പിടിച്ചെടുത്ത പണം
കാഠ്മണ്ഡു: പ്രളയത്തിൽ ഒലിച്ചുവന്ന ബാങ്ക് സേഫ് തുറന്ന് പണം അപഹരിച്ച 29 പേരെ നേപ്പാളി പോലീസ് അറസ്റ്റ് ചെയ്തു. ത്രിശൂലി നദിയിലൂടെയാണ് സേഫ് ഒഴുകിവന്നത്. ബോതെകോശിയിലെ റസൂവയിലും പിന്നീട് ഗാൽച്ചിയിലും സേഫ് ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്.
പ്രദേശവാസികൾ സേഫ് തുറന്ന് പണമെടുത്തതായി പോലീസിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് 29 പേരെ അറസ്റ്റ് ചെയ്തു. 92.68 ലക്ഷം നേപ്പാളി രൂപ ഇവരിൽനിന്ന് കണ്ടെടുത്തു.
സേഫ് വന്നത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല. കൂടുതൽ പേർ പണം എടുത്തിരിക്കാം എന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ കാതുകളിൽനിന്ന് സ്വർണ കമ്മൽ അപഹരിച്ച രണ്ടു പേർ അറസ്റ്റിലായി. നാരാണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്ന് ആഭരണം മോഷ്ടിക്കുന്നതിന്‍റെ വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
Tags : Nepal Flood Flood Nepal-Tibet Flood Looting