ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപമെന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർഥ ഹിന്ദു ആയിരിക്കില്ല. അതല്ല ഹിന്ദുത്വം. നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ സംഘടിപ്പിച്ച വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി(ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. നമ്മൾ എല്ലാവരെയും സംരക്ഷിക്കണം. ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ജീവിച്ചുവരുന്നു. ഭാരതം എല്ലാവർക്കും പാരമ്പര്യമായി അഭയം നൽകുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവിഭാഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Hindu Rashtra Muslims Mohan Bhagwat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash