൾ ലഭിക്കേണ്ടതുണ്ട്. ഉറക്കമിളച്ചുള്ള പാച്ചിലുകളും ഏറെ വൈകിയുള്ള ഭക്ഷണവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഒഴിവാക്കേണ്ടതുണ്ട്.
ഏതൊരു ഡ്രൈവർക്കും ഓടിക്കാൻ പറ്റുന്ന വാഹനമല്ല ആംബുലൻസ്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം ഇവർക്ക് രോഗീപരിചരണ സന്നദ്ധതയും സഹാനുഭൂതിയും സ്നേഹവും വിശ്വാസ്യതയും ഡ്രൈവിംഗിൽ പ്രാവീണ്യവും വേണം. രോഗീപരിചരണത്തിൽ ആരോഗ്യമേഖലയിലെ ഓരോ പ്രവർത്തകരും മുന്നിട്ടുനിൽക്കുമ്പോൾ വളയം പിടിക്കുന്ന ഈ മാലാഖമാരെ നാം ഒരിക്കലും മറക്കരുത്.
കോവിഡ് കാലത്തും മറ്റു സമയങ്ങളിലും ആംബുലൻസ് ഡ്രൈവർമാർ നൽകിയ
സ്തുത്യർഹമായ സേവനം മറക്കാനാകില്ല. എന്നാൽ, ചില കാര്യങ്ങളിൽ ഇവർക്കും
മാർഗനിർദേശങ്ങൾ അത്യാവശ്യമാണ്.
1. എല്ലാ ആംബുലൻസുകളിലും ജീവൻരക്ഷാഉപകരണങ്ങളും മരുന്നുകളും കരുതണം.
2. രോഗികളെ കൊണ്ടുപോകുമ്പോഴല്ലാതെ സൈറൺ മുഴക്കാനോ ഹോൺ അടിക്കാനോ അമിതവേഗത്തിൽ പോകാനോ പാടില്ല.
3. റോഡപകടത്തിൽപ്പെടുന്ന ആൾക്ക് പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ മാത്രമല്ല, പൊതുസമൂഹവും അടിയന്തര ചികിത്സയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
4. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ഹോൺ അടിച്ച്, സൈറൺ മുഴക്കി, അമിതവേഗത്തിൽ പോയി മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊണ്ടുപോകുന്ന ആ മൃതദേഹത്തോട് കാണിക്കുന്ന മര്യാദകൂടിയാണ് ശാന്തമായി വാഹനമോടിക്കുന്നത്.
5. ആംബുലൻസ് ഡ്രൈവർമാർക്ക് രോഗീപരിചരണത്തെക്കുറിച്ചും വേഗനിയന്ത്രണത്തെക്കുറിച്ചും ശബ്ദമലിനീകരണത്തെക്കുറിച്ചും സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകണം. ഇവ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെ അനുമോദിക്കണം. അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകണം. ഇവ പാലിക്കാത്തവരെ, അവർക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ കൊടുത്തുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ മാറ്റണം.