പ്രതീകാത്മക ചിത്രം
റിയാദ്: സൗദിക്കുനേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് വയസുകാരൻ ഉൾപ്പടെ പതിനൊന്ന് പേർക്ക് പരിക്കേറ്റു. യെമൻ അതിർത്തിക്ക് സമീപമുള്ള നജ്റാനിലാണ് ആക്രമണമുണ്ടായതെന്ന് സൗദി സൈന്യം വ്യക്തമാക്കി.
മധ്യ-കിഴക്കൻ യെമനിൽ സൈന്യത്തിന് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് സൗദിയിലേക്കും ആക്രമണം വ്യാപിച്ചത്. യെമനിലെ മാരിബ്, ഹദർമൗട്ട് പ്രവിശ്യകളിലെ സർക്കാർ അനുകൂല ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണം.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലെ നജ്റാൻ മേഖലയിലേക്ക് ഹൂതികൾ മിസൈലുകൾ വർഷിച്ചത്.
പരിക്കേറ്റവരിൽ ഏഴ് സൗദി പൗരന്മാരും ഒരു യെമൻ പൗരനും രണ്ട് ഈജിപ്ഷ്യൻ സ്വദേശികളും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെടുമെന്ന് സൗദി സൈനിക വക്താവ് തുർക്കി അൽ-മാലിക് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : HouthiAttack SaudiArabia YemenWar Injured