ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
ആലപ്പുഴ: വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. നദികളിലെ ജലസംഭരണ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കൃത്യമായ ഇടവേളകളിൽ മണൽ നീക്കം ഉൾപ്പെടെയുള്ള നടപടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
കേരളത്തിൽ ഇപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള മഴയാണ് ലഭിക്കുന്നത്. ഇതോടെ നദികളിലെ ജലസംഭരണ ശേഷി കുറയുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നദികളിൽനിന്ന് മണൽ നീക്കം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും ഉപരാഷ്ട്രപതി ചോദിച്ചു.
നദികളുടെ ആഴം കൂട്ടരുതെന്ന് വാദിക്കുന്നവരോടും ഇതേ ചോദ്യം ഉന്നയിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസനം തടയരുതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags : C.P.Radhakrishnan VicePresident Alappuzha Flood Prevention River Deepening