NRI
ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയ ചാഡ്വിക് സ്കോട്ട് വില്ലാസിയുടെ (58) വധശിക്ഷ നടപ്പിലാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു നടപടി. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്.
മോഷണം തടയാൻ ശ്രമിച്ച മാർലിസിനെ കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട വില്ലാസി, മരിച്ചവരുടെയും സ്വന്തം കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചു.
ഗവർണർ റോൺ ഡിസാന്റിസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വധശിക്ഷ നടപ്പിലാക്കുന്നതിൽ വലിയ വർധനവാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി രേഖപ്പെടുത്തുന്നത്.
ഈ മാസം 30ന് മറ്റൊരു കുറ്റവാളിയുടെ വധശിക്ഷയും ഫ്ലോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.
International
വാഷിംഗ്ടണ്‍ ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്‍ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല്‍ നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്‍നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്‍നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില്‍ പത്തോടെ പേടകം പസഫിക് സമുദ്രത്തില്‍ തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്‍ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര്‍ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്‍ഡ് യുവര്‍ നെയിം ടു ദി മൂണ്‍ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള്‍ അടങ്ങിയ ഡിജിറ്റല്‍ ആര്‍ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.
International
വാഷിംഗ്ടൺ: ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും, വലിയ രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്ളോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. ശനിയാഴ്ച നടന്ന ഉച്ചകോടിയിൽ ക്യൂബ ഒഴികെയുള്ള അമേരിക്കൻ സഖ്യകക്ഷികൾ പങ്കെടുത്തിരുന്നു.
ക്യൂബയുടെ കാര്യം താൻ നോക്കിക്കൊള്ളാം. അവരുടെ കൈയിൽ പണമില്ല, ഇന്ധനമില്ല. മോശം തത്വശാസ്ത്രമാണ് ക്യൂബയുടേത്. വളരെക്കാലമായി മോശമായി തുടരുന്ന ഒരു മോശം ഭരണകൂടമാണ് അവരുടേത്. ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ വംശജരായ ക്യൂബക്കാർക്ക് വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും അമേരിക്കൻ പ്രസിഡന്റ് സമാന പ്രസ്താവനകൾ നടത്തിയിരുന്നു. ഇറാനുമായുള്ള സംഘർഷം അവസാനിച്ചാൽ തന്റെ ശ്രദ്ധ ക്യൂബയിലായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുഎസ്-ഇസ്രേലി ആക്രമണം തുടങ്ങിയതുമുതൽ ഫ്ലോറിഡയിലെ തന്റെ ക്ലബായ മാർ ആ ലഗോയിലിരുന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാസംഘത്തിനൊപ്പം ഇത് തത്സമയം നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടയിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
പ്രസിഡന്റും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാസംഘവും പതിവായി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു.
NRI
ഫ്ലോറിഡ: ഓൾഡ് ടൗണിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.
ചാർളി ജെല്ലി റോൾ പിന്നർ ജൂണിയർ, ഭാര്യ ലോറി, നാലുമക്കൾ എന്നിവരാണ് മരിച്ചത്. സമീപവാസികൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വീട് പൂർണമായും കത്തി നശിക്കുകയായിരുന്നു.
സംഭവത്തിൽ ഡിക്സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്സും അന്വേഷണം ആരംഭിച്ചു.
NRI
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. സാരാസോട്ട, ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവയ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു വീട്ടിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഫോർട്ട് ലോഡർഡേൽ സ്വദേശിയായ റസ്സൽ കോട്ട് (51) ആണ് വെടിവയ്പ് നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.
സാരാസോട്ടയിൽ മരിച്ചവരിൽ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്ലോറിറ്റ സ്റ്റോലിയർ (66) എന്നിവരും ഉൾപ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഫോർട്ട് ലോഡർഡേലിൽ മരിച്ച സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുൻപ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഇവർക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
NRI
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6.12നാണ് മരണം സ്ഥിരീകരിച്ചത്.
ഗെയ്നെസ്വില്ലിൽ വച്ച് സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിലാണ് റൊണാൾഡ് ഹീത്തിന് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹീത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. 1989ൽ ബിസിനസ് ആവശ്യത്തിനായി ഗെയ്നെസ്വില്ലിലെത്തിയ മൈക്കൽ ഷെറിഡൻ (30) എന്നയാളെ റൊണാൾഡ് ഹീത്തും സഹോദരൻ കെന്നത്തും ചേർന്ന് കൊള്ളയടിക്കുകയും വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
റൊണാൾഡ് ഹീത്തിന്റെ നിർദേശപ്രകാരമാണ് സഹോദരൻ കെന്നത്ത് ഷെറിഡനെ വെടിവച്ചത്. കെന്നത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ, കൊലപാതകത്തിന്റെ സൂത്രധാരനായ റൊണാൾഡിന് വധശിക്ഷ വിധിക്കുകയായിരുന്നു.
ഇതിന് മുൻപും റൊണാൾഡ് ഹീത്ത് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1977ൽ കൗമാരക്കാരനെ കൊലപ്പെടുത്തിയതിന് 30 വർഷം ശിക്ഷ ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ഇയാൾ ജയിൽ മോചിതനായിരുന്നു. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഇയാൾ മൈക്കൽ ഷെറിഡനെ കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് സാക്ഷിയാകാൻ മൈക്കലിന്റെ സഹോദരൻ ടോം ഷെറിഡൺ ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിൽ എത്തിയിരുന്നു. റൊണാൾഡിന് അന്ന് അർഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ തന്റെ സഹോദരൻ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും ടോം പറഞ്ഞു.
NRI
ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ച് വയസുകാരിയായ ക്വാട്ടിഷ കാൻഡി മെയ്കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾ നിറഞ്ഞ ചതുപ്പുനിലത്തിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാൻഡെല്ലെ മെയ്കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോയി. ഷാൻഡെല്ലെയെ ക്രൂരമായി മർദിച്ച് ബോധരഹിതയാക്കി വഴിയരികിൽ ഉപേക്ഷിച്ചു.
പിന്നീട് പെൺകുട്ടിയെ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിൽ ചീങ്കണ്ണികൾ കടിച്ചു കീറിയ നിലയിലുള്ള പാടുകൾ കണ്ടെത്തിയിരുന്നു.
തലയോട്ടിയിൽ ചീങ്കണ്ണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2007ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഫ്ലോറിഡയിലെ നിയമപരിഷ്കാരം അനുസരിച്ച് വധശിക്ഷയ്ക്ക് ജൂറിയുടെ ഏകകണ്ഠമായ തീരുമാനം വേണമെന്ന വന്നതോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു.
പുനർവിചാരണയിൽ ജൂറി വധശിക്ഷ ഒഴിവാക്കി പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ചു. മകളെ നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് കുട്ടിയുടെ അമ്മ കോടതിയിൽ വികാരാധീനയായി സംസാരിച്ചു. പ്രതിക്ക് ഇളവ് നൽകണമെന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് മരണം വരെ തടവ് അനുഭവിക്കാൻ കോടതി ഉത്തരവിട്ടത്.
NRI
ഫ്ലോറിഡ: സിട്രസ് കൗണ്ടിയിൽ വിനോദത്തിനായി കുഴിച്ച മണൽ തുരങ്കം ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർഥികളായ ജോർജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരിച്ചത്.
സ്പോർട്സ്മാൻ പാർക്കിലാണ് സംഭവം. ഏകദേശം അഞ്ച് അടി ആഴമുള്ള കുഴിയെടുത്ത് അതിൽ തുരങ്കം നിർമിക്കുകയായിരുന്നു കുട്ടികൾ. ഈ സമയത്ത് പെട്ടെന്ന് മണൽ ഇടിയുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
സഹോദരങ്ങളെപ്പോലെ വളർന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വിനോദം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് പ്രദേശം.
സമാനമായ അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മണൽത്തിട്ടകളിലും കടൽതീരങ്ങളിലും വലിയ കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻ ഭർത്താക്കന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 51 വയസുകാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻ ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേനയാണ് സൂസൻ ആദ്യ ഭർത്താവിന്റെ വീട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുമ്പ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. മുൻ ഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് "ഏത് ഭർത്താവ്?' എന്ന് ഇവർ തിരിച്ച് ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
NRI
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെഎച്ച്എൻഎയുടെ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റായി സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു. സാങ്കേതിക രംഗത്തെ മികവും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം.
നേരത്തെ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ സെക്രട്ടറിയായി അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ നിർണായക ഘട്ടത്തിൽ അംഗങ്ങളെ ഒന്നിപ്പിക്കാനും സുസ്ഥിരത ഉറപ്പുവരുത്താനും ആ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു.
യുവജനങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സംഘടനയ്ക്ക് സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.
കേരളത്തെ നടുക്കിയ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താനും, ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികൾക്ക് കംപ്യൂട്ടർ ലാബ് സംഭാവന ചെയ്യാനും അദ്ദേഹം മുൻകൈയെടുത്തു.
പത്തനംതിട്ട ആറന്മുള സ്വദേശിയായ പ്രദീപ്, കുവൈത്ത് എയർവേയ്സിലെ റിട്ടയേർഡ് സിവിൽ എൻജിനീയറും എൻഎസ്എസ് ഇടയാറന്മുള മുൻ പ്രസിഡന്റും ശബരി ബാലാശ്രമം രക്ഷാധികാരിയുമായിരുന്ന പരേതനായ എം.എൻ. ബാലകൃഷ്ണ പിള്ളയുടെയും റിട്ടയേർഡ് നഴ്സ് ലീല പിള്ളയുടെയും മകനാണ്.
ഐ.ടി മാനേജരായ സായി ലക്ഷ്മി പ്രദീപ് ആണ് ഭാര്യ. സ്കൂൾ ബാസ്കറ്റ്ബോൾ താരവും കൗണ്ടി റെസ്ലിങ് ചാംപ്യനുമായ സാനിക (12), പാർത്ഥിവ് (7) എന്നിവർ മക്കളാണ്. ഡോക്ടറും ഐ.ടി പ്രഫഷനലുകളുമായ മൂന്ന് സഹോദരങ്ങളുണ്ട്.
ഔദ്യോഗികമായി ഒറാക്കിൾ ഹെൽത്തിൽ പ്രിൻസിപ്പൽ സോഫ്റ്റ്വെയർ എൻജിനീയർ ലീഡായി ജോലി ചെയ്യുന്ന അദ്ദേഹം ജനറേറ്റീവ് എ.ഐ, ക്ലൗഡ് അധിഷ്ഠിത വികസന വിഭാഗങ്ങളുടെ തലവനാണ്. സിട്രിക്സ് സിസ്റ്റംസ്, എ.ഡി.ടി തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഗൂഗിൾ ഡെവലപ്പേഴ്സ് ഗ്രൂപ്പ് ഓഫ് സൗത്ത് ഫ്ലോറിഡയിൽ സജീവ സാന്നിധ്യമാണ്.
ശക്തമായ സാംസ്കാരിക അടിത്തറയിൽ ഊന്നിനിന്ന്, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യുവതലമുറയെ ശാക്തീകരിച്ച് സംഘടനയെ മുന്നോട്ട് നയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദീപ് പിള്ളയുടെ നിയമനത്തെ കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. പ്രദീപിന്റെ സംഘാടക മികവും നൂതന സാങ്കേതിക രംഗത്തെ അറിവും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും പ്രദീപ് പിള്ളയ്ക്ക് ആശംസകൾ നേർന്നു.