ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫ്ലോറിഡ: അയ്യപ്പഭക്തർക്ക് ശബരിമല തീർഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും ശബരിമല അയ്യപ്പ സേവാ സമാജവും സംയുക്തമായി ആരംഭിച്ച ഒരു വർഷം നീളുന്ന ശബരി യാത്ര സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീർഥയാത്ര തിങ്കളാഴ്ച സംഘടിപ്പിക്കും.
വർക്കലയിലെ ജനാർദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന യാത്രയിൽ 45 അയ്യപ്പഭക്തർ പങ്കെടുക്കും. യാത്രയ്ക്കാവശ്യമായ വാഹനസൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടെ 45 പേരുടെയും മുഴുവൻ ചെലവും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗവും ഹൂസ്റ്റണിലെ സാമൂഹിക പ്രവർത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തിട്ടുണ്ട്.
ഒരു തീർഥാടകനുപോലും സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല ദർശനത്തിന് തടസമാകരുതെന്ന സേവനസങ്കൽപ്പമാണ് കെഎച്ച്എൻഎ - എസ്എഎസ്എസ് ശബരി യാത്രയുടെ പിന്നിൽ. ഭക്തർക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങൾക്ക് തങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ശബരി യാത്ര വഴിപാടായി സ്പോൺസർ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
നാട്ടിൽ നേരിട്ട് എത്തി സേവനം ചെയ്യാൻ കഴിയാത്ത പ്രവാസി കുടുംബങ്ങൾക്ക് ഒരു ബസ് യാത്രയോ അന്നദാനമോ ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കെഎച്ച്എൻഎയുടെ സാമൂഹിക-ആത്മീയ ദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനമനോഭാവം മാതൃകാപരമാണെന്നും അവരുടെ ഈ വഴിപാട് കൂടുതൽ കുടുംബങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു യാത്രയോടെ അവസാനിക്കുന്ന പദ്ധതിയല്ല ശബരി യാത്ര. ഒരു വർഷം നീളുന്ന സേവന സംരംഭമായി കൂടുതൽ അയ്യപ്പഭക്തർക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്പോൺസർ ചെയ്യാനും ഭക്തർക്കുള്ള ഭക്ഷണച്ചെലവ് ഏറ്റെടുക്കാനും ഒരു യാത്രയുടെ മുഴുവൻ ചെലവും വഴിപാടായി സമർപ്പിക്കാനും പദ്ധതിയിലൂടെ അവസരമുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സുഹൃദ് കൂട്ടായ്മകൾക്കും പദ്ധതിയിൽ പങ്കാളികളാകാമെന്ന് കെഎച്ച്എൻഎ നേതൃത്വം അഭ്യർഥിച്ചു.
കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും രമണി പിള്ളയുടെ സേവനത്തിന് അഭിനന്ദനം അറിയിച്ചു. കൂടുതൽ കുടുംബങ്ങൾ ഈ ഭക്തിസേവന പദ്ധതിയുടെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.
Tags : KHNA SabariYatra Florida USA