അര്‍ജുന്‍ ആയങ്കി
കൊച്ചി: ആഭ്യന്തര മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശികളായ സൗദ്, ഇസ്മായില്‍ എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ അര്‍ജുന്‍ ആയങ്കി താമസിച്ചിരുന്നു. എറണാകുളത്താണ് അര്‍ജുന്‍ ആയങ്കിയുടെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായിട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് സുഹൃത്തുക്കള്‍ ആണെന്നാണ് പോലീസിന്‍റെ സംശയം. അതേസമയം, കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും. കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്. കേസിന്‍റെ അന്വേഷണച്ചുമതലയുള്ള ഊന്നുകല്‍ സിഐയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചും അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചു. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും വെല്ലുവിളിച്ചു കൊണ്ടാണ് പോസ്റ്റ്. അങ്ങനെ ചെയ്താല്‍ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നും പോസ്റ്റില്‍ പറയുന്നു.
Tags : ArjunaAyanki Friends Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines