പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാൻ അമേരിക്ക തർക്കം തുടരുന്നു. ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പറഞ്ഞതിനു പിന്നാലെ മറുപടിയുമായി അമേരിക്ക രംഗത്തെത്തി. കടലിടുക്ക് നേരത്തെ തന്നെ തുറന്നുകഴിഞ്ഞുവെന്നാണ് അമേരിക്കയുടെ അവകാശവാദം.
ഇതോടെ ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഹോർമുസിലെ മൈനുകൾ നീക്കി അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി പാത തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു.
ഇതാണ് ഇരുരാജ്യങ്ങളുടെയും നിലപാടുകൾ തമ്മിലുള്ള പുതിയ തർക്കത്തിന് വഴിവെച്ചത്. സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിനപ്പുറമുള്ള വിട്ടുവീഴ്ചകൾക്ക് ഇറാനെ സമ്മർദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അതേസമയം നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനഃസ്ഥാപിക്കുകയും ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും തുർക്കിയും നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്. സെപ്റ്റംബർ ഒന്നിന് ഇറാൻ പ്രസിഡന്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണും. ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിൽ റഷ്യയുടെ നിലപാട് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
അന്താരാഷ്ട്ര കപ്പൽപാത തുറന്നെന്ന അമേരിക്കയുടെ അവകാശവാദം എണ്ണവില കുറയ്ക്കാനുള്ള നീക്കം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക ഐക്യത്തിനൊപ്പം നിൽക്കണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയ് ആഹ്വാനം ചെയ്തു.
Tags : Iran Usa Hormuz Conflict MiddleEast