ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി തിരിച്ചുപിടിച്ചതോടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണപരമായ തീരുമാനങ്ങൾക്കുമേലുള്ള അധികാരം പരിമിതപ്പെടുന്നു. രണ്ടാം ഭരണകാലത്ത് പൂർണാധികാരത്തോടെ മുന്നോട്ടുപോകാമെന്ന ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും കണക്കുകൂട്ടലുകൾക്കു തിരിച്ചടിയാണ് ഇടക്കാല തെരഞ്ഞെടുപ്പു ഫലം.
ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളും ഇനിമുതൽ കോൺഗ്രസിൽ ശക്തമായ ചോദ്യം ചെയ്യലുകളെ നേരിടേണ്ടി വരും. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ ശക്തമായ പാർലമെന്ററി അന്വേഷണങ്ങൾ ആരംഭിക്കാനും ഡെമോക്രാറ്റുകൾക്ക് ഇതിലൂടെ വഴിയൊരുങ്ങിയിട്ടുണ്ട്.
മുന്നോട്ടുപോകുമെന്ന് ട്രംപ്
അതേസമയം, ഡെമോക്രാറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്താലും തന്റെ ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിലോ സെനറ്റിലോ ഭൂരിപക്ഷം നേടിയാൽ അവരുടെ നിയമനിർമാണങ്ങളെ ചെറുക്കാൻ തനിക്ക് 'വീറ്റോ' അധികാരമുണ്ടെന്ന് ട്രംപ് ഓർമിപ്പിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ 'വീറ്റോ' എന്നു രേഖപ്പെടുത്തിയ ചുവന്ന തൊപ്പിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് കടുപ്പിച്ചത്.
ജനപ്രതിനിധി സഭയുടെയോ സെനറ്റിന്റെയോ പിന്തുണയില്ലെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തന്റെ ഭരണപരിപാടികൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. ഫെഡറൽ ഏജൻസികളിൽ പ്രസിഡന്റിന് വിശാലമായ അധികാരങ്ങൾ നൽകുന്ന സുപ്രീംകോടതിയുടെ സമീപകാല വിധികളും അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിക്കുന്നു.
നിലപാട് കടുപ്പിച്ചേക്കും
റ്റോ അധികാരം നിരന്തരം ഉപയോഗിക്കുന്നത് ഒടുവിൽ ഡെമോക്രാറ്റുകളെ ഒത്തുതീർപ്പുകൾക്കു നിർബന്ധിതരാക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. അനധികൃത കുടിയേറ്റം, വിദേശവ്യാപാരം തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൂടുതൽ ശക്തമായ എക്സിക്യൂട്ടീവ് തീരുമാനങ്ങളിലേക്ക് കടക്കാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു ഫലം എതിരായാൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും അത് അംഗീകരിക്കാൻ തയാറാകുമോയെന്ന ആശങ്ക തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ രാഷ്ട്രീയ നിരീക്ഷകർ പങ്കുവച്ചിരുന്നു. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നെങ്കിലും ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags : #USPresident USElection USA DemocraticParty Republicans #donaldtrump