മിന്നൽപ്രളയത്തിൽ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം.
ബെയ്ജിംഗ്: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയദുരന്തത്തിന്റെ യഥാർഥ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുന്നത് തടയാൻ ചൈനീസ് സർക്കാർ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നതായി റിപ്പോർട്ട്.
അതിർത്തിയിലെ ഗൈറോംഗ് പോർട്ടിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതിന്റെയും ആളുകൾ ജീവനുംകൊണ്ട് ഓടുന്നതിന്റെയും ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടെങ്കിലും ചൈനയ്ക്കുള്ളിൽ ഇവ പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ ഒരു ചിത്രം മാത്രമാണ് വാർത്തയിൽ കാണിച്ചത്. കാണാതായവരെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങളോ അതിജീവിച്ചവരുടെ പ്രതികരണങ്ങളോ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല.
പ്രളയബാധിത പ്രദേശങ്ങളിൽ വലിയതോതിലുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ലീ ക്യാംഗ് സ്ഥലം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഭരണത്തിനെതിരേ ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാകാതിരിക്കാനും രാജ്യത്തെ ക്രമസമാധാനം നിലനിർത്താനുമാണ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ദുരന്തത്തിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവിടണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൈനയോട് ആവശ്യപ്പെട്ടു.
അതിനിടെ ദുരന്തമേഖലയില്‍ വീണ്ടും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണു ആശങ്ക. എന്നാൽ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്ന് നേപ്പാളിനും ചൈനയ്ക്കും ഇടയില്‍ രൂപപ്പെട്ട നദിയുടെ വലിപ്പം കുറയുന്നതായി ചൈനീസ് അധികൃതര്‍ അറിയിച്ചത് ആശ്വാസവാർത്തയായി. നദിയിലെ ജലം ഒഴുകിപ്പോകുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്നും ചൈന സ്ഥിരീകരിച്ചു.
നാശനഷ്ടങ്ങളുടെ ഏകദേശ കണക്കുകളുടെ അടിസ്ഥാനത്തിൽ നേപ്പാളിന്റെ പുനരുദ്ധാരണത്തിന് അഞ്ചു ബില്യണ്‍ യുഎസ് ഡോളർ (ഏകദേശം 47,714 കോടിരൂപ) ചെലവഴിക്കേണ്ടിവരുമെന്ന് ധനമന്ത്രി സ്വര്‍ണിം വാഗ്ലെ പറഞ്ഞു.
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളില്ല
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളിൽ ഇടമില്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ അധികൃതർ തീരുമാനിച്ചു.
ടണൽ രക്ഷാപ്രവർത്തനങ്ങൾക്കും മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ഫ്രീസറുകൾക്കുമായി നേപ്പാൾ വിദേശ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 287 ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൂടാതെ 128 ഇന്ത്യൻ വംശജരെ കാണാനില്ലെന്നും 88 ഇന്ത്യക്കാരെ ഇതുവരെ രക്ഷിച്ചതായും ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനീസ് അതിർത്തിയിൽ കുടുങ്ങിയ 120 ഇന്ത്യക്കാർ നേപ്പാളിലേക്കു കടന്നതായും സർക്കാർ അറിയിച്ചു. ഇവരെ ഉൾപ്പെടെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ സാമ്പിൾ പരിശോധനകളിൽ സഹായിക്കുന്നതിനായി ഇന്ത്യയിൽനിന്നുള്ള ആറംഗ ഫോറൻസിക് സംഘം ഇന്നലെ നേപ്പാളിലെത്തി.
ദുരന്തബാധിത മേഖലയിലെ തുരങ്ക രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സാങ്കേതികസംഘം വെള്ളിയാഴ്ച കാഠ്മണ്ഡുവിലെത്തി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇവരുടെ നിർദേശപ്രകാരം അത്യാധുനിക ഉപകരണങ്ങളുള്ള പ്രത്യേക തുരങ്കരക്ഷാസേന ഇന്നലെ എത്തിച്ചേർന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.
Tags : FloodDisaster: Conceals Details ChineseGoverment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NepalFloods