NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി റിയൽ എസ്റ്റേറ്റ് ബ്രോക്കർ ജോർജ് എബ്രഹാം (രാജു - 79) അന്തരിച്ചു. എൺപതുകളിൽ ആരംഭിച്ച എബ്രഹാം റിയൽറ്റി എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹം നിരവധി മലയാളികളെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഹൂസ്റ്റണിലെ ആദ്യ ഇന്റർനാഷണൽ ബ്രോക്കർ സ്ഥാപനവും എബ്രഹാം റിയൽ എസ്റ്റേറ്റ് കമ്പനി തന്നെയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആദ്യകാല പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ആദ്യമായി സ്വന്തമായി ഓഫീസ് ആരംഭിക്കാൻ മുൻകൈയെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു ജോർജ് എബ്രഹാം.
ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) ഹൂസ്റ്റണിൽ ആരംഭിച്ചതുമുതൽ അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ അമേരിക്കയിൽ എത്തിക്കുന്നതിനും പ്രവർത്തിച്ചിച്ചുണ്ട്.
തിരുവല്ല മാർത്തോമ്മ സഭയിൽ പ്രശസ്ത വൈദികനായിരുന്ന റവ.ഫാ. എബ്രഹാമിന്റെ മൂത്ത പുത്രനാണ് ജോർജ് എബ്രഹാം. ഭാര്യ ശോശാമ്മ ജോർജ് കോട്ടയം വടവാതൂർ ചുമ്മാർ കുടുംബാംഗമാണ്.
മക്കൾ: സിറിൽ ജോർജ്, സിനിൽ ജോർജ്. സഹോദരങ്ങൾ: ഫിലിപ്പ് എബ്രഹാം (ഹൂസ്റ്റൺ), ഉമ്മൻ എബ്രഹാം (ഇന്ത്യ).
സംസ്കാരം പിന്നീട്.
NRI
ഡാളസ്: ഇന്ത്യൻ ക്രിസ്ത്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലി ഹാളിലാണ് സമ്മേളനം.
സമ്മേളനത്തിൽ ഇർവിംഗ് മേയർ(AI Zapanta), ഷെർവിൻ ഡേസ്സ്, പ്രെഫസർ സണ്ണി മാത്യു ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രഭാഷകർ.
കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ നേതാക്കളും സംസാരിക്കും.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദര്യം, ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരണമെന്നതുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ മുഖ്യ സംഘാടകർ.
വേദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോൺ: 469 212 3216.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർക്ക് ഷിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.
വൈകുന്നേരം ആറിന് എത്തിച്ചേർന്ന സംഘം 30 മിനിറ്റോളം ഐഒഎസി പ്രവർത്തകരുമായി സൗഹൃദം പങ്കുവച്ചു. ഐഒഎസി ദേശീയ പ്രസിഡന്റ് സതീശൻ നായർ, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ, ട്രഷറർ ആന്റോ കവലയ്ക്കൽ, ഗ്ലാഡ്സൺ വർഗീസ്, സന്തോഷ് നായർ, ജോസ് മണക്കാട്ട്, ജീജി സാം, സജി കുര്യൻ തുടങ്ങി അനേകം പ്രവർത്തകർ നേതാക്കളെ സ്വീകരിച്ചു.
ഞായറാഴ്ച വൈകുന്നേരം 6.30ന് മോർട്ടൺ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഷിക്കാഗോ മലയാളി അസോസിയേഷനും പൗരാവലിയും ചേർന്നു നേതാക്കൾക്ക് സ്വീകരണം നൽകും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ടെക്സസ്: ഗ്രാമീണ - ആദിവാസി മേഖലകളിലെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൗണ്ടേഷന്റെ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ സംഘടിപ്പിച്ച ധനസമാഹരണ പരിപാടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഗാർലൻഡിലെ ഗ്രാൻവിൽ ആർട്സ് സെന്ററിൽ നടന്ന പരിപാടിയിലൂടെയും അനുബന്ധ ഫണ്ട്റൈസിംഗ് ക്യാമ്പയിനിലൂടെയും ഏകദേശം 2.22 ലക്ഷം ഡോളർ സംഭാവനകളും വാഗ്ദാനങ്ങളുമായി സമാഹരിച്ചതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമാഹരിച്ച തുക ഉപയോഗിച്ച് ഇന്ത്യയിലെ ഏകദേശം 342 ഗ്രാമങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഏകൽ വിദ്യാലയയുടെ വിലയിരുത്തൽ. ഇതിൽ 252 ഏകൽ സ്കൂളുകൾക്കുള്ള സഹായവും ഏകദേശം 30 ഗ്രാമങ്ങൾ വീതം ഉൾപ്പെടുന്ന മൂന്ന് പ്രത്യേക വികസന പദ്ധതികളും ഉൾപ്പെടുന്നു.
ഈ മൂന്ന് പദ്ധതികളിലൂടെ 90 ഗ്രാമങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎഫ്ഡബ്ല്യു ചാപ്റ്ററിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനസമാഹരണ പ്രവർത്തനങ്ങളിലൊന്നായി ഇത്തവണത്തെ ക്യാമ്പയിൻ മാറിയതായി സംഘാടകർ പറഞ്ഞു.
പങ്കാളിത്തം, സമാഹരിച്ച തുക, ദാതാക്കളുടെയും പിന്തുണക്കുന്നവരുടെയും എണ്ണം എന്നിവയിൽ മുൻകാല നേട്ടങ്ങൾ കൈവരിക്കാനോ മറികടക്കാനോ കഴിഞ്ഞതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിക്ക് മുന്നോടിയായി സായ് കറി ഒരുക്കിയ അത്താഴവിരുന്നോടെയാണ് അതിഥികളെ സ്വീകരിച്ചത്. തുടർന്ന് ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളും ഗ്രാമീണ മേഖലകളിൽ സംഘടന സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന അവതരണങ്ങൾ നടന്നു.
ഡിഎഫ്ഡബ്ല്യുയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദി
ഡിഎഫ്ഡബ്ല്യു മേഖലയിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രധാന ആകർഷണമായി. ഗുരു അഖില ജിയുടെയും ഹർഷ ജിയുടെയും നേതൃത്വത്തിലുള്ള ഡിഎഫ്ഡബ്ല്യു ആസ്ഥാനമായ കതക് റിഥംസ് അവതരിപ്പിച്ച "Kathak on the Silver Screen' എന്ന കലാപരിപാടി ശ്രദ്ധേയമായി.
വിദ്യാഭ്യാസത്തിനൊപ്പം സംസ്കാർ, മൂല്യങ്ങൾ, സ്വഭാവരൂപീകരണം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ കലാപാരമ്പര്യം എന്നിവയ്ക്കും ഏകൽ വിദ്യാലയ നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു കലാപരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
ദാതാക്കൾ, സ്പോൺസർമാർ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സിവിക് നേതാക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ഡിഎഫ്ഡബ്ല്യു സമൂഹത്തോട് ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. ഏകദേശം 2.22 ലക്ഷം ഡോളറിന്റെ പിന്തുണയും 342 ഗ്രാമങ്ങളെ സ്പർശിക്കാനുള്ള സാധ്യതയും വെറും കണക്കുകളല്ല. വിദ്യാഭ്യാസം, അവസരങ്ങൾ, സംസ്കാർ, സുസ്ഥിര വികസനം എന്നിവ ഗ്രാമീണ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമാണിത് എന്ന് ഏകൽ വിദ്യാലയ ഡിഎഫ്ഡബ്ല്യു ചാപ്റ്റർ പ്രസിഡന്റ് മീനു സുഹാൽക്ക പറഞ്ഞു.
ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി
ഏകൽ ഡിഎഫ്ഡബ്ല്യുവിന്റെ ആദ്യ പ്രസിഡന്റായിരുന്ന അന്തരിച്ച ധിരേൻ കുന്താവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഡാളസ് - ഫോർട്ട്വർത്ത് മേഖലയിൽ ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും ചടങ്ങിൽ അനുസ്മരിച്ചു.
തുടർന്ന് നിലവിളക്ക് തെളിയിക്കൽ, അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ, വിശിഷ്ടാതിഥികളെയും സിവിക് നേതാക്കളെയും ആദരിക്കൽ, ഏകൽ വിദ്യാലയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം എന്നിവയും നടന്നു.
സന്നദ്ധപ്രവർത്തകർ, സംഘടനാ നേതൃത്വം, ദാതാക്കൾ, സ്പോൺസർമാർ, യുവജന പ്രവർത്തകർ, വിവിധ സാമൂഹിക സംഘടനകൾ, മാധ്യമ - മാർക്കറ്റിംഗ് പങ്കാളികൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ധനസമാഹരണത്തിന്റെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വ്യക്തമാക്കി.
ഏകൽ വിദ്യാലയ
ഗ്രാമീണ - ആദിവാസി സമൂഹങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമാണ് ഏകൽ വിദ്യാലയ. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ, സൃഷ്ടിപരമായ പാരമ്പര്യം, ആരോഗ്യബോധവത്കരണം, നൈപുണ്യ വികസനം, ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര ഗ്രാമവികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് പകരമായി സിറിയ മുന്നോട്ടുവച്ച ബദൽമാർഗം സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സിറിയ പുതിയ ഗതാഗത മാർഗം മുന്നോട്ടുവച്ചത്.
സിറിയ മുന്നോട്ടുവച്ച ബദൽമാർഗം മികച്ചൊരു നീക്കമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇത് അതിഗംഭീരമെന്നാണ് ട്രംപ് പുതിയ ഗതാഗത മാർഗത്തെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
പശ്ചിമേഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന കരയിലൂടെയുള്ള പാത വികസിപ്പിക്കാനാണ് സിറിയയുടെ ശ്രമം. ഭൗമശാസ്ത്രപരമായ സ്ഥാനവും മെഡിറ്ററേനിയൻ കടലിലേക്കുള്ള ഗതാഗത സൗകര്യവും ഇതിനായി ഉപയോഗപ്പെടുത്താനാണ് സിറിയയുടെ നീക്കം.
NRI
ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും ഡിന്നറും ഒരുക്കിയത്.
ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് പ്രസിഡന്റും യുഎസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്റ് ഓഫ് പൊലിസ് ടോമി മേത്തിപ്പാറ എന്നിവര്‍ സംബന്ധിച്ചു.
നിര്‍മ്മലാ സീതാരാമന് നടത്തിയ പ്രസംഗത്തില്‍ 2026-ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജിഡിപി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ് 2026ല്‍ ഈ നേട്ടം കൈവരിച്ചത്.
2025ല്‍ 7.1 ശതമാനമായിരുന്നു. കാനഡയിലേയും ഷിക്കാഗോയിലേയും വിവിധ കമ്പനികളുടെ സിഇഒമാരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി. അവരെ ഇന്ത്യയിലേക്ക് ബിസിനസ് നടത്തുവാന്‍ ക്ഷണിച്ചു.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റുമായും മറ്റ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായും വിവിധ ചര്‍ച്ചകള്‍ നടത്തും.
ഇന്ത്യയില്‍ വിവിധ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും തൊഴില്‍ അവസരങ്ങള്‍ കൂട്ടുവാനും സഹായമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അവര്‍ ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു.
ഷിക്കാഗോ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഒമ്പത് അമേരിക്കന്‍ സ്റ്റേറ്റുകള്‍ ആണ്. അവിടെ ഏതാണ്ട് 8,00,000 ലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പറഞ്ഞു.
കോണ്‍ഗ്രസുമാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ പ്രസംഗത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആറ് കോണ്ഗ്രസുമാന്മാരും അമേരിക്കയിലെ മൊത്തം ഡോക്ടര്‍മാരില്‍ 10 ശതമാനവും ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.
NRI
ഡാളസ്: സൗത്ത് ഡാളസ് മേഖലയിലെ ആത്മീയ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ആരംഭിക്കുന്ന ഞായറാഴ്ച ആരാധനാ യോഗം ഞായറാഴ്ച രാത്രി ഏഴിന് ടെക്സസിലെ മിഡ്ലോതിയനിൽ വച്ച് നടക്കും.
"ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല' (മത്തായി 16:18) എന്ന തിരുവചനത്തെ മുൻനിർത്തിയാണ് ഈ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്.
ലോകത്തിലെ പ്രതിസന്ധികൾക്കും ആശങ്കകൾക്കും നടുവിൽ തകരാത്ത ഉറപ്പുള്ള പാറയായ ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുവാനും ക്രിസ്തുവിന്റെ സ്നേഹത്തിലും സത്യത്തിലും വളരുവാനും ഈ ആത്മീയ കൂട്ടായ്മ സഹായകമായിത്തീരും.
പ്രാർഥനയിലൂടെയും ആഴമേറിയ ദൈവവചന പഠനത്തിലൂടെയും വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ദൈവീക സമാധാനവും ഉൾക്കാഴ്ചയും പകരുക എന്നതാണ് ഈ ആരാധനയുടെ പ്രധാന ലക്ഷ്യം.
സൗത്ത് ഡാളസ് സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി പ്രാർഥന, വിശുദ്ധ കൂട്ടായ്മ, സേവനം എന്നിവ അടിസ്ഥാനമാക്കിയാണ് സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് പ്രവർത്തിക്കുന്നത്.
ജീവിതത്തിൽ പ്രത്യാശയും ആത്മീയ ധൈര്യവും പകരുന്ന വചനസന്ദേശവും കൃപയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരസ്പരം താങ്ങുവാനുമുള്ള പ്രാർഥനാ സമയവും യോഗത്തിലുണ്ടായിരിക്കും.
തകർച്ചകളിൽ ആശ്വാസവും ദൈവീക സാന്നിധ്യത്തിൽ പുതിയ ശക്തിയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സന്ധ്യാ ആരാധനയിലേക്ക് ജാതിമത ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
തീയതി: ഞായറാഴ്ച, സമയം: രാത്രി ഏഴ്, സ്ഥലം: 917 Cardinal Dr, Midlothian, TX 76066, United States.
കൂടുതൽ വിവരങ്ങൾക്കും പ്രാർഥനാ ആവശ്യങ്ങൾക്കും: പാസ്റ്റർ തോമസ് ജോൺ (Pr. Tee Jay): 214 500 8566.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ ബയൂകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നത് വീണ്ടും ആശങ്ക ഉയർത്തുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 20 വരെയുള്ള ഏകദേശം നാലാഴ്ചയ്ക്കിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ബയൂകൾ, റിട്ടൻഷൻ പോണ്ട്, ഹൈവേ മേൽപ്പാലത്തിനടിയിലെ സ്ഥലം, സ്കൂൾ ക്യാമ്പസ് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൂസ്റ്റൺ മേഖലയിലെ ബയൂകളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് പുതിയ സംഭവമല്ല.
Harris County Medical Examiners Office-ൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 2017 മുതൽ 2026 ഫെബ്രുവരി വരെ 208 മൃതദേഹങ്ങൾ ഹ്യൂസ്റ്റൺ മേഖലയിലെ ബയൂകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ പല മരണങ്ങളുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും എല്ലാം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നാലാഴ്ചയ്ക്കിടെ ഏഴ് കണ്ടെത്തലുകൾ
ജൂലൈ 29ന് Sims Bayou സമീപത്ത് പുല്ലുവെട്ടുന്നതിനിടെ തൊഴിലാളികളാണ് 33 വയസുള്ള Yvonne Lopez എന്ന യുവതിയുടെ ഭാഗികമായി കത്തിയ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ഓഗസ്റ്റ് 10ന് മാത്രം ഹൂസ്റ്റണിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. Brays Bayou-യിൽ ഒരു പുരുഷന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയപ്പോൾ, North Eldridge Parkway സമീപം അഴുകിയ നിലയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തി.
അതേ ദിവസം Interstate 45 മേൽപ്പാലത്തിനടിയിൽ കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഈ കേസിൽ ദുരൂഹ സാഹചര്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 11-ന് Memorial Hermann Southeast Hospital സമീപത്തെ റിട്ടൻഷൻ പോണ്ടിൽ മറ്റൊരു മൃതദേഹം കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ വ്യക്തമായ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേ ദിവസം Buffalo Bayou കരയിൽ അഴുകിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി; ശരീരത്തിൽ വ്യക്തമായ പരിക്കുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല.
ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 20-ന് Houston ISD-യുടെ Attucks Middle School ക്യാമ്പസിലെ ആളൊഴിഞ്ഞ ഭാഗത്ത് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. സ്കൂൾ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവം സ്കൂളുമായി ബന്ധപ്പെട്ടതല്ലെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭീഷണി ഉണ്ടായിരുന്നില്ലെന്നും HISD വ്യക്തമാക്കി.
തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയിൽ ‘ഹൂസ്റ്റണിൽ സീരിയൽ കില്ലർ ഉണ്ടോ?’ എന്ന തരത്തിലുള്ള സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഏഴ് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും Houston Police പുറത്തുവിട്ടിട്ടില്ല. ഓരോ കേസും പ്രത്യേകം അന്വേഷിക്കുകയാണ്.
മുൻപ് ബയൂകളിൽ മൃതദേഹങ്ങൾ തുടർച്ചയായി കണ്ടെത്തിയപ്പോഴും സമാനമായ സീരിയൽ കില്ലർ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് പൊലീസ് അന്നും വ്യക്തമാക്കിയിരുന്നു.
മരണങ്ങളുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം, ടോക്സിക്കോളജി ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകൾ നിർണായകമാണ്. വെള്ളത്തിൽ ഏറെനാൾ കിടന്ന മൃതദേഹങ്ങളുടെ കാര്യത്തിൽ മരണകാരണം കണ്ടെത്തുന്നത് കൂടുതൽ സങ്കീർണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നാലാഴ്ചയ്ക്കിടെ ഏഴ് മൃതദേഹങ്ങൾ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ സംഭവം ഹ്യൂസ്റ്റണിൽ വീണ്ടും സുരക്ഷാ ആശങ്കകൾക്കും സോഷ്യൽ മീഡിയ ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. കേസുകളിൽ അന്വേഷണം തുടരുകയാണ്.
NRI
ഫിലഡൽഫിയ: ന്യൂയോർക്ക് സ്റ്റേറ്റിലെ റിട്ട. ഫിനാൻഷ്യൽ ഓഫിസർ ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ് (ഐ.സി. ജോസഫ് 78) ഫിലഡൽഫിയയിൽ അന്തരിച്ചു. 1986ൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെത്തിയത്. വിരമിച്ച ശേഷം ഫിലഡൽഫിയയിലേക്ക് താമസം മാറ്റി.
മൂവാറ്റുപുഴയ്ക്കു സമീപമുള്ള കടവൂരാണ് സ്വദേശം. മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. കെഎസ്സിയിലും തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു.
ന്യൂയോർക്കിലായിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. പരേതരായ കടവൂർ ഐ.ജെ. ചാക്കോയുടെയും സിസിലിയുടെയും മകനാണ്. ഭാര്യ: ലിസമ്മ. മക്കൾ: ഡോ. ലിജോ, ലെവിൻ. മരുമകൾ: ഡോ. കെയ്ലിൻ.
പൊതുദർശനം: Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc. 101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.
സംസ്കാര ശുശ്രൂഷകൾ: A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.
Followed by a Funeral Mass at 11:00 AM. Burial will take place at Holy Sepulchre Cemetery, at 12:30 PM. 3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026.
