ചിരാഗ് പാസ്വാൻ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് ശുദ്ധീകരണം നടത്തിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. സാമൂഹിക സാഹചര്യങ്ങൾ ഇപ്പോഴും മാറാത്തത് സർക്കാരിന് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തെ ബിജെപി-ആർഎസ്എസ് നേതാക്കൾ ന്യായീകരിക്കുന്നതിനിടെയാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. ക്ഷേത്രം ഉൾപ്പെടുന്ന മൈതാനത്ത് കോൺഗ്രസ് പ്രവർത്തകർ മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്നാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
അതേസമയം സംഭവത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ യാതൊരു പങ്കുമില്ലെന്ന് കേന്ദ്രസഹമന്ത്രി അജയ് താംത വ്യക്തമാക്കി. രാംലീല മൈതാനം ഒരു ഹിന്ദു സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണ്. ഖാർഗെയുടെ റാലിക്കിടെ ചിലർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും ഇതിന് പിന്നാലെയാണ് സംഘടന ശുദ്ധീകരണവും ശുചീകരണവും നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലമായതിനാൽ ശുചീകരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും ഭാഗമായി ചടങ്ങ് നടത്താൻ പ്രാദേശിക സംഘടന തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റാണ് ചടങ്ങിന് പിന്നിലെന്നും ബിജെപി ഇത്തരം നടപടികളെ പിന്തുണയ്ക്കുന്നില്ലെന്നും അജയ് താംത കൂട്ടിച്ചേർത്തു.
രാംലീല മൈതാനങ്ങളിൽ രാഷ്ട്രീയ പരിപാടികൾക്കും സമ്മേളനങ്ങൾക്കും ശേഷം പൂജകളും ശുദ്ധീകരണ ചടങ്ങുകളും നടക്കുന്നത് പതിവാണെന്നും താംത ന്യായീകരിച്ചു. സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തുമ്പോഴാണ് എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാന്റെ പ്രതികരണം.
Tags : ChiragPaswan Bjp Nda Congress MallikarjunKharge Uttarakhand