തായ്ലാൻഡിലെ സ്കൂളിൽ നടന്ന വെടിവെപ്പിനെ തുടർന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടുന്ന വിദ്യാർഥി
തായ്ലാൻഡ്: തായ്ലാൻഡിൽ ബാങ്കോക്കിന് വടക്കുള്ള സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച നോന്താബുരി പ്രവിശ്യയിലെ ബാംഗ് ക്രൂയി ജില്ലയിലുള്ള ഡെബ്സിറിൻ നോന്താബുരി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്ന് പോലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പ്ലായ് ബാംഗ് സബ് ഡിസ്ട്രിക്റ്റ് പോലീസ് തലവൻ ലെഫ്റ്റനന്റ് കേണൽ പസാകോൺ ചൈതവിവോംഗ് അറിയിച്ചു. സംഭവത്തെത്തുടർന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകി വരികയാണ്.
ഈ വർഷം ഫെബ്രുവരിയിൽ തെക്കൻ തായ്ലാൻഡിലെ ഹാറ്റ് യായ് ജില്ലയിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു അധ്യാപകൻ കൊല്ലപ്പെടുകയും വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തായ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Thailand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash