ഫിൻലൻഡ് പതാക
ഹെല്‍സിങ്കി: തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട ഫിന്‍ലന്‍ഡില്‍ ആശങ്കയുടെ കാറ്റ് വീശുന്നു. കടുത്ത തണുപ്പുകാലത്തോടൊപ്പം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികള്‍ക്കും രാജ്യം തയാറെടുക്കുകയാണ്.
അടുത്ത ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സര്‍ക്കാര്‍ സേവനങ്ങളിലും ആനുകൂല്യങ്ങളിലും പെന്‍ഷനുകളിലും ഏത് മേഖലയിലാണ് വലിയ വെട്ടിക്കുറവുകള്‍ വരുത്തേണ്ടത് എന്ന ചര്‍ച്ചകളിലാണ് ഭരണകൂടം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഫിന്‍ലന്‍ഡ്, കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും വലിയ തോതിലുള്ള കടബാധ്യതകളെയും തുടര്‍ന്ന് കടുത്ത ശൈത്യത്തിലേക്ക് നീങ്ങുമ്പോള്‍ പല അവ്യക്തതകളും പുറത്തുവരികയാണ്.
1990-കളില്‍ ബാങ്കിംഗ് തകര്‍ച്ചയും പ്രധാന കയറ്റുമതി പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയന്റെ പതര്‍ച്ചയും സൃഷ്ടിച്ച "ഗ്രേറ്റ് ഡിപ്രഷന്' ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലാണ് നിലവില്‍ ഫിന്‍ലന്‍ഡിന്റെ കടവും കമ്മിയും.
കോവിഡ് മഹാമാരിക്ക് ശേഷം ഫിന്‍ലന്‍ഡിന്റെ ദേശീയ കടം ജിഡിപിയുടെ 90.3 ശതമാനമായി ഉയര്‍ന്നു. പാന്‍ഡെമിക്കിന് മുമ്പ് ഇത് 65 ശതമാനമായിരുന്നു.
പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍
പ്രതിരോധ ചെലവ് വര്‍ധനവ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം നാറ്റോയില്‍ ചേര്‍ന്ന ഫിന്‍ലന്‍ഡ് പ്രതിരോധ ചെലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അമേരിക്കയില്‍ നിന്ന് 64 എഫ്35എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 8.4 ബില്ല്യണ്‍ യൂറോയുടെ കരാറിലാണ് രാജ്യം ഒപ്പുവച്ചത്.
പ്രതിരോധ ബജറ്റ് ജിഡിപിയുടെ 3.2 ശതമാനമായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഊര്‍ജ്ജ പ്രതിസന്ധി: റഷ്യയെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന ഫിന്‍ലന്‍ഡിന്, പുതിയ വിതരണക്കാരെ കണ്ടെത്തിയപ്പോള്‍ ചെലവ് കുത്തനെ ഉയര്‍ന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റവും രാജ്യത്തിന് സാമ്പത്തിക ആഘാതമായി.
യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദം: ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ താഴെ കമ്മി നിലനിര്‍ത്തണമെന്ന ഇയു ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഫിന്‍ലന്‍ഡ് പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യൂറോപ്യന്‍ കൗണ്‍സില്‍ അടിയന്തര നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.
2028 അവസാനത്തോടെ ലക്ഷ്യത്തിലെത്താനാണ് യൂറോപ്യന്‍ യൂണിയന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍
വരുന്ന വര്‍ഷങ്ങളില്‍ എട്ട് മുതല്‍ 11 ബില്യണ്‍ യൂറോ വരെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നാണ് ബാങ്ക് ഓഫ് ഫിന്‍ലന്‍ഡിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി പെറ്റേരി ഒര്പോയുടെ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കാതെ ആരോഗ്യ, സാമൂഹിക സംരക്ഷണ, പെന്ഷന് മേഖലകളില്‍ നിന്ന് ഒമ്പത് ബില്യണ്‍ യൂറോയുടെ കുറവ് വരുത്താനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍, ഇത് രാജ്യത്തെ പൊതുമേഖലാ തൊഴിലാളികളെയും തൊഴിലില്ലായ്മ നിരക്കിനെയും പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഫിന്‍ലന്‍ഡിലെ തൊഴിലില്ലായ്മാ നിരക്ക് നിലവില്‍ 10.3 ശതമാനവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 23.3 ശതമാനവുമാണ്.
എന്നിരുന്നാലും, മെറ്റല്‍, ഷിപ്പ് ബില്‍ഡിംഗ് തുടങ്ങിയ കയറ്റുമതി മേഖലകളിലെ മികച്ച വളര്‍ച്ച രാജ്യത്തിന് ചെറിയൊരു ആശ്വാസമാകുന്നുണ്ട്.
Tags : Finland BudgetCuts HappiestCountry NRINews