പ്രതീകാത്മക ചിത്രം
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് തെളിവെടുപ്പിനായി പോലീസ്കസ്റ്റഡിയിൽ വിട്ടുനൽകിയില്ല.
പകരം കുട്ടികളെ ചോദ്യം ചെയ്യാൻ മാത്രമാണ് അന്വേഷണസംഘത്തിന് അനുമതി നൽകിയത്. ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ മൂവരെയും ഇന്നലെ വൈകുന്നേരം 4.45 വരെ ചോദ്യം ചെയ്ത ശേഷം തിരികെ ബോർഡിൽ ഹാജരാക്കി.
കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതിനെ പ്രതിഭാഗം അഭിഭാഷകൻ ബോർഡിൽ ശക്തമായി എതിർത്തു. തുടർന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിന് മാത്രം ബോർഡ് അനുമതി നൽകിയത്.
എന്നാൽ അനുവദിച്ചുകിട്ടിയ തുച്ഛമായ സമയംകൊണ്ട് കുട്ടികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനും ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കാനുമായി കുട്ടികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച വീണ്ടും ബോർഡിന് അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ചയായിരിക്കും ബോർഡിന്റെ പരിഗണനയ്ക്ക് വരിക.
പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ തുടർനടപടികളും ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും പോലീസ് രഹസ്യമായാണ് സൂക്ഷിക്കുന്നത്. സിനിമകളെ അനുസ്മരിപ്പിക്കും വിധം ഒത്തുപറഞ്ഞ മൊഴികൾ നൽകിയത് മുൻകൂട്ടിയുള്ള ആസൂത്രണമാണെന്ന നിഗമനത്തിലാണ് പോലീസ്.
കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണാ ഘട്ടത്തിലാകും മാനസിക വിലയിരുത്തൽ നടക്കുക. ഇതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡ് നേരിട്ട് വിദഗ്ധ സമിതിയെ നിയോഗിക്കും.
കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ നിലവിൽ ചോദ്യം ചെയ്യലിനായി വിട്ടിട്ടില്ല. ആൺകുട്ടികളുടെ നടപടികൾ പൂർത്തിയായ ശേഷമേ പെൺകുട്ടിയുടെ കാര്യത്തിലേക്ക് കടക്കൂ.
Tags : KaruwattaMurder Custody NotGranted Teenagers Questioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash