Kerala
ഇരിട്ടി: 2001 ജൂൺ 22 ഒരു വെള്ളിയാഴ്ച നാലു സുഹൃത്തുക്കൾ ചെന്നൈ മെയിലിൽ കണ്ണൂരിൽനിന്നു ഷൊർണൂരിലേക്കു യാത്രതിരിച്ചു. കൃത്യമായി പറഞ്ഞാൽ ഇന്ന് ആ യാത്രയുടെ 25-ാമത് വാർഷികമാണ്. ചെന്നൈ മെയിലിൽ ഷൊർണൂരിൽ ഇറങ്ങി അവിടെനിന്നു തൃശൂരിലേക്ക്.
പിറ്റേന്നു രാവിലെ തൃശൂരിൽനിന്ന് ആലപ്പി- ബൊക്കാറോ എക്സ്പ്രസിൽ ആന്ധ്രയിലെ വിജയവാഡയിലേക്ക്. ഇതായിരുന്നു സുഹൃത്തുക്കളായ വർഗീസ്, സിജോ, ബിനേഷ്, ബാബു എന്നീ നാലു ചെറുപ്പക്കാരുടെ പ്ലാൻ. കടലുണ്ടി ദുരന്തം ഇവർക്ക് ജീവിതത്തിലേക്കുള്ള രണ്ടാം ജന്മത്തിന്റെ ഓർമകളാണ്. ബിരുദ പഠനശേഷം, സ്വന്തമായി ഒരു ജോലി എന്ന സ്വപ്നവും പേറിയായിരുന്നു അവരുടെ അന്നത്തെ യാത്ര ചെയ്തത്.
കലിതുള്ളി പെയ്യുന്ന മഴയിൽ ഒരു വെള്ളിയാഴ്ച വൈകുന്നേരം അറുപതോളം പേരുടെ ജീവനെടുത്ത കടലുണ്ടി ട്രെയിൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ഓർമകളാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകനായ എം.എം. വർഗീസ് ദീപികയോടു പങ്കിട്ടത്.
മഴ ശക്തമായതുകൊണ്ട് പതിവ് വേഗമൊന്നുമില്ലാതെ ചെന്നൈ മെയിൽ കോഴിക്കോട് ഫാറോക്ക് സ്റ്റേഷനുകൾ പിന്നിട്ട് കടലുണ്ടി പാലത്തിൽ കയറി. പെട്ടെന്നായിരുന്നു വലിയ ശബ്ദത്തോടെ ട്രെയിനിന്റെ ഏതാനും കോച്ചുകൾ പാലത്തിൽനിന്നും എടുത്തെറിയുന്നതുപോലെ പുഴയിലേക്ക് പതിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുന്‍പുതന്നെ എല്ലാം സംഭവിച്ചു. എങ്ങും മുഴങ്ങുന്നത് കൂട്ടക്കരച്ചിൽ.
ലഗേജുകളും മറ്റുസാധങ്ങളും നാലുപാടും ചിതറി വീഴുന്നു. പുഴയിലേക്കു പതിച്ച ബോഗികളിൽ ഒന്നിലായിരുന്നു ഞങ്ങളും ഉണ്ടായിരുന്നത്. എങ്ങനെയും രക്ഷപ്പെടാനുള്ള കൂട്ടപ്പാച്ചിൽ. അപകടത്തിൽ പരിക്ക് ഏൽക്കാത്തവർ ആരുമില്ല. പരിക്കിനെ വകവയ്ക്കാതെ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന ബോഗികൾക്കുള്ളിൽനിന്നു കിട്ടിയ ലെഗേജുകളും വാരിക്കൂട്ടി രക്ഷപ്പെടാൻ പലരും പരക്കം പായുന്നു. ഞങ്ങളുടെ കോച്ചിന്റെ ഒരു ഭാഗം ചെളിയിൽതാഴ്ന്ന് ഉറച്ചിരിക്കുകയായിരുന്നു. നീന്തി രക്ഷപ്പെടാനായി ചിലർ പുഴയിലേക്ക് ചാടി. എല്ലാവരും മരണത്തെ മുന്നിൽക്കണ്ടു.
നിമിഷങ്ങൾക്കുള്ളിൽ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനെത്തി. ഇവരുടെ വള്ളത്തിൽ ആളുകളെ കരയിൽ എത്തിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ബാബുവിനു മാത്രമാണ് അല്പം സാരമായ മുറിവേറ്റത്. സർട്ടിഫിക്കറ്റുകൾ അടങ്ങിയ കവർ നെഞ്ചോടു ചേർത്തുപിടിച്ച് രക്ഷകനായി അവതരിക്കുന്ന വള്ളക്കാരന്റെ വരവിനായി ചെളിയിൽ ഉറച്ചുനിൽക്കുന്ന ബോഗിയിൽ ഞങ്ങൾ കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ഒരു വള്ളത്തിൽ ഞങ്ങൾ നാലാളും കരയ്ക്കെത്തി. പിന്നിലെ കോച്ചുകളിൽനിന്നു കൂട്ടക്കരച്ചിലും അന്തരീക്ഷത്തിൽ മനുഷ്യരക്തത്തിന്റെ മണവും കലർന്ന വൈകുന്നേരമായിരുന്നു അത്. വള്ളത്തിൽനിന്നു നോക്കുന്പോൾ കാണുന്നതു പാലത്തിൽനിന്നു പുഴയിലേക്ക് കുത്തനെ തൂങ്ങിനിൽക്കുന്ന കോച്ചാണ്. അതിൽനിന്നാണു കൂട്ടക്കരച്ചിൽ ഉയർന്നുകേട്ടത്.
അപകടത്തിൽപ്പെട്ട് കരയ്ക്ക് എത്തിയവരുടെ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. കൈകാലുകളും കഴുത്തും വരെ ഒടിഞ്ഞവർ അക്കൂട്ടത്തിലുണ്ടായിരുന്നു. വള്ളത്തിൽനിന്ന് പരിക്കിനെ അവഗണിച്ച് ബാബുവാണ് ആദ്യമിറങ്ങിയത്. പിന്നാലെ ഞങ്ങൾ മൂന്നു പേരും. അപകടം നടന്ന പാലത്തിനു സമാന്തരമായി പുതുതായി പണിയുന്ന പാലം നിർമാണത്തിനായി ഇറക്കിയിട്ട ഇരുന്പ് ഷീറ്റുകളിൽ പരിക്കേറ്റവരെ ഒരോരുത്തരെ കിടത്തി. നാലു പേർ ചുമന്നാണ് വാഹനത്തിനു സമീപത്തേക്ക് എത്തിച്ചത്.
നേരം ഇരുളുന്നതുവരെ പരിക്കേറ്റവരെ വാഹനത്തിൽ എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അപകടവാർത്ത കാട്ടുതീ പോലെ പടർന്നു. ഞങ്ങൾ ചെന്നൈ മെയിലിൽ ആണ് പോകുന്നതെന്നു വീട്ടുകാർക്ക് അറിയാമായിരുന്നു. അപകടവാർത്ത അറിയുന്നതോടെ നാട്ടിലും വീട്ടിലും അകെ പ്രശ്നമാകും. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ ബന്ധുക്കളെ വിവരം അറിയിക്കാൻ അപകടത്തിൽ പെട്ടവർക്ക് ഫോൺ നൽകി സഹായിക്കുന്നു. അങ്ങനെ യാത്രയാക്കാൻ കണ്ണൂരിലെത്തിയ കസിനെ ഫോണിൽ വിളിച്ച് നാലുപേരും സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നീട് നാലുപേരും ലഗേജുമെടുത്ത് ഊടുവഴികളിലൂടെ നടന്ന് മെയിൻ റോഡിലെത്തി. കെഎസ്ആർടിസി ബസിൽ കയറി ഫറോക്കിലെത്തി. വസ്ത്രത്തിലും ശരീരത്തിലും മുഴുവൻ ചെളിയും രക്തക്കറകളുമായിരുന്നു. പ്രഥമ ശുശ്രൂഷകൾക്കുശേഷം വീട്ടിലേക്ക് തിരിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും ബാബുവിന്റെ ദൃഢനിശ്ചയത്തിൽ വിജയവാഡയിലേക്കു പോകാൻ തന്നെ തീരുമാനിച്ച് തൃശൂരിലേക്ക് ബസ് കയറി.
അടുത്ത ദിവസത്തെ പത്രങ്ങൾ കണ്ടപ്പോഴാണ് തങ്ങൾ രക്ഷപ്പെട്ട ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. ഞങ്ങൾ വാഹനത്തിൽ എത്തിച്ചവരിൽ ചിലർ മരിച്ചെന്ന അറിവ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.അതിനിടെ അപകടത്തിൽപ്പെട്ടവരുടെ പണവും സ്വർണവും മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തയും ഉണ്ടായിരുന്നു.
ആദ്യമൊക്കെ ട്രെയിൻ യാത്രകൾ ഭയമായിരുന്നുവെങ്കിലും പിന്നീട് മനഃപൂർവം യാത്രകൾക്കായി ട്രെയിനുകൾ തന്നെ തെരഞ്ഞെടുത്താണ് ഈ ഭയത്തെ അതിജീവിച്ചത്. വലിയ ദുരന്തത്തിൽനിന്ന് ഒന്നിച്ച് രക്ഷപ്പെട്ട ഞങ്ങളുടെ സൗഹൃദം വിദേശങ്ങളിലും നാടുകളിലുമായി ഇന്നും തുടരുന്നു .
