നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് വിഷയ വിദഗ്ധരുൾപ്പെടെ 13 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി: ചോദ്യങ്ങൾ മനഃപാഠമാക്കിയും ചെറിയ കടലാസ് കഷണങ്ങളിൽ (ചിറ്റുകൾ) കുറിച്ചുവെച്ചും എൻസിഇആർടി പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തിയുമാണ് നീറ്റ് യുജി 2026 ചോദ്യപ്പേപ്പർ ചോർത്തിയതെന്ന് സിബിഐ കുറ്റപത്രം. ഡിജിറ്റൽ തെളിവുകൾ ഒന്നുമില്ലാതെ കേസ് ഒഴിവാക്കാനാണ് പ്രതികൾ ഈ രീതികൾ ഉപയോഗിച്ചതെന്ന് സിബിഐ വ്യക്തമാക്കുന്നു.
ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച 94 പേജ് വരുന്ന പ്രധാന കുറ്റപത്രത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ വിദഗ്ധർ നടത്തിയ ആസൂത്രിത ചോർച്ചയുടെ വിവരങ്ങളുള്ളത്. മോഡറേഷൻ സമയത്ത് സുരക്ഷിത മേഖലകളിൽ ഇരുന്നുകൊണ്ട് ചോദ്യങ്ങൾ ചെറിയ കടലാസുകളിൽ കുറിച്ചെടുക്കുകയും, അവയോട് അനുബന്ധിച്ചുള്ള പുസ്തകങ്ങളിലെ ഖണ്ഡികകൾ അടയാളപ്പെടുത്തുകയും ചെയ്തു.
എളുപ്പമുള്ള ചോദ്യങ്ങൾ മനഃപാഠമാക്കി വെക്കുകയും, ദിവസാവസാനം ഹോട്ടൽ മുറികളിൽ മടങ്ങിയെത്തിയ ശേഷം ഇവ കടലാസിലേക്ക് പകർത്തി എഴുതുകയും ചെയ്തു. ചോർത്തിയ ചോദ്യങ്ങൾ സ്വകാര്യ കോച്ചിംഗ് ക്ലാസുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് കൈപ്പടയിൽ എഴുതിപ്പിച്ചു. വിശ്വസ്തരായ ഇടനിലക്കാരിലൂടെയും കോച്ചിംഗ് നെറ്റ്വർക്കുകളിലൂടെയും ചോദ്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു.
കെമിസ്ട്രി വിദഗ്ധൻ പി.വി. കുൽക്കർണി, ബോട്ടണി വിദഗ്ധ മനീഷ മന്ധാരെ, ഫിസിക്സ് വിദഗ്ധ മനീഷ ഹവാൽദാർ എന്നിവരാണ് ചോർച്ചയുടെ പ്രധാന ഉറവിടങ്ങളെന്ന് സിബിഐ കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. രഹസ്യ വിഭാഗത്തിൽ പ്രവേശിക്കുന്ന ജീവനക്കാരെ പരിശോധിക്കാൻ സംവിധാനമില്ലാത്ത എൻടിഎയുടെ സുരക്ഷാ വീഴ്ചയും സിബിഐ എടുത്തുപറഞ്ഞു. കേസിൽ അറസ്റ്റിലായ 13 പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Tags : NEETUG PaperLeak LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash