വ്യോമസേനയുടെ എലൈറ്റ് 'ടോപ്പ് ഗൺ' ക്ലബ്ബിലെത്തിയ സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ വീണ്ടും ചരിത്രം കുറിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. വ്യോമസേനയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അഡ്വാൻസ്ഡ് കോംബാറ്റ് ഫ്ലയിംഗ് പരിശീലനമായ 'ഫൈറ്റർ കോംബാറ്റ് ലീഡർ' കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ വനിതാ ഓഫീസറായി ഭാവന മാറി. ഇതോടെ ഇന്ത്യയുടെ എലൈറ്റ് 'ടോപ്പ് ഗൺ' ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ വനിത എന്ന നേട്ടവും ഭാവന സ്വന്തമാക്കി.
ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ നടത്തുന്ന 20 ആഴ്ച നീണ്ട തീവ്ര പരിശീലനമാണ് ഭാവന പൂർത്തിയാക്കിയത്. സേനയിലെ പൈലറ്റുമാരിൽ ഒരു ശതമാനത്തോളം വരുന്ന (100-ൽ ഒരാൾക്ക് മാത്രം) മിടുക്കർക്ക് മാത്രമാണ് ഈ കോഴ്സിലേക്ക് പ്രവേശനം ലഭിക്കാറുള്ളത്.
2016-ൽ ഇന്ത്യൻ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ മൂന്ന് വനിതകളിൽ ഒരാളാണ് ഭാവന (അവനി ചതുർവേദി, മോഹന സിംഗ് എന്നിവരാണ് മറ്റുള്ളവർ). 2018 മാർച്ച് മാസം മിഗ്-21 ബൈസൺ വിമാനത്തിൽ ഒറ്റയ്ക്ക് പറന്ന ഭാവന, പിന്നീട് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-30 എംകെഐ പറത്തുന്നതിലേക്ക് മാറി.
2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ ഫൈറ്റർ പൈലറ്റാണ്. 2020-ൽ രാഷ്ട്രപതി നൽകുന്ന 'നാരീശക്തി പുരസ്കാരം' ലഭിച്ചു. ബിഹാറിലെ ദർഭംഗ സ്വദേശിയായ ഭാവന കാന്ത്, എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് വ്യോമസേനയുടെ മുൻനിര തന്ത്രപ്രധാന പോരാളികളുടെ പട്ടികയിലേക്ക് ഉയർന്നത്.
Tags : BhawanaKanth SquadronLeader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash