വനിതാ ലോകകപ്പ് ഹോക്കി കിരീടവുമായി അർജന്റീന ടീം.
ആംസ്റ്റൽവീൻ: വനിതാ ലോകകപ്പ് ഹോക്കി കിരീടം അർജന്റീന തിരിച്ചുപിടിച്ചു. ആവേശം നിറഞ്ഞ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നെതർലൻഡ്സിനെ 3-1ന് മറികടന്ന് അർജന്റീന ലോകചാമ്പ്യന്മാരായത്. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയാണ് അർജന്റീനയുടെ വിജയം. 2021 ഒളിമ്പിക്സ് ഫൈനലിലും 2024 ഒളിമ്പിക്സ് സെമിഫൈനലിലും നെതർലൻഡ്സിനോടായിരുന്നു അർജന്റീനയുടെ തോൽവി. 30-ാം മിനിറ്റിൽ യിബ്ബി യാൻസെനിലൂടെ നെതർലൻഡ്സാണ് ആദ്യം മുന്നിലെത്തിയത്.
മികച്ചൊരു പെനാൽറ്റി കോർണർ വലയിലെത്തിച്ച യാൻസെന്റെ ഈ ലോകകപ്പിലെ എട്ടാം ഗോളായിരുന്നു ഇത്. 54-ാം മിനിറ്റിൽ ക്യാപ്റ്റൻ മരിയോ ഗ്രാനറ്റോ അർജന്റീനയെ സമനിലയിലെത്തിച്ചു. എട്ട് പെനാൽറ്റി കോർണറുകൾ പാഴാക്കിയ ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.
ഷൂട്ടൗട്ടിൽ ഗ്രാനറ്റോ, ബ്രഗ്ഗസെർ, കയ്റോ എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ഡിയസിന്റെ കിക്ക് പാഴായി. നെതർലൻഡ്സിനായി വീനിന് മാത്രമാണ് പന്ത് വലയിലെത്തിക്കാനായത്. അർജന്റീനയുടെ മൂന്നാം ലോകകിരീടമാണിത്.
2002, 2010 വർഷങ്ങളിലാണ് അവർ ഇതിനു മുൻപ് ലോകചാമ്പ്യനായത്. ഈ മൂന്ന് തവണയും നെതർലൻഡ്സിനെതാണ് ഫൈനലിൽ അവർ മറികടന്നത്. 2010നുശേഷം കിരീടവഴിയിൽ തിരിച്ചെത്തിയ നെതർലൻഡ്സ് ഹാട്രിക് നേടി. തുടർച്ചയായ നാലാം കിരീടം എന്ന അപൂർവ റിക്കാർഡാണ് ഇക്കുറി അർജന്റീനയുടെ കണക്കുതീർക്കലിന് മുന്നിൽ തകർന്നടിഞ്ഞത്.
2004ലും അവർ ഈ നേട്ടത്തിന് അരികെത്തിയെത്തിയിരുന്നെങ്കിലും അന്ന് ഓസ്ട്രേലിയയാണ് ആ സ്വപ്നം തകർത്തത്. അതേസമയം ഒന്ന് പൂജ്യത്തിന് മുൻ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോൽപിച്ച് ബെൽജിയം വെങ്കല മെഡൽ സ്വന്തമാക്കി.
Tags : Hockey World Cup Argentina Hockey WorldChampions Netherlands Penalty Shootout