ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ പ്രധാന തിരുനാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടെയും കലാ-സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കും.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാളിന്റെ പ്രസുദേന്തിമാരാകും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6.45ന് കൊടിയേറ്റവും ലദീഞ്ഞും തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
ഹൂസ്റ്റൺ സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ കാർമികത്വം വഹിക്കും. ഡാളസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും.
ശനിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും ഏഴിന് ലദീഞ്ഞും ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും നടക്കും. പേർലാൻഡ് സെന്റ് മേരീസ് ചർച്ച് വികാരി റവ.ഫാ. ഡായി കുന്നത്ത് കാർമികത്വം വഹിക്കും. രാത്രി എട്ടിന് നൊവേന, ജപമാല പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 7.30ന് വിശുദ്ധ കുർബാനയും 9.30ന് ആഘോഷമായ റാസ കുർബാനയും അർപ്പിക്കും. സാൻ ആന്റോണിയോ ക്നാനായ കത്തോലിക്കാ പള്ളിവികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് മുഖ്യകാർമികനാകും.
റവ. ഫാ. അനീഷ് പുല്ലുകാട്ട് തിരുനാൾ സന്ദേശം നൽകും. രാവിലെ 11.45-ന് ആഘോഷമായ പ്രദക്ഷിണവും ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും 12.45ന് ലേലവും നടക്കും.
തിരുനാളിനോടനുബന്ധിച്ച് എച്ച്കെസിഎസ് കമ്യൂണിറ്റി സെന്ററിൽ ഇടവക സംഘടനകൾ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക വിനോദപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിങ്കളാഴ്ച മരിച്ചവരുടെ അനുസ്മരണ പ്രാർഥന നടത്തും.
വികാരി ഫാ. എബ്രഹാം മുത്തോലത്ത്, സഹവികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ സജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പിൽ, നിധിൻ ജിജോ തോമസ് വട്ടമറ്റത്തിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ റെജി എസ്ജെസി എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു.
തിരുനാൾ തിരുക്കർമങ്ങളിലും അനുബന്ധ പരിപാടികളിലും പങ്കുചേരാൻ ഏവരെയും ഇടവക നേതൃത്വം ക്ഷണിച്ചു.
Tags : Houston St.MarysChurch MainFeast USA NRINews