NRI
ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രയർലൈനിന്റെ (ഐപിഎൽ) 641-ാമത് ഓൺലൈൻ പ്രാർഥനാ യോഗം വിജയകരമായി നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ വേദപാഠത്തിലും ധ്യാനത്തിലും സാമൂഹിക പ്രാർഥനയിലുമായി ഈ കൂട്ടായ്മയിൽ പങ്കെടുത്തു.
ഈസ്റ്റേൺ സമയം രാത്രി ഒമ്പതിന് ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതവും ആമുഖ സന്ദേശവും നൽകി. ഡാളസിൽ നിന്നുള്ള പി.വി. ജോൺ ആരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
തുടര്‍ന്ന് ഡാളസിൽ നിന്നുള്ള ലിലി അലക്സ് വേദഭാഗം വായിച്ചു. ഡാളസിൽ നിന്നുള്ള സാം അലക്സ് എഫെസ്യർ 6:18-നെ (എല്ലാ സമയത്തും ആത്മാവിൽ പ്രാർഥിച്ചുകൊണ്ടും...) അടിസ്ഥാനമാക്കി മുഖ്യ ദൈവവചന സന്ദേശം നൽകി.
പ്രാർഥന ഒരു ആത്മീയ ആയുധമാണെന്നും മധ്യസ്ഥപ്രാർഥനയും ആത്മാവിലുള്ള ജാഗ്രതയുമാണ് വിശ്വാസിയുടെ കരുത്തെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രാർഥനയിലൂടെ ദൈവത്തിന് നമ്മുടെ സാഹചര്യങ്ങളെ മാത്രമല്ല, നമ്മെത്തന്നെയും മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വചനസന്ദേശത്തിൽ വ്യക്തമാക്കി.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥന വേളയിൽ ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളെ മുൻനിർത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജാക്സണിൽ നിന്നുള്ള അലക്സ് തോമസ് കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു. റവ.ഡോ. ഫിലിപ്പ് യോഹന്നാന്റെ ( ന്യൂയോർക്ക് എപ്പിസ്കോപ്പൽ ഭദ്രാസനം) സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടെ യോഗം അവസാനിച്ചു.
ടെലികോൺഫറൻസിന്റെ സാങ്കേതിക സഹായങ്ങൾ നിർവഹിച്ചത് ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവരായിരുന്നു. ഐപിഎല്ലിന്റെ 642-ാമത് യോഗം അടുത്ത ചൊവ്വാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ സിഎസ്ഐ ചർച്ചിലെ റവ. ജേക്കബ് ജോർജ് ആയിരിക്കും അടുത്ത ആഴ്ചയിലെ വചനസന്ദേശം നൽകുന്നത്.
NRI
കല്ലിശേരി: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ പ്രാദേശിക ലേഖകനും മഴുക്കീർ വെള്ളവന്താനത്ത് വി.എ. സണ്ണി (മാത്തുക്കുട്ടി ഏബ്രഹാം - 75) അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: പ്രഭ സണ്ണി, കല്ലിശേരി കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യു, നിബു വെള്ളവന്താനം (യുഎസ്എ). മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു.
അമേരിക്കയിൽ മാധ്യമ പ്രവർത്തകനായ നിബു വെള്ളവന്താനം പിസിഎൻഎകെ. നാഷണൽ ട്രഷറർ, ഐപിസി സൗത്ത് ഈസ്റ്റ് റീജിയൺ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
NRI
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലഡൽഫിയയിൽ ഔദ്യോഗിക തുടക്കമായി.
ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോന കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിലാണ് യുഎസ് കിക്കോഫ് സംഘടിപ്പിക്കുന്നത്. An Evening of Celebration, Partnership & Community എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയിൽ അരങ്ങേറുന്നത്.
വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പി. പി. ജെയിംസ്, ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിന്റെ മുൻ സ്പീക്കർ ജോൺ പെർസൽ, ഫിലഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ഫിലാഡൽഫിയയിലെയും അമേരിക്കയിലെയും പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
ഓർമ്മ സീസൺ നാലിന്റെ വിജയത്തിനായി വിവിധ സംഘടനകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം മലയാളി സംഘടനകളെയും സാമൂഹിക-സാംസ്കാരിക നേതാക്കളെയും ഒരുമിപ്പിക്കുന്ന വേദിയായും പരിപാടി മാറും.
ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷനുമായുള്ള കൂടുതൽ വിപുലമായ സഹകരണവും പ്രധാന സവിശേഷതയാണ്. WMFന്റെ ആഗോള ശൃംഖലയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി കൂടുതൽ മലയാളി വിദ്യാർഥികളെ മത്സരത്തിന്റെ ഭാഗമാക്കാനും പ്രസംഗ-നേതൃത്വ പരിശീലനത്തിന് അന്താരാഷ്ട്ര വേദി ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരങ്ങൾ നടക്കുക. നാല് ഘട്ടങ്ങളിലായാണ് മത്സരപരമ്പര സംഘടിപ്പിക്കുന്നത്. സീസൺ നാലിൽ സബ് ജൂനിയർ വിഭാഗത്തിനായി ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും.
മത്സരത്തോടൊപ്പം പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക രീതിയും തുടരും. ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്.
ആദ്യ സീസണിൽ 428 പേരും രണ്ടാം സീസണിൽ 1,467 പേരും മൂന്നാം സീസണിൽ ഏകദേശം 1,650 പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തിരുന്നു. മുൻ സീസണുകളിലെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ WMF ഉൾപ്പെടെയുള്ള ആഗോള മലയാളി സംഘടനകളുടെ സഹകരണത്തോടെ നാലാം സീസണിലെ പങ്കാളിത്തം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
2027 ഓഗസ്റ്റിൽ പാലായിലാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുക. സെപ്റ്റംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയിൽ ആകെ 10 ലക്ഷം രൂപയുടെ സമ്മാനത്തുകയുണ്ട്. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണത്തിന് തുടക്കം
സീസൺ നാലിന്റെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ തുടക്കമായിരുന്നു. ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗ്മിത്വത്തിലേക്ക് ഒരു ചുവട് എന്ന പ്രചാരണ പരിപാടി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിവിധ പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ മന്ത്രിമാരായ റോജി എം. ജോൺ, മോൻസ് ജോസഫ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണ മികവും വളർത്തുന്നതിൽ അന്താരാഷ്ട്ര പബ്ലിക് സ്പീക്കിംഗ് സംരംഭത്തിന്റെ പ്രാധാന്യം പ്രമുഖർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രഫ. ടോമി ചെറിയാൻ, ജോർജ് കരുണക്കൽ, ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഏകോപനം
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർലിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഓർമ ഇന്റർനാഷണൽ ഭാരവാഹികളും ടാലന്റ് പ്രമോഷൻ ഫോറം ടീമും WMF ഉൾപ്പെടെയുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.ormaspeech.org
NRI
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന എംപയർ സ്റ്റേറ്റ് റീജിയണിലെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു.
ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിലാണ് ടീമിന് രൂപം നൽകിയിരിക്കുന്നത്. എംപയർ സ്റ്റേറ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിൽ, റീജിയണൽ വൈസ് ചെയറായി വിഷ്ണു നവനീത് നാരായണൻ പ്രവർത്തിക്കും.
നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ വീണ പിള്ളയും ഗിരീഷ് പോറ്റിയും ടീമിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.
റീജിയണൽ വിമൻസ് ചെയറായി അരുണ ആനന്ദും യുവ & യൂത്ത് ചെയറായി മിയ കിഴുതാനിയും ടീമിൽ ഉൾപ്പെടുന്നു. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളെയും യുവജനങ്ങളെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ.
സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിനായി പ്രത്യേക ഫോറം ചെയർമാരെയും നിയമിച്ചിട്ടുണ്ട്. ബീന നായർ സ്പിരിച്വൽ ഫോറം ചെയറായും ശ്രീജ വിഷ്ണു കൾച്ചറൽ ഫോറം ചെയറായും ജ്യോതി മേനോനും വീണ മേനോനും വിമൻസ് ഫോറം വൈസ് ചെയർ ആയും പ്രവർത്തിക്കും.
ആത്മീയം, സാംസ്കാരികം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ സമൂഹത്തെ ഉയർത്തുകയാണ് ഈ ഫോറങ്ങളുടെ ദൗത്യം.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വം പുതിയ എംപയർ സ്റ്റേറ്റ് റീജിയൺ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
NRI
ഒഹായോ: ഡെലവെയർ കൗണ്ടിയിൽ 55 വയസുകാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ബീൻ-ഓളർ റോഡിലെ ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ടമേലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.
കേസിൽ അന്വേഷണം തടസപ്പെടുത്തിയെന്നാരോപിച്ച് ടമേല ഡച്ചറുടെ 18 വയസുകാരിയായ മകൾ ബ്രയാന ഡച്ചറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഡെലവെയർ കൗണ്ടി ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
NRI
ഫ്ലോറിഡ: അയ്യപ്പഭക്തർക്ക് ശബരിമല തീർഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും ശബരിമല അയ്യപ്പ സേവാ സമാജവും സംയുക്തമായി ആരംഭിച്ച ഒരു വർഷം നീളുന്ന ശബരി യാത്ര സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീർഥയാത്ര തിങ്കളാഴ്ച സംഘടിപ്പിക്കും.
വർക്കലയിലെ ജനാർദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന യാത്രയിൽ 45 അയ്യപ്പഭക്തർ പങ്കെടുക്കും. യാത്രയ്ക്കാവശ്യമായ വാഹനസൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടെ 45 പേരുടെയും മുഴുവൻ ചെലവും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗവും ഹൂസ്റ്റണിലെ സാമൂഹിക പ്രവർത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തിട്ടുണ്ട്.
