ഡോണൾഡ് ടസ്ക്
വാഴ്സോ: പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കിനെയും രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെയും വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി തന്നെയാണ് എക്സിലൂടെ വിവരം പുറത്തുവിട്ടത്.
പൊലിസിന്റെ ദ്രുതഗതിയിലുള്ളതും നിര്‍ണായകവുമായ നടപടികളെ അദ്ദേഹം പ്രശംസിച്ചു. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സ്കൂളുകളിലെ അക്രമ പരമ്പരയും ആശങ്കയും
രാജ്യത്ത് തുടര്‍ച്ചയായി സ്കൂളുകളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് പോളണ്ട് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ രാജ്യത്തെ വിവിധ സ്കൂളുകളില്‍ ഉണ്ടായ മൂന്ന് കത്തിക്കുത്ത് ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിക്കുന്ന അക്രമങ്ങളുടെ അനുകരണങ്ങളും യുവതലമുറയെ സ്വാധീനിക്കുന്ന "നിഹിലിസ്റ്റിക് വയലന്‍സും' ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാര്യമെന്ന് ടസ്ക് വ്യക്തമാക്കി.
റഷ്യയുടെ ഭാഗത്തുനിന്നുള്ള ഹൈബ്രിഡ് ആക്രമണ ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഉണ്ടായ ഈ സംഭവങ്ങള്‍ പോളണ്ടിനെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Tags : Poland DonaldTusk PolishPrimeMinister AssassinationAttempt Arrest