കൊല്ലപ്പെട്ട കോമൾ, അറസ്റ്റിലായ കമൽ
ന്യൂഡൽഹി: സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ സോഫ്റ്റ്വെയർ എൻജിനീയർ അറസ്റ്റിൽ. കമൽ സിംഗ് (62) ആണ് ഭാര്യ കോമളി (50)നെ കൊലപ്പെടുത്തിയത്. ഡൽഹി ഷാധരയിലെ ഗഗൻ വിഹാറിലാണ് സംഭവം.
ബാലക്കണിയിൽ തുണി ഉണക്കിക്കൊണ്ടിരിക്കുകയായിരുന്ന കോമളിന്റെ തലയ്ക്ക് പിന്നിൽ കമൽ വാളുകൊണ്ട് വെട്ടുകയായിരുന്നു. കോമള് നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. തുടർന്ന് മുടിയിൽ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന കമൽ കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രക്തക്കറയുള്ള വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കി പ്രതി, സ്കൂട്ടറിൽ രക്ഷപ്പെട്ടു. യാത്രയ്ക്കിടെ വാളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും കോമളിന്റെ മുറിയിൽ നിന്നുമായി ഏകദേശം 12,75,000 രൂപയും കൈക്കലാക്കിയാണ് ഇയാൾ കടന്നത്.
കൊലയ്ക്ക് പിന്നാലെ കമലിനെ കാണാത്തതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും, അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ വഴിമാറി മഥുരയിലേക്ക് തിരിക്കുകയായിരുന്നു. ആദ്യം മൊബൈൽ ഫോൺ ഓൺ ചെയ്ത് ഗോരഖ്പൂരിലേക്ക് പോയ കമൽ ഗോരഖ്പൂരിൽ എത്തിയ ശേഷം ഫോൺ ഓഫ് ചെയ്യുകയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ മഥുരയിലേക്ക് തിരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.
ഒരു വർഷത്തോളമായി ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, ജഗത്പുരിയിലെ ഒരു വസ്തുവിന്റെ പേരിലുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Crime Murder Wife