ബാബു ഫിലിപ്പ് അഞ്ചനാട്ട് ഇപ്പോൾ ഓസ്ടേലിയയിൽ ബിസിനസുകാരനാണ്. ചന്ദനക്കാംപാറ സ്വദേശി ബിനേഷ് മാത്യു കാരാംകുന്നേൽ കംപ്യൂട്ടർ സംരംഭം നടത്തിവരികയാണ്. എടപ്പുഴ സ്വദേശി സിജോ അലക്സ് കുവൈറ്റിൽ അധ്യാപകനാണ്. പഴയ പാലത്തിന് പകരം പുതിയ പാലം വന്നു. പുതിയ പാലത്തിലൂടെ വീണ്ടും പലതവണ കടലുണ്ടി പാലം കടന്നിട്ടുണ്ട്. അവിടെ ജീവൻ പൊലിഞ്ഞവരെക്കുറിച്ചുള്ള വേദനകൾ ഇപ്പോഴും കൂടെയുണ്ട്.
Kerala
കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിച്ചിരുന്ന ദിനു അദ്നാന്, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്ലാല്‍ റോഷന് എന്നിവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാറുകളുടെ രജിസ്ട്രേഷന് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. നാല് പേരോടും എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ഒരു മാസം മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം നടത്താനും നിര്‍ദേശിച്ചു.
കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ എം. പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്.
കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു ഇവരുടെ യാത്ര. ഇതുവഴി വന്ന മറ്റുവാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയതുമില്ല. റീല്‍സ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഉപയോഗിച്ചത്. ഒമ്പത് കാറുകളില്‍ നാലെണ്ണമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
District News
ഇരിട്ടി: ബാരാപോൾ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി തൈക്കാട്ടിൽ ജിതിനാണ് (27) മരിച്ചത്.
തൈക്കാട്ടിൽ റിജോ - ജാൻസി ദമ്പതികളുടെ മകനാണ്. അപകടത്തിൽപ്പെട്ട സുഹൃത്ത് ഡിനോയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പായം പഞ്ചായത്തിലെ തെങ്ങോല കടവിലായിരുന്നു അപകടം. മരിച്ച ജിതിനും അഞ്ചു സഹൃത്തുക്കളുമാണ് കുളിക്കാൻ എത്തിയത്. ജിതിനും ഡിനോയും മറുകരയിലേക്ക് നീന്തുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ ആയിരുന്ന ഡിനോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കയത്തിലെ അഞ്ചു മീറ്ററിലധികം ആഴം വരുന്ന സ്ഥലത്ത് നിന്നാണ് ജിതിനിനെ കണ്ടെത്തിയത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് ജിതിനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജിറ്റിയാണ് മരിച്ച ജിതിനിന്റെ സഹോദരി.
Kerala
കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയശേഷം തിരികെ നൽകാതെ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതായി യുവാവിനെതിരേ പരാതി.
തിരുമാറാടി പഞ്ചായത്തിൽ ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരേയാണു പരാതി. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് ഇയാൾക്കെതിരേ ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് സജനും കുടുംബവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽനിന്നും വിവിധ ആവശ്യങ്ങൾ കാണിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയിരുന്നു. പിന്നീട് വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ല. ഇതേത്തുടർന്നാണ് വാഹന ഉടമകൾ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണു താമസം. ഇതിനിടെ സജനെയും ഭാര്യ അഞ്ജനയെയും കുട്ടികളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ എടുക്കുന്നതിനായി സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ സംശയമൊന്നുമുണ്ടായിട്ടില്ലെന്ന് വാഹനത്തിന്റെ ഉടമകൾ പറഞ്ഞു. 40,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ വാഹനം പണയം വച്ച് സജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
ഇവരുടെ കണക്കനുസരിച്ച് സജൻ കോടികളുടെ തട്ടിപ്പാണു നടത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കർണാടക ഭാഗത്ത് സജനും കുടുംബവും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
പരാതിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയിലൂടെ ലഭിച്ച വിവരമനുസരിച്ച് 35ലധികം വാഹനങ്ങൾ സജൻ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ കെണിയിൽ വീണിട്ടുള്ളതായും സംശയമുണ്ട്.
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണയം വച്ച ചില വാഹനങ്ങൾ പോലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണു വാഹനങ്ങൾ പണയം വച്ചിട്ടുളളത്.
ഇത്തരത്തിൽ പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം.
വിദ്യാഭ്യാസ കാലയളവിൽ കൂടെ പഠിച്ചിരുന്ന ആളുകളിൽനിന്നും മറ്റു പരിചയക്കാരിൽനിന്നുമാണ് വാഹനങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ ഇതര സ്റ്റേഷൻ പരിധികളിൽനിന്നു കണ്ടെത്തി.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. ഇത് കേടുവന്നപ്പോൾ സജൻ തന്നെ പരിചയമുള്ള ഒരു വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപ്പിച്ചു. എന്നാൽ വാഹനയുടമ മടങ്ങിയശേഷം ഈ വാഹനം വർക് ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയം വച്ചു. ഈ വിവരം കാണിച്ച് കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ സംസ്ഥാനം കടന്ന് പൊളിമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.