ക്രിസ് ഗെയ്ൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.
കോട്ടയം: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ എത്തിയ ഗെയ്ൽ നിശ്ചയിച്ചതിലും രണ്ടര മണിക്കൂറോളം വൈകിയാണ് പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.
വൈകിയെത്തിയിട്ടും ഗെയ്ലിനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയ്ലിനെ സ്വീകരിച്ചു.
തുടർന്ന് ചാണ്ടി ഉമ്മൻ തന്നെ വാഹനമോടിച്ച് ഗെയ്ലിനെ പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോയി. ഇവിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഗെയ്ൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്ക് പോയി.
പുതുപ്പള്ളിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും ഗെയ്ൽ സന്ദർശിച്ചു. ആരാധകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരം മടങ്ങിയത്. ഉച്ചയ്ക്ക് 2.10ഓടെ ഗെയ്ൽ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
Tags : ChrisGayle WestIndies CricketLegend Kottayam ChandyOommen