ഒരു തീർഥാടകനുപോലും സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല ദർശനത്തിന് തടസമാകരുതെന്ന സേവനസങ്കൽപ്പമാണ് കെഎച്ച്എൻഎ - എസ്എഎസ്എസ് ശബരി യാത്രയുടെ പിന്നിൽ. ഭക്തർക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങൾക്ക് തങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ശബരി യാത്ര വഴിപാടായി സ്പോൺസർ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
നാട്ടിൽ നേരിട്ട് എത്തി സേവനം ചെയ്യാൻ കഴിയാത്ത പ്രവാസി കുടുംബങ്ങൾക്ക് ഒരു ബസ് യാത്രയോ അന്നദാനമോ ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കെഎച്ച്എൻഎയുടെ സാമൂഹിക-ആത്മീയ ദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനമനോഭാവം മാതൃകാപരമാണെന്നും അവരുടെ ഈ വഴിപാട് കൂടുതൽ കുടുംബങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു യാത്രയോടെ അവസാനിക്കുന്ന പദ്ധതിയല്ല ശബരി യാത്ര. ഒരു വർഷം നീളുന്ന സേവന സംരംഭമായി കൂടുതൽ അയ്യപ്പഭക്തർക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്പോൺസർ ചെയ്യാനും ഭക്തർക്കുള്ള ഭക്ഷണച്ചെലവ് ഏറ്റെടുക്കാനും ഒരു യാത്രയുടെ മുഴുവൻ ചെലവും വഴിപാടായി സമർപ്പിക്കാനും പദ്ധതിയിലൂടെ അവസരമുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സുഹൃദ് കൂട്ടായ്മകൾക്കും പദ്ധതിയിൽ പങ്കാളികളാകാമെന്ന് കെഎച്ച്എൻഎ നേതൃത്വം അഭ്യർഥിച്ചു.
കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും രമണി പിള്ളയുടെ സേവനത്തിന് അഭിനന്ദനം അറിയിച്ചു. കൂടുതൽ കുടുംബങ്ങൾ ഈ ഭക്തിസേവന പദ്ധതിയുടെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.
NRI
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള എല്ലാ ഇടവകളിലും ഞായറാഴ്ച (ഓഗസ്റ്റ് 16) മെസെഞ്ചർ ഡേ ആയി ആചരിക്കുന്നു.
മാർത്തോമ്മ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ ഇടവകളിലെ ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോട് 2026-2029 ലേക്ക് എല്ലാ ഇടവകളിലും തെരഞ്ഞെടുക്കപെട്ട മെസഞ്ചർ പ്രൊമോട്ടേഴ്സ് അവരുടെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു.
മാർത്തോമ്മ സഭയുടെ നോർത് അമേരിക്കൻ ഭദ്രാസനത്തിന്റെ അധിനതയിൽ 84 ഇടവകളും 9737 ഫാമിലികളും നിലവിലുണ്ട്. അമേരിക്കയിൽ തന്നെ ഇപ്പോൾ 72 ഇടവകളാണുള്ളത്.
വ്യാഴാഴ്ച 8.30നു ഭദ്രാസന സെക്രട്ടറി റവ. ജോയൽ ശമുവേൽ തോമസ് വിളിച്ചു കൂട്ടിയ സൂം മീറ്റിംഗിൽ അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റെവ.ഡോ. എബ്രഹാം മാർ പൗലോസ് മെസ്സഞ്ചർ പ്രസിദ്ധികരണത്തിന്റെ കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെ ഭാരവാഹികളുടെയും പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും തുടന്നുള്ള നടത്തിപ്പിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
ഭദ്രാസനത്തിന്റെ പ്രസിദ്ധികരണമായ മാർത്തോമ്മ മെസെഞ്ചർ ഇടവകളിലെ എല്ലാ വീടുകളിലും എത്തിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രൊമോട്ടേഴ്സിനോടും ആഹ്വാനം ചെയ്തു.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേർന്നിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരോലിൻ പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നും എന്നാൽ സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് ഇതോടൊപ്പം അറിയിച്ചു.
കരോലിന്റെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. വരാനിരിക്കുന്ന മിഡ്-ടേം തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുഖ്യ ഉപദേശകയായി അവർ പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
ഇറാനിലെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്ക് മതിൽ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ തകർച്ചയിലാണെന്നും അവർ പ്രാണൻ രക്ഷാർഥം ഓടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഗുണ്ടയല്ലെന്ന് പറയുന്ന പോസ്റ്റ് അല്ലാഹുവിനെ സ്തുതിച്ചാണ് ട്രംപ് അവസാനിപ്പിക്കുന്നത്.
NRI
ഡാളസ്: സിഎസ്ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21 മുതൽ 23 വരെ നടക്കും. റവ. ബൈജു ഈപ്പൻ കൺവൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും.
"ദൈവിക വഴിനടത്തൽ' (സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
കൺവൻഷൻ സമയം: ഓഗസ്റ്റ് 21: രാത്രി ഏഴിന്,22 രാത്രി ഏഴിന്, 23: രാവിലെ 9:30ന്.
ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൺവൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.csicod.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ഹൂസ്റ്റൺ പൊന്നോണം ഈ മാസം 23ന് രാവിലെ 10 മുതൽ റോസൻബെർഗ് എപിക് സെന്ററിൽ നടക്കും. ക്ഷേത്രം പ്രസിഡന്റ് രാംദാസ് പരിപാടിയുടെ പ്രധാന പ്രത്യേകതകൾ വിശദീകരിച്ചു.
ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത നളപാചക വിദഗ്ധൻ തൃശൂർ അമ്പി സ്വാമിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. പരമ്പരാഗത പാചകരീതിയുടെ തനിമയും രുചിയും നിലനിർത്തിയുള്ള വിവിധ വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലായിരത്തോളം പേർ ഇതിനകം പ്രവേശന പാസ് നേടിയതായി സംഘാടകർ അറിയിച്ചു. പരമ്പരാഗത രീതിയിൽ വാഴയിലയിൽ തന്നെയായിരിക്കും സദ്യ വിളമ്പുക. കേരളത്തിന്റെ തനത് രുചിയും പാരമ്പര്യവും അമേരിക്കൻ മലയാളികൾക്ക് ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായിരിക്കും ഇത്.
NRI
ബോസ്റ്റൺ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ഇന്ത്യ ദിനമായി പ്രഖ്യാപിച്ച് യുഎസിലെ മസാചുസെറ്റ്സ് ഗവർണർ മോറ ഹീലി. മസാചുസെറ്റ്സിന്റെ സാമ്പത്തിക, സാംസ്കാരിക, പൊതുമേഖലകളിൽ ഇന്ത്യൻ വംശജർ നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ഈ പ്രഖ്യാപനം.
ലഫ്റ്റനന്റ് ഗവർണർ കിംബർലി ഡ്രിസ്കോൾ, സ്റ്റേറ്റ് സെക്രട്ടറി വില്യം ഫ്രാൻസിസ് ഗാൽവിൻ എന്നിവരും ഈ പ്രഖ്യാപനത്തെ പിന്തുണച്ചു.
സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന പങ്കാളിത്തത്തെ പ്രൊക്ലമേഷനിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
കൂടാതെ, ബോസ്റ്റൺ മേയർ മിഷേൽ വു നഗരതലത്തിലും ഓഗസ്റ്റ് 15 ഇന്ത്യ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അമേരിക്ക. സമാധാനചർച്ചകളുടെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി ഇറാന്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകളിൽ വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് സമാനമായി താനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
NRI
ഡാളസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാളസിൽ നിന്ന് കലിഫോർണിയയിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് യാത്രയയപ്പ് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി.
മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിന് പാപ്പച്ചന് ജേക്കബ്, അല്മായ നേതാക്കളായ പി.ടി. മാത്യു, ഷാജി എസ്. രാമപുരം, ജോൺ സി. മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ്. കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു.
ഡാളസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമാ കുടുംബങ്ങൾ ഒരുമിച്ചുകൂടി ആരാധന ആരംഭിച്ചതോടെയാണ് ഡാലസിൽ മാർത്തോമ്മാ സഭയുടെ ചരിത്രത്തിന് തുടക്കമായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു.
ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ കീഴിൽ അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി മാർത്തോമ്മ സഭ ഡാളസിൽ വളർന്നിരിക്കുന്നു.
ഗോള്‍ഡന്‍ ജൂബിലി സമാപനചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ ക്ഷണപ്രകാരമാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡാളസില്‍ എത്തിച്ചേര്‍ന്നത്.
ഇടവകയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ യംഗ് ഫാമിലിയുടെയും യൂത്ത് ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില്‍ നടന്ന റിവൈവല്‍ മീറ്റിംഗിലും ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിലും ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍ ഇടവകയുടെ ജൂബിലിയുടെ ഭാഗമായി പുതുതായി നിര്‍മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാഫലകം വാഴ്ത്തി അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങിനും നേതൃത്വം നൽകിയ ശേഷമാണ് സാൻഫ്രാൻസിസ്കോയിലും ലോസ് ആഞ്ചലസിലും നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മെത്രാപ്പോലീത്ത മടങ്ങിപോകുന്നത്.
NRI
ന്യൂജഴ്സി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ന്യൂജഴ്സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് നടത്തി.
ഈ വർഷത്തെ കോൺഫറൻസ് ജൂലെെ 25ന് യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ഒന്നാമൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ സമാപിച്ചു.
സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയിൽ എഴുന്നള്ളിവന്ന ശ്രേഷ്ഠ പിതാവിന് ന്യൂയോർക്കിലുള്ള പൊമോണയിൽ നടന്ന ബാങ്ക്വറ്റിൽ അതിവിപുലമായ സ്വീകരണമാണ് നൽകിയത്.
അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.
ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് ശ്രേഷ്ഠ ബാവയേയും ഓറിയന്റൽ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് കടന്നുവന്ന പിതാക്കന്മാരേയും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു കടന്നുവന്ന സഭാ പിതാക്കന്മാരേയും വൈദീകരേയും സന്നിഹിതരായിരുന്ന മറ്റേവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
NRI
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ "നിഴൽ 2026' ഈ മാസം എട്ടിന് വൈകുന്നേരം നാല് മുതൽ ഷിക്കാഗോ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.
യുവജനസഖ്യത്തിന്റെ "ഹോം ഫോർ ഹോംലെസ്' പദ്ധതിക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി ഭവനരഹിതർക്കായി വീടുകൾ നിർമിക്കുന്നതിനായി വിനിയോഗിക്കും.
ഇതുവരെ 350-ലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം നൽകാൻ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ "നിഴൽ 2026' ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഷിക്കാഗോ സിഎസ്ഐ ഇടവക വികാരി റവ. ഡി.എസ്. അരുൺ നിർവഹിക്കും.
നാടൻ ഭക്ഷണവിഭവങ്ങൾ, വിവിധ കലാപരിപാടികൾ, കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന ഗെയിമുകൾ, റാഫിൾ, കാർഷിക-കരകൗശല ഉത്പന്നങ്ങളുടെ ലേലം തുടങ്ങി നിരവധി പരിപാടികൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
"നിഴൽ 2026'ന്റെ ഫ്ലയർ പ്രകാശനം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭ മുൻ വൈദീക സെലക്ഷൻ കമ്മിറ്റി അംഗവും ഫാമിലി കൗൺസിലറുമായ റവ. അബ്രാഹാം സക്കറിയ, സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാനരചയിതാവുമായ റവ. വി.ടി. ജോണിന് നൽകി നിർവഹിച്ചു.
യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ബിജു യോഹന്നാൻ, റവ. ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
"ക്രിസ്തുവിൻ നിഴലായി, അപരന്റെ സ്വപ്നം സാക്ഷാത്കരിക്കുക' എന്ന സന്ദേശവുമായി ഒരുക്കുന്ന നിഴൽ 2026ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
വാഷിംഗ്ടൺ: കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതനായ കെ.ജെ. ചാക്കോയുടെ മകന് ഡൊമിനിക് സാവിയോ കെ. ജേക്കബ് (71) അമേരിക്കയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ അനിത എറണാകുളം പള്ളത്തുകുഴി കുടുംബാംഗം. മക്കള്‍: റിയ, നിക്ക്.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തിന് നടന്ന വി. കുർബാനയ്ക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു.
NRI
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിക്കുകയും രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വാക്കുതർക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ പങ്കെടുത്ത 19 വയസുകാരനായ ജൂണിയർ സി. നിക്കോ സെമോ സംഭവസ്ഥലത്തുവച്ച് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ 56 വയസുകാരിയായ ആഷ്ലി വൈറ്റ്ഹെഡ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മൂന്നാമത്തെ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരനായ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മൂന്നാം പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ രണ്ട് വയസുകാരൻ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ആശുപത്രി വിട്ടു. എഫ്ബിഐ, എടിഎഫ്, പ്രാദേശിക പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണമാണ് നടക്കുന്നത്.
സംഭവസ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
NRI
ന്യൂജഴ്സി: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും ഒപ്പം കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമാരും അഡ്വൈസറി ബോർഡ് ചെയർമാൻമാരുമടക്കം മുൻനിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും.
ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത് ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രെഷറർ കവിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകാൻ എത്തും. അതേ വേദിയിൽത്തന്നെ ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.
നാഷണൽ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉദ്ഘാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി, ട്രെഷറർ വിജു വർഗീസ് എന്നിവർ പറഞ്ഞു.
NRI
എഡിൻബർഗ്: ടെക്സസ്, ഒക്ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.
എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.
ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.
16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ
2007-ൽ ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.
നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബിസിനസ് നെറ്റ്വർക്കിംഗും വിനോദസഞ്ചാരവും
കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:
സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.
RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്പേസ് എക്സ് സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.
IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.
NRI
ബംഗളൂരു: ഐപിസി ഹെബ്രോൻ സഭയുടെ (ഒക്ലഹോമ) സീനിയർ പാസ്റ്ററും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ്വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ ഷിബു തോമസിന്റെ മാതാവ് അന്നമ്മ തോമസ് (79) ബംഗളൂരുവിൽ അന്തരിച്ചു.
പാസ്റ്റർ ടി.സി. തോമസാണ് ഭർത്താവ്. മക്കൾ: ഷേർലി ഏണസ്റ്റ് (ബംഗളൂരു), പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ), ഷിജു തോമസ് (ബംഗളൂരു).
മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബംഗളൂരു), രേഷ്മ ഷിബു (ഒക്ലഹോമ), റെറ്റി ഷിജു (ബംഗളൂരു).
സംസ്കാരം പിന്നീട് ബംഗളൂരുവിൽ നടക്കും.
NRI
ലാങ്കസ്റ്റർ: ആത്മീയ പ്രഭാഷണങ്ങളും പ്രാർഥനാ ശുശ്രൂഷകളും വിവിധ പ്രായക്കാർക്കായുള്ള ചിന്തോദ്ദീപക സെഷനുകളും കൊണ്ട് ശ്രദ്ധേയമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം.
പെൻസിൽവേനിയയിലെ വിൻധം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന പരിപാടികളിൽ വിശ്വാസജീവിതത്തിന്റെ ആഴവും സഭാകൂട്ടായ്മയുടെ പ്രാധാന്യവും കുടുംബബന്ധങ്ങളുടെ വിശുദ്ധിയും ആത്മീയ നവീകരണത്തിന്റെ ആവശ്യകതയും വിവിധ പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
ദിവസം മലയാളം, ഇംഗ്ലീഷ് പ്രഭാത നമസ്കാരങ്ങളോടെയാണ് ആരംഭിച്ചത്. ഫാ. സണ്ണി ജോസഫ് നടത്തിയ വചനസന്ദേശത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ വിശ്വാസത്തോടെയും കരുണയോടെയും നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
നോഹ, വിശുദ്ധ യൗസേപ്പ്, പത്രോസ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പരിവർത്തനത്തിന്റെ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സെഷനിൽ ഫാ. സുജിത് തോമസും വചനസന്ദേശം നൽകി.
പ്രഭാത സെഷനിൽ ഫാ. ഡോ. എബി ജോർജ്, പരസ്പരം ക്രിസ്തുവിനെ ദർശിക്കാനും ബഹുമാനിക്കാനും കഴിയുമ്പോഴാണ് സഭാജീവിതം അർഥപൂർണമാകുന്നതെന്ന് വ്യക്തമാക്കി. സഹോദരനിൽ ക്രിസ്തുവിനെ കാണുന്ന മനോഭാവമാണ് കുടുംബങ്ങളെയും ഇടവകകളെയും വിശുദ്ധീകരിക്കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുതിർന്നവർക്കായുള്ള മലയാളം സെഷനിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സഭയോടു ചേർന്നുള്ള വിശ്വാസാനുഭവമാണ് യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറയെന്ന് ഓർമിപ്പിച്ചു.
ദൈവകൃപ വ്യക്തിപരമായ അനുഭവത്തിൽ ഒതുങ്ങുന്നതല്ലെന്നും സഭയുടെ കൂദാശാപരമായ ജീവിതത്തിലൂടെയാണ് വിശ്വാസി ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയെ വെറും ആരാധനാലയമെന്ന നിലയിൽ കാണാതെ വിശ്വാസിയുടെ ആത്മീയ രൂപീകരണത്തിന്റെ ജീവസാന്നിധ്യമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഡിട്രോയിറ്റ്: ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഓൺലൈൻ സംഗീത കൂട്ടായ്മയായ "സ്വർഗീയ സംഗീതം' പരമ്പരയുടെ 47-ാമത് വോളിയം ഇന്ന് ഓൺലൈൻ സംഗീത സായാഹ്നമായി അരങ്ങേറും.
ഈസ്റ്റേൺ സമയം രാത്രി 8.15ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുക. പ്രശസ്ത ഗായകനും സംഗീതസംവിധായകനും സൗണ്ട് എൻജിനിയറുമായ മോൻസി തോമസ് കാരയ്ക്കൽ പങ്കെടുക്കുന്ന "ഫേസ് ടു ഫേസ്' അഭിമുഖവും തത്സമയ ഗാനസന്ധ്യയുമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
സുവിശേഷ-ആത്മീയ സംഗീതരംഗത്ത് നൂറിലധികം ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള മോൻസി തോമസ് കാരയ്ക്കൽ നിരവധി ഗാനങ്ങളുടെ ഓർക്കസ്ട്രേഷനും നിർവഹിച്ചിട്ടുണ്ട്.
മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ ഡോ. മാത്യൂസ് മാർ അത്തനാസിയോസ് മെമ്മോറിയൽ ഗോസ്പൽ ടീമിൽ കഴിഞ്ഞ 12 വർഷമായി അദ്ദേഹം സജീവ അംഗമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആത്മീയ സംഗമമായ മാരാമൺ കൺവൻഷനിൽ അദ്ദേഹത്തിന്റെ സംഗീതസൃഷ്ടികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മാരാമൺ ക്വയറിലെ സജീവ സാന്നിധ്യമായും അദ്ദേഹം ശ്രദ്ധേയനാണെന്നും സംഘാടകർ അറിയിച്ചു.
എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, കെസ്റ്റർ, ഇമ്മാനുവൽ ഹെൻറി, അഭിജിത്ത് തുടങ്ങി പ്രമുഖ പിന്നണി - സുവിശേഷ ഗായകരുമായി സഹകരിച്ച് നിരവധി ശ്രദ്ധേയ ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ സീനാമോളും മകൾ മരിയ റെയ്ച്ചലും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം തിരുവല്ലയിലാണ് താമസം.
സാം അലക്സിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന സംഗീതസായാഹ്നത്തിൽ റവ. ജേക്കബ് തോമസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, റവ. സാം ലൂക്കോസ്, ജോജു, സാബു, ഷിജു, അജി, റിട്ടു, രജനി, ഷീബ, ജനിയ എന്നിവരും പരിപാടിയിൽ സഹപങ്കാളികളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയ സംഗീതാസ്വാദകരെ ഈ അനുഗ്രഹീത സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സൂം ലൈവ് വിവരങ്ങൾ: മീറ്റിംഗ് ഐഡി: 769 374 4841, പാസ്കോഡ്: music.
NRI
ന്യൂയോർക്ക്: മലയാള സാഹിത്യത്തിൽ വേറിട്ട ആഖ്യാനശൈലിയിലൂടെ പുതിയ ഭാവുകത്വം സൃഷ്ടിച്ച പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി.ഡി. രാമകൃഷ്ണൻ വരും മാസങ്ങളിൽ അമേരിക്ക സന്ദർശിക്കും.
പെൻസിൽവേനിയയിലെ പോക്കോനോസ് റിസോർട്ടിൽ നടക്കുന്ന ഫോക്കാന 2026 കേന്ദ്ര കൺവെൻഷനിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ലോകസാഹിത്യത്തിന്റെ വിസ്മയങ്ങളുമായി വായനക്കാരെ കൈപിടിച്ചുനടത്തിയ എഴുത്തുകാരനെ വരവേൽക്കാൻ അമേരിക്കൻ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു.
കേന്ദ്ര കൺവൻഷനു പുറമെ, ഡാളസിലെ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും അദ്ദേഹം വിശിഷ്ടാതിഥിയായിരിക്കും. ന്യൂയോർക്ക്, ന്യൂജഴ്സി, മിഷിഗൺ എന്നിവിടങ്ങളിലെ വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
നോർത്ത് ടെക്സസിലെ പ്രമുഖ എഴുത്തുകാരുടെയും സാഹിത്യപ്രേമികളുടെയും കൂട്ടായ്മയായ ലാനാ സംഘടിപ്പിക്കുന്ന പ്രത്യേക സാഹിത്യസംവാദത്തിലും ടി.ഡി. രാമകൃഷ്ണൻ വായനക്കാരുമായി നേരിട്ട് സംവദിക്കും.
പ്രമുഖ സാഹിത്യകാരനായ ടി. ഡി. രാമകൃഷ്ണന്റെ അമേരിക്കൻ സന്ദർശനം അമേരിക്കൻ മലയാളി സമൂഹത്തിനും സാഹിത്യ-സാംസ്കാരിക സംഘടനകൾക്കും വലിയ ആവേശമാണ് പകരുന്നത്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വായനക്കാരുമായുള്ള സംവാദങ്ങളും സാഹിത്യസ്നേഹികൾക്ക് അപൂർവ അവസരമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി മാളിയേക്കൽ: +1 214 940 3853, അബ്ദുൾ പുന്നിയൂർകുളം: +1 859 282 5825, ടി. ഡി. രാമകൃഷ്ണൻ: +91 94475 34168.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി കായികപ്രേമികൾക്ക് ആവേശത്തിന്റെ പുത്തൻ അനുഭവം സമ്മാനിച്ചു. മത്സരം കാണാൻ ഡാളസിലെ മലയാളി സമൂഹം ഒന്നടങ്കം ഒഴുകിയെത്തി.
നിരവധി മലയാളി കുടുംബങ്ങളും ഫുട്ബോൾ ആരാധകരും പങ്കെടുത്ത ഈ ഒത്തുചേരൽ ഡാളസിലെ പ്രവാസി മലയാളി ചരിത്രത്തിലെ സമാനതകളില്ലാത്ത കായിക ഉത്സവമായി മാറി.
കമ്യൂണിറ്റിയിലെ കായിക പരിശീലകരായ കോച്ച് ഓസ്റ്റിൻ സെബാസ്റ്റ്യൻ, കോച്ച് മാറ്റ് ജേക്കബ് എന്നിവർ ചേർന്ന് നയിച്ച പ്രീ-മാച്ച് ടാക്റ്റിക്കൽ വിശകലനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
വലിയ സ്ക്രീനിൽ തത്സമയം മത്സരം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി, ഇരു ടീമുകളുടെയും കരുത്തും ദൗർബല്യങ്ങളും കളി തന്ത്രങ്ങളും വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ വിശകലനം.
ഇത് കാണികളിൽ മത്സരത്തെക്കുറിച്ചുള്ള കൗതുകവും ആവേശവും ഇരട്ടിയാക്കി. തുടർന്ന് മത്സരത്തിന്റെ പുരോഗതിയിൽ ഓരോ നിമിഷവും കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് വീക്ഷിച്ചത്.
NRI
ടെക്സസ്: ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ "Choir Retreat26' എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് ഒന്നിന് രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തിൽ നടക്കും.
രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. "A Musical Feast of the Word' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും.
സംഗീതസംവിധായകൻ, കുടുംബ കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയർ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകൾ നയിക്കും.
ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്.
ഗാനപരിശീലനം, ആരാധനാനുഭവങ്ങൾ, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ കൺവീനർ അനുഗ്രഹ റെനിയാണ്.
കൂടുതൽ വിവരങ്ങൾക്ക് (469) 768-7693 (അനുഗ്രഹ റെനി) അല്ലെങ്കിൽ (248) 417-4207 (റേച്ചൽ ജോൺ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
International
ടെഹ്റാൻ: ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ തുടർച്ചയായ പന്ത്രണ്ടാം രാവിലാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നത്.
"കമാൻഡർ ഇൻ ചീഫിന്റെ (അമേരിക്കൻ പ്രസിഡന്റ്) നിർദേശപ്രകാരം ഇന്ന് ഈസ്റ്റേൺ സമയം വൈകുന്നേരം അഞ്ചരയോടെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചു. മേഖലയിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരായ നാവികർക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി പൂർണമായും ഇല്ലാതാക്കുന്നത് വരെ ഈ ദൗത്യം തുടരും'- യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 3,750 കോടി ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ).
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിലെ വിനിയോഗ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം.
പശ്ചിമേഷ്യയിലേക്ക് 6,700 കോടി അടക്കം യുഎസ് പ്രതിരോധ വകുപ്പിന് 8,700 കോടി ഡോളർ അടിയന്തരമായി അനുവദിക്കണമെന്ന് ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
പണം ലഭിച്ചില്ലെങ്കിൽ സൈനികരുടെ ശന്പളം വൈകുന്നതിനു പുറമേ ആയുധ ദൗർലഭ്യവും ഉണ്ടാകാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
NRI
ഫിലഡൽഫിയ: ചെങ്ങന്നൂർ അസോസിയേഷന്റെ പുതിയ വർഷങ്ങളിലേക്കുള്ള (2026 - 2028) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീലാമ്മ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
അസോസിയേഷന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ജോസ് സഖറിയ, വൈസ് പ്രസിഡന്റ്: ബെന്നി മാത്യു, സെക്രട്ടറി: ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി: ജോർജ് കുര്യൻ, ട്രഷറർ: റെജിമോൻ മാത്യു, ഏരിയ കൺവീനേഴ്സ്: സതീഷ് വർഗീസ്, കോശി ദാനിയേൽ, ലീലാമ്മ വർഗീസ്.
പ്രധാന തീരുമാനങ്ങൾ
അടുത്ത കമ്മിറ്റി മീറ്റിംഗ്: വരുന്ന ഓഗസ്റ്റ് 16ന് അടുത്ത യോഗം ചേരുന്നതാണ്. വിവിധ ഏരിയകളിൽ നിന്നുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്നേ ദിവസം നടക്കും.
പ്രവർത്തന ഉദ്ഘാടനവും ഓണാഘോഷവും: ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും വിപുലമായ ഓണാഘോഷ പരിപാടികളും ഒക്ടോബർ 10-ന് നടത്താൻ തീരുമാനിച്ചു.
അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏവരുടെയും പൂർണസഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററിൽ വച്ച് നടന്നു. ജെസി ജയിംസിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി.
പിറവത്തെ മനുഷ്യർ നാടിനോട് ഒപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമെന്യ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് പ്രസംഗത്തിൽ സൂചിപ്പിച്ചു. സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.
പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ റവ.ഫാ. എപ്പിസ്കോപ്പ ചെറിയാൻ നീലാങ്കൽ സംഗമത്തിന് ആശംസകൾ നേർന്നു. ജോൺ ഐസക് , ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവരും ആശംസകൾ നേർന്നു.
ജോയ് ഇട്ടൻ (പ്രസിഡന്റ്), ജെനു കെ പോൾ (സെക്രട്ടറി) എന്നിവർ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.
International
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി യുഎസ്. പുതിയ തീരുവ ഏർപ്പെടുത്തി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു.
മദ്യം, വാഹനങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ തങ്ങളോട് "വിവേചനപരമായ സമീപനം" കാണിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.പുതിയ നികുതി നിരക്കുകൾ 30 ദിവസത്തിനകം നിലവിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഊർജ്ജം, പൊട്ടാഷ്, മറ്റ് പ്രത്യേക മേഖലകളിൽ പെടുന്ന ചില ഉൽപ്പന്നങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പ്രകാരം രാജ്യത്തേക്ക് എത്തുന്ന ഉൽപ്പന്നങ്ങളെ ഈ പുതിയ തീരുമാനം ബാധിക്കും.
Movies
അമേരിക്കയിൽ വെച്ച് ഫഹദ് ഫാസിലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് മോഹൻലാൽ. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ഫഹദും മോഹൻലാലും പ്രത്യക്ഷപ്പെടുന്നത്.
യുഎസ്എയിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – ഇംഗ്ലണ്ട് മത്സരം കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഫഹദും എത്തിയിരുന്നു. ഈ മത്സരത്തിനിടയിൽ പകർത്തിയ ചിത്രമാണ് മോഹൻലാൽ തന്റെ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് രസകരമായ കമന്റുമായി ഫഹദും കമന്റ് ബോക്സിലെത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ‘വെൻ എടാ മോനെ മീറ്റ്സ് എന്താ മോനെ’ എന്നായിരുന്നു ഫഹദിന്റെ കമന്റ്. ആവേശത്തിലെ രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് ആരാധകർ കൈയടികളോടെ ഏറ്റെടുത്തു.
NRI
ഗാർലൻഡ്: ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങൾ നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായർ രാവിലെ 10നും സമ്മേളനങ്ങൾ ആരംഭിക്കും. ആത്മീയ ഉണർവ്, ദൈവവചന പഠനം, ആരാധന, പ്രാർഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന ഈ കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തിൽ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സീറോമലബാർ സഭയുടെ ദേശീയ കൺവൻഷൻ മൂന്നാം ദിവസവും മക്കോർമിക് പ്ലേസിൽ പ്രൗഢഗംഭീരമായി നടന്നു.
നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവൻഷന്റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനമായ ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.
പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവൻഷന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.
കൺവൻഷനിലെ പ്രധാന ചടങ്ങുകളും സമ്മേളനങ്ങളും താഴെ പറയുന്നവയാണ്:
വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും
ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.
പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച "വിശ്വാസത്തോടെ മുന്നോട്ട്' (Walk By Faith, Not By Sight) എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്.
വിവാഹജീവിതവും കുടുംബഭദ്രതയും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കൺവൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച "More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്.
തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏജിംഗ് വിത്ത് ഗ്രേസ്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നയിച്ച ഏജിംഗ് വിത്ത് ഗ്രേസ് എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിൽ എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
NRI
ഹൂസ്റ്റൺ: ഈസ്റ്റെക്സ് ഫ്രീവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബെൽറ്റ്വേയ്ക്ക് സമീപം ഒരു സെഡാൻ കാറും 18വീലർ വലിയ ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുപേർ മരണപ്പെട്ടതായി ഹൂസ്റ്റൺ പോലീസ് സ്ഥിരീകരിച്ചു.
കാറിലുണ്ടായിരുന്ന മൂന്നാമതൊരു വ്യക്തിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ട്രക്ക് ഡ്രൈവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് ഈസ്റ്റെക്സ് ഫ്രീവേയുടെ സൗത്ത്ബൗണ്ട് ലൈനുകളെല്ലാം പൂർണമായി അടച്ചു. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
NRI
ടെക്സസ്: മുപ്പതാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് 2027 ജൂലൈ 15 മുതൽ 18 വരെ ഓസ്റ്റിൻ സിറ്റിക്ക് അടുത്ത് സാൻ മാർക്കോസ് കോൺഫറൻസ് സെന്റർ ആൻഡ് എംബസി സ്യൂട്ടിൽ നടക്കും.
ഓസ്റ്റിൻ ഗേറ്റ് വേ ചർച്ചിന്റെ സീനിയർ പാസ്റ്റർ ഏബ്രഹാം തോമസാണ് പ്രസിഡന്റ് നാക്കോഗിന്റെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫറൻസുകളിൽ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോൾ എൻഎസിഒജി ചർച്ച് ഗ്രോത്ത് ഡയറക്ടറാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് വൺ ചർച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൺ പ്രസിഡന്റായിരുന്നു.
സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവൻഷൻ സെക്രട്ടറിയായിരുന്നു. 2023ൽ ലാങ്കസ്റ്ററിൽ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു.
ഇപ്പോൾ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവർത്തിക്കുന്നു. ഡോ. അജി ഇടിക്കുളയാണ് ട്രഷറാർ, ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ട്രഷറാറുമാണ്.
ഇംഗ്ലീഷ് സർവ്വീസ് കോർഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.
നാഷണൽ മീഡിയ കൺവീനറായി ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോർജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ൻഎ എന്നീ കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രെയർ കോഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ റിവൈവൽ ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററാണ്.
2027 കോൺഫറൻസിന്റെ വിജയത്തിനായി സംഘാടകർ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കർമ്മനിരതരായിക്കഴിഞ്ഞു.
NRI
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ ഭക്തിനിർഭരമായ തുടക്കം.
ജൂലൈ 15 മുതൽ 18 വരെ വിൻഡ്ഹം ലാങ്കസ്റ്ററിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും ക്രിസ്തീയ കൂട്ടായ്മയ്ക്കും ഏറെ നിർണായകമായ പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും ക്രിസ്തീയ കൂട്ടായ്മയിൽ വളർത്തുന്നതിൽ ഈ കോൺഫറൻസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. യുവതലമുറയ്ക്ക് പരസ്പരം ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും ആധ്യാത്മിക അറിവ് നേടാനും ഈ കോൺഫറൻസ് ദിനങ്ങൾ സഹായകമാകുമെന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. അലക്സ് ജോയി വ്യക്തമാക്കി.
കോൺഫറൻസിന്റെ വൻ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ജെയ്സൺ തോമസ് അറിയിച്ചു.
ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നും ലഭിക്കുന്ന നിറഞ്ഞ സഹകരണവും പങ്കാളിത്തവുമാണ് ഓരോ കോൺഫറൻസിനെയും വിജയത്തിലെത്തിക്കുന്നതെന്ന് ട്രഷറാർ ജോൺ (സജി) താമരവേലിൽ പറഞ്ഞു.
കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച സൗഹൃദങ്ങൾ പുതുക്കുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ അഭിപ്രായപ്പെട്ടു.
ദൈവവചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ഇന്നത്തെ സാഹചര്യത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളികൾ നേരിടുന്നതിനാൽ, ആത്മീയ വളർച്ചയെ ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ ക്രമീകരിക്കുന്നതെന്ന് ജോയിന്റ് ട്രഷറാർ റിംഗിൽ റ്റി. ബിജു കൂട്ടിച്ചേർത്തു.
കലുഷിതമായ ജീവിത സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും ദൈവകേന്ദ്രീകൃതമായി നേരിടാനുള്ള ആത്മധൈര്യവും പ്രചോദനവുമാണ് ഇത്തരം ഒത്തുചേരലുകൾ നൽകുന്നതെന്ന് ജോയിന്റ് സെക്രട്ടറി ആശാ ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിനിധികൾക്കായി സംഘാടക സമിതി പുറപ്പെടുവിച്ച പ്രധാന മാർഗനിർദേശങ്ങൾ:
കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കായി സംഘാടക സമിതി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സെക്രട്ടറി ജെയ്സൺ തോമസ് പങ്കുവെച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
രജിസ്ട്രേഷനും താമസസൗകര്യവും: ഉദ്ഘാടന ദിവസമായ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഹോട്ടലിന്റെ പ്രധാന കവാടത്തിലുള്ള ലാംപീറ്റർ എക്സിബിറ്റ് ഹാളിൽ (Lampeter Exhibit Hall) രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
ഹോട്ടലിൽ എത്തുമ്പോൾ ആദ്യം ലഗേജുകൾ വാഹനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷൻ കൗണ്ടറിലെത്തി കോൺഫറൻസ് മെറ്റീരിയലുകളും റൂം കീയും കൈപ്പറ്റിയ ശേഷം മാത്രം ലഗേജുകൾ മുറികളിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക.
ബുധനാഴ്ചത്തെ പരിപാടികൾ: വൈകുന്നേരം നാലിന് ഡിന്നറോടെ കോൺഫറൻസ് നടപടികൾക്ക് തുടക്കമാകും. തുടർന്ന് 5.30ന് അതത് ചർച്ച് ഏരിയകളുടെ നിശ്ചിത നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഗംഭീരമായ ഉദ്ഘാടന ഘോഷയാത്ര നടക്കും. 6.30ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
വസ്ത്രധാരണവും ഒരുക്കങ്ങളും: സ്പോർട്സ് ദിനത്തിലേക്കായി സൗകര്യപ്രദമായ വസ്ത്രങ്ങളും ഷൂസും കരുതണം. ഹോട്ടലിലെ സ്വിമ്മിംഗ് പൂൾ സൗകര്യം ഉപയോഗിക്കാൻ താത്പര്യമുള്ളവർ നീന്തൽ വസ്ത്രങ്ങൾ കരുതേണ്ടതാണ്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൈയിൽ കരുതണം. വ്യാഴാഴ്ച രാത്രി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോ ഫോർമൽ വസ്ത്രങ്ങളോ ധരിക്കാവുന്നതാണ്.
വിശുദ്ധ കുർബാനയ്ക്കുള്ള പ്രത്യേക വസ്ത്രധാരണം (ശനിയാഴ്ച്ച): വിശുദ്ധ കുർബാനയിൽ പങ്കാളികളാകുന്ന 21 വയസ്സിന് മുകളിലുള്ള വനിതകൾക്ക് കോൺഫറൻസിൽ നിന്നും ഓഫ്-വൈറ്റ് (ക്രീം) സാരികൾ നൽകുന്നതാണ്.
ഇതിനൊപ്പം ധരിക്കാനായി ഗോൾഡ്, ക്രീം, അല്ലെങ്കിൽ മജന്ത നിറത്തിലുള്ള ബ്ലൗസ് പ്രതിനിധികൾ കരുതേണ്ടതാണ്. 21 വയസിന് മുകളിലുള്ള പുരുഷന്മാർക്കായി കോൺഫറൻസിന്റെ പ്രത്യേക മജന്ത ടൈ നൽകുന്നതായിരിക്കും.
കോൺഫറൻസ് സംബന്ധിച്ച തത്സമയ അറിയിപ്പുകൾ "NEAD WhatsApp Community' ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുന്നതാണെന്നും എല്ലാ പ്രതിനിധികൾക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയി: 973 489 6440, ഇമെയിൽ: [email protected], സെക്രട്ടറി: ജെയ്സൺ തോമസ്: 917 612 8832), ട്രഷറർ: ജോൺ (സജി) താമരവേലിൽ: 917 533 3566.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസുകാരി മരിച്ചു. ഹാലൻഡേൽ ബീച്ചിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് കുട്ടിയെ നോക്കാനേൽപ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ആരോപിച്ചു. ബേബിസിറ്റർ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു.
ഇയാൾ കുട്ടിയുമായി കാറിൽ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയി. തുടർന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കുട്ടി അടച്ചിട്ട കാറിനുള്ളിൽ ശ്വാസം മുട്ടിയും കടുത്ത ചൂടേറ്റു കുടുങ്ങിക്കിടക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആർക്കെതിരേയും ഔദ്യോഗികമായി കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നീതി ലഭിക്കണമെന്നും അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു.
NRI
സൗത്ത് കരോലിന: അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖനായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ അദ്ദേഹം വാഷിംഗ്ടണിലും സ്വന്തം സംസ്ഥാനത്തും ദീർഘകാലമായി റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിന്റെ മുൻനിര മുഖമായിരുന്നു.
സെനറ്റ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാനായിരുന്ന ലിൻഡ്സി ഗ്രഹാം, അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി കൂടിയായിരുന്നു. 1994-ൽ ജനപ്രതിനിധി സഭയിലേക്കും 2002-ൽ സെനറ്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള നിർണായക നീക്കങ്ങളിൽ ഗ്രഹാം പ്രധാന പങ്കുവഹിച്ചു. വിദേശനയങ്ങളിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
NRI
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക - ഭക്ഷ്യ മേളകളിലൊന്നായ ടേസ്റ്റ് ഓഫ് ഇന്ത്യ ഫെസ്റ്റിവൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്ക്വയറിൽ നടക്കും.
ഒൻപതാം വാർഷികമായി സംഘടിപ്പിക്കുന്ന ഈ മേള ഇന്ത്യൻ ഭക്ഷണ സംസ്കാരവും പൈതൃകവും കലാപാരമ്പര്യവും കാനഡയിലെ ബഹുസാംസ്കാരിക സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീത-നൃത്ത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദങ്ങൾ, ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളായിരിക്കും.
സ്കൂൾ ഓഫ് ഫ്ലേവേഴ്സും യംഗ് കനേഡിയൻ അലയൻസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
സംഘാടകർ ആയിരക്കണക്കിന് സന്ദർശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.
NRI
ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതിനുള്ള ആരാധനയോടെ അവസാനിക്കും.
ഈ കൺവൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താം കോട്ടയാണ് മുഖ്യ സന്ദേശം നിർവഹിക്കുന്നത്. ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.
ഹിൽവ്യൂ ചർച്ച ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പിന് ബൈബിൾ സ്റ്റഡിയും തുടർന്ന് നടക്കുന്ന ആരാധന 11ന് കൂടി അവസാനിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഉപവാസ പ്രാർഥനകൾ രാവിലെ 10.30ന് ആരംഭിച്ച് 12ന് അവസാനിക്കും.
ഇത് കൂടാതെ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: Hillview Church of God. 4405 Broadway Blvd. Garland Tx.75043. പാസ്റ്റർ മാത്യു വർഗീസ് (ഫോൺ 214 505 3682), രാജു തരകൻ (ഫോൺ 469 274 2926).
NRI
ലാങ്കസ്റ്റർ: ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ഈ മാസം 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്.
വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്റെ ആകർഷണങ്ങളാണ്.
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും.
കോൺഫറൻസ് കോഓർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷററായും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിൽ അരങ്ങേറുന്ന ജോഷ്വ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണവിവരങ്ങൾ താഴെ നൽകുന്നു:
ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്). റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.
ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ... ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.
പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു.
ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും.
ദൈവ ജനത്തിന് യഥാർഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗീയ ദർശനങ്ങളെ ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.
ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.
ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ. മികച്ച പരിശീലനത്തിന്റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക് പങ്ക് ചേരാം.
ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു.
ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.
എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.
ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ്. ആത്മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ! അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.
വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440), [email protected], സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832), ട്രഷറാർ: ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566).
NRI
ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ 634-ാമത് സെഷൻ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രഫ. കോശി തലയ്ക്കൽ (ഫിലഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ആത്മീയ വളർച്ചയ്ക്കും പ്രാർഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്.
"ഞാൻ ആരാണ്?' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്.
എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു.
"എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശ്രേഷ്ഠനാണ്; അവൻ ദൈവപുത്രനാണ്' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയർത്താതെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ വിജയരഹസ്യം.
അതുപോലെ, നാമും "ഞാൻ കർത്താവിന്റെ മകനാണ്, കർത്താവിന്റെ മകളാണ്' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം.
നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളായി ജീവിക്കാൻ ഓരോ വിശ്വാസിയെയും പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നടത്തി.
തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള മേരിക്കുട്ടി കുര്യൻ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. പ്രഫ. കോശി തലയ്ക്കലിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു നേതൃത്വം നൽകി.
സംഘാടകർക്ക് വേണ്ടിയും പങ്കെടുത്തവർക്ക് വേണ്ടിയും ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി ഈ വാരത്തെ പ്രാർഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണിൽ നിന്നും ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനിൽ കാനഡയിൽ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതൻ റവ. ഡോ. ജോൺ മാത്യു മുഖ്യസന്ദേശം നൽകുന്നതായിരിക്കുമെന്ന് ഐപിഎൽ ടീമിന് വേണ്ടി സി.വി. സാമുവൽ അറിയിച്ചു.
NRI
ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ഇന്ത്യയിൽ അന്തരിച്ചു.
ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
MACF-ന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം), മകൾ കാര, പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.
NRI
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) രാമായണ മാസാചരണത്തിന് മുന്നോടിയായി ജൂലൈ 12ന് പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു.
അമേരിക്കൻ സമയം രാവിലെ 11.30നും (EST), ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുക. രാമായണ മാസാചരണത്തിന് മുന്നോടിയായി കെഎച്ച്എൻഎ ചിത്രരാമായണ വെബിനാർ ജൂലൈ 12ന് പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ (സുകുമാർ കാനഡ) തന്റെ "Ramayanam - A Concise Rendering" എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും.
ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം അദ്ദേഹം അവതരിപ്പിക്കും. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച്, കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും എല്ലാ ദിവസവും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതിനായി അൻപതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ആത്മാവും സാരവും നിലനിർത്തിക്കൊണ്ട്, കർക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങൾക്കുള്ളിൽ വായിച്ചുതീർക്കാവുന്ന രീതിയിൽ സംക്ഷിപ്തമായി തയാറാക്കിയ കൃതിയാണ് ഡോ. സുകുമാറിന്റെ ചിത്രരാമായണം.
ലളിതവും വ്യക്തവുമായ ഭാഷയിൽ നിത്യപാരായണത്തിനനുയോജ്യമായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം എല്ലാ പ്രായക്കാരെയും രാമായണ പഠനത്തിലേക്കും ആത്മീയ വായനയിലേക്കും ആകർഷിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇംഗ്ലീഷിലുള്ള "Ramayanam - A Concise Rendering' എന്ന പുസ്തകം ആമസോണിൽ ലഭ്യമാണ്. മലയാളം പതിപ്പ് ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തച്ഛന്റെ രാമായണത്തിന് പകരമല്ല, മറിച്ച് അതിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പഠനസഹായി എന്ന നിലയിലാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും കൂടുതൽ അടുപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കെ.എച്ച്.എൻ.എ ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം വെബിനാറിൽ പങ്കെടുക്കാൻ സംഘടന ക്ഷണിച്ചിട്ടുണ്ട്.
Zoom Meeting ID: 893 5777 6193, Passcode: 649083. കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ പിള്ള - +1 (832) 938-6427.
NRI
ഡാളസ്: ഡാളസിലെ ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും നിരവധി ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ കാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി ചീട്ടുകളി പ്രേമികളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
1999-ൽ ഡെട്രോയിറ്റിൽ ആരംഭിച്ച രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധേയമായ സാംസ്കാരിക-സൗഹൃദ വേദികളിലൊന്നായി വളർന്നിരിക്കുകയാണ്.
വിവിധ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വളർത്തുക, സൗഹൃദം പുതുക്കുകയും ആശയവിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്നിവയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ, സാങ്കേതിക, പ്രാദേശിക കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.56international.com എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനിയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനിയെ (27) വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം.
ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി. സംഭവം നടക്കുമ്പോൾ ഇയാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി.
എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.
വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി.
ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു. അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി.
അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ രുചിയുണ്ടെന്ന് രാജിത പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
NRI
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
NRI
സിയാറ്റിൽ: അമേരിക്കയിലെ ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലമാക്കി കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (കെഎഡബ്ല്യു).
നാലായിരത്തിലധികം മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് സംഘടന വർഷം മുഴുവൻ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്. മലയാളി ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെഎഡബ്ല്യു, കുട്ടികൾക്കായി മലയാളം സ്കൂൾ നടത്തുന്നതിനൊപ്പം ഭാഷാപഠനത്തിനും കേരളീയ പൈതൃക സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു.
ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കുടുംബസംഗമങ്ങൾ, കായിക മത്സരങ്ങൾ, കലാപരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടനയുടെ വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓണസദ്യ, സാംസ്കാരിക വിരുന്നുകൾ, കുടുംബ വിനോദപരിപാടികൾ എന്നിവയിലൂടെ വിവിധ പ്രായക്കാരായ മലയാളികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കാനും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
വിവിധ മേഖലകളിൽ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി കെഎഡബ്ല്യു മുന്നേറുകയാണെന്നും അവർ വ്യക്തമാക്